80 ശതമാനം ചാർജ് ആവാൻ 45 മിനുട്ട് മാത്രം ; റേഞ്ച് 543 കിലോമീറ്റർ; ഇലക്ട്രിക് കാർ വിപണിയിലെ ടൊയോട്ടയുടെ കളി വേറെ ലെവൽ
ആദ്യ ഇലക്ട്രിക് കാറായി ഇന്ത്യൻ വിപണിയിൽ എത്തുന്ന അർബൻ ക്രൂയിസർ ഇബല്ലെയുടെ ഫീച്ചേഴ്സും പെർഫോമൻസും വേറെ ലെവലാവുമെന്ന സൂചനായാണ് കമ്പനി നൽകുന്നത്

- Published:
31 March 2026 12:19 PM IST

മുംബൈ: വിശ്വാസ്യതയുടെ നേർ പര്യായമായാണ് കാർ ആരാധകർ ടൊയോട്ടയെ കാണുന്നത്. പെർഫോമൻസും ബിൽട്ട് ക്വാളിറ്റിയും സമാസമം ചേർന്നാൽ അത് ടൊയോട്ടയായി എന്നാണ് വണ്ടിപ്രാന്തൻമാർക്കിടയിലെ സംസാരം. കുറ്റം പറയരുതല്ലോ, ടൊയോട്ട ആ വിശ്വാസ്യതക്ക് ഇത് വരെ കോട്ടവും വരുത്തിയിട്ടില്ല. ക്വാളിസും ഇന്നോവയും ഫോർച്യൂണറും ഉൾപ്പടെ നിരവധി ജനപ്രിയ വാഹനങ്ങളാണ് ഈ ജപ്പാൻ കാർ നിർമാതാക്കളുടെ പേരും പെരുമയും വാനോളമുയർത്തിയത്.
ടൊയോട്ടയിൽ നിന്ന് ആദ്യത്തെ ഇലക്ട്രിക് വാഹനം വരുന്നു എന്ന് പറഞ്ഞാൽ പ്രതീക്ഷയുടെ അളവും വർധിക്കും. ആ പ്രതീക്ഷ തെല്ലും കോട്ടമുണ്ടാക്കാത്ത പ്രഖ്യാപനമാണ് ടൊയോട്ട നടത്തിയിരിക്കുന്നത്. ആദ്യ ഇലക്ട്രിക് കാറായി ഇന്ത്യൻ വിപണിയിൽ എത്തുന്ന അർബൻ ക്രൂയിസർ ഇബല്ലെയുടെ ഫീച്ചേഴ്സും പെർഫോമൻസും വേറെ ലെവലാവുമെന്ന സൂചനായാണ് കമ്പനി നൽകിയിരിക്കുന്നത്. 45 മിനുട്ട് കൊണ്ട് 80 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും. എസി ചാർജിംഗും ഡിസി പവർ ചാർജിങ് മോഡും ഉള്ള ഇബെല്ലയിൽ 543 കിലോ മീറ്ററിന്റെ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക് കാർ വിപണിയിൽ ഇബല്ലെ ഒരു ഗെയിം ചേഞ്ചർ ആയിരിക്കുമെന്നാണ് വാഹന ലോകത്തെ വിദഗ്ധരുടെ അഭിപ്രായം.
മാരുതി സുസുക്കി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറായ 'ഇ വിറ്റാര' അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ടൊയോട്ടയും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തങ്ങളുടെ ഇലക്ട്രിക് കരുത്ത് തെളിയിക്കാന്‍ ഒരുങ്ങുന്നത്. ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള ആഗോള സഖ്യത്തിന്റെ ഭാഗമായി വികസിപ്പിച്ച ഹാര്‍ടെക്റ്റ് ഇ സ്‌കേറ്റ്‌ബോര്‍ഡ് ഇലക്ട്രിക് പ്ലാറ്റ്‌ഫോമിലാണ് ഇബെല്ലയും നിര്‍മിക്കുന്നത്. ഗുജറാത്തിലെ മാരുതി പ്ലാൻ്റിൽ നിന്ന് തന്നെയാണ് ഇബെല്ലയും ഒരുങ്ങുന്നത്.
49 kWh, 61 kWh എന്നി ബാറ്ററി ഓപ്ഷനുകളിലാണ് അർബൻ ക്രൂയിസർ ഇബല്ലെ വരുന്നത്. പനോരമിക് സണ്‍റൂഫ്, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ പ്രീമിയം ജെബിഎല്‍ സൗണ്ട് സിസ്റ്റവും ഇബല്ലെക്ക് ഉണ്ട്. സൗകര്യത്തിലും റേഞ്ചിലും മാത്രമല്ല സുരക്ഷയിലും കോപ്രമൈസ് ചെയ്തിട്ടില്ല. ഏഴ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നിവയും യാത്രക്കാരുടെ സുരക്ഷയ്ക്കായി ടൊയോട്ട ഇബെല്ലയിൽ ഒരുക്കിയിട്ടുണ്ട്. 17 ലക്ഷം രൂപയാണ് ഇബെല്ലയുടെ പ്രതീക്ഷിക്കുന്ന പ്രാരംഭ എക്സ് ഷോ റൂം വില.
Adjust Story Font
16
