Quantcast

ഫോർഡ് മടങ്ങി, ടെസ്‌ല വരുന്നു; പോയവർഷത്തെ വാഹന വിശേഷങ്ങൾ

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ വിറങ്ങലിച്ചു നിന്ന ശേഷം പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനകൾ കൂടി കഴിഞ്ഞ വർഷം കാണിച്ചു തന്നു. ഉയിർപ്പുകളും വീഴ്ചകളുമുണ്ടായി.

MediaOne Logo

Nidhin

  • Updated:

    2022-01-01 13:34:49.0

Published:

31 Dec 2021 4:13 PM GMT

ഫോർഡ് മടങ്ങി, ടെസ്‌ല വരുന്നു; പോയവർഷത്തെ വാഹന വിശേഷങ്ങൾ
X

സാങ്കേതിക വിദ്യയുടെ ചുവടുപിടിച്ച് പുതിയ നിരത്തുകളിലേക്ക് വാഹനങ്ങൾ സഞ്ചരിച്ച വർഷമാണ് 2021. പരമ്പരാഗത ഇന്ധനങ്ങൾക്ക് പകരം ഇലക്ട്രിക് ഊർജം മേഖലയെ ഇനിയും അട്ടിമറിക്കാനിരിക്കുന്നതേയുള്ളൂ. അതിന്റെ സൂചനകൾ വന്നു കഴിഞ്ഞു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ വിറങ്ങലിച്ചു നിന്ന ശേഷം പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനകൾ കൂടി കഴിഞ്ഞ വർഷം കാണിച്ചു തന്നു. ഉയിർപ്പുകളും വീഴ്ചകളുമുണ്ടായി. പ്രധാന വിശേഷങ്ങൾ.




ചിപ്പ്/ സെമി കണ്ടക്ടർ ക്ഷാമം


കഴിഞ്ഞ വർഷം, കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ രണ്ടു വർഷമായി ലോകത്താകമാനം വാഹനവിപണിയെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിയാണ് സെമി കണ്ടക്ടറകളുടെ അല്ലെങ്കിൽ ചിപ്പുകളുടെ ക്ഷാമം. പോയ വർഷവും ഈ പ്രതിസന്ധി തുടർന്നു. ഏറ്റവും വലിയ ചിപ്പ് നിർമാതാക്കളായ ചൈന വാഹനനിർമാണത്തിന് ചിപ്പുകൾ നൽകുന്നതും കുറച്ചതും കോവിഡുമാണ് ഈ പ്രതിസന്ധിക്ക് പ്രധാനകാരണം. ഇതിനെ തുടർന്ന് മിക്കവാറും എല്ലാ കമ്പനികളും തങ്ങളുടെ ഉത്പാദനം പകുതിയോളം കുറച്ചിരുന്നു. ഇത് പിന്നീട് വാഹനങ്ങളുടെ ലഭ്യതയും ബാധിച്ചു. നിലവിൽ ഇന്ത്യയിൽ തന്നെ ചിപ്പ് നിർമാണം നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഫോർഡിന്റെ പിൻമാറ്റം


അമേരിക്കൻ ഭീമൻമാരായ ഫോർഡിന്റെ ഇന്ത്യൻ നിരത്തിൽ നിന്നുള്ള പിൻമാറ്റമാണ് പോയവർഷത്തെ ഏറ്റവും വലിയ വീഴ്ച. കഴിഞ്ഞ സെപ്റ്റംബറിലാണ് ഫോർഡ് ഇന്ത്യവിടാനുള്ള തീരുമാനം അവർ എടുക്കുന്നത്. അടുത്ത വർഷം പകുതിയോടെ പിൻമാറ്റം പൂർണമാകും. വൻ പ്രവർത്തനനഷ്ടമാണ് ഫോർഡിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ ഇന്ത്യ വിട്ട വിദേശ വാഹന നിർമാണ കമ്പനികളിൽ അവസാനകണ്ണിയാണ് ഫോർഡ്. ഇന്ത്യ വിട്ടാലും സർവീസ് സേവനങ്ങൾ തുടരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഇ.വിയിലേക്കുള്ള മാറ്റം


പെട്രോൾ, ഡീസൽ കാറുകളിൽ നിന്ന് ഇ.വി യുഗത്തിലേക്കുള്ള മാറ്റത്തിന്റെ വേഗം കൂട്ടിയ വർഷമാണ് കടന്നുപോയത്. പരിസ്ഥിതി സൗഹൃദം, ശബ്ദത്തിലെ കുറവ് അങ്ങനെ പല കാരണങ്ങളും ഇതിന് പിന്നിലുണ്ടെങ്കിലും ഏറ്റവും പ്രധാനകാരണം ഇന്ധനവിലയിലുണ്ടായ വർധനയാണ്. അത് കൂടാതെ ആദ്യ തലമുറ ഇവി വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി പെട്രോൾ വാഹനങ്ങൾക്ക് ഒപ്പം നിൽക്കുന്ന പവറും കൂടിയ റേഞ്ചും പുതിയ ഇവി വാഹനങ്ങൾക്ക് നൽകിയതോടെ കൂടുതൽ നഗരയാത്രക്കാർ ഇവിയിലേക്ക് മാറി. അതുകൂടാതെ 10 ലക്ഷത്തിനടുത്ത് വില വരുന്ന ബഡ്ജറ്റ് ഇ.വി കാർ (ടിയാഗോ) ടാറ്റ പുറത്തിറക്കി. ഇതോടെ സാധാരണക്കാർക്കും ഇവി വാങ്ങാൻ സാധിക്കുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നുണ്ട്.

അഡാസ് സാധാരണകാറുകളിലേക്കും


അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (അഡാസ്-ADAS) പ്രീമിയം കാറുകളിൽ നിന്ന് ഇറങ്ങി വന്ന് സാധാരണക്കാർക്ക് കൂടി ലഭ്യമാകുന്ന രീതിയിലേക്ക് വന്ന കാലഘട്ടമാണ് കഴിഞ്ഞുപോയത്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, അഡാപ്റ്റീവ് എമർജൻസി ബ്രേക്കിങ്, ലെയ്ൻ ചേഞ്ച് ഇൻഡിക്കേറ്റർ, ഡ്രൈവർ അറ്റൻഷൻ ഇൻഡിക്കേറ്റർ അങ്ങനെ വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ സുരക്ഷ നൽകുന്ന സംവിധാനമായ അഡാസിന്റെ വരവ് റോഡ് സുരക്ഷ കൂട്ടാൻ സഹായിക്കും. എംജിയുടെ ഏറ്റവും പുതിയ എസ്.യു.വിയായ ആസ്റ്ററിൽ അഡാസ് ലെവൽ 2വാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതു കൂടാതെ മഹീന്ദ്രയുടെ നിലവിലെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയായ എക്‌സ്യുവി 700 ലും അഡാസ് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്.

ടെസ്ലയുടെ വരവ്


ഇന്ത്യക്കാർ കുറേനാളുകളായി കാത്തിരിക്കുന്ന ടെസ്ലയുടെ ഇന്ത്യൻ വരവിൽ പ്രതീക്ഷ നൽകുന്ന സംഭവങ്ങൾ നടന്ന വർഷമാണ് 2021. പോയ വർഷമാദ്യം ജനുവരിയിൽ ടെസ്ല ബാംഗ്ലൂരിൽ ഓഫീസ് തുറന്നിരുന്നു. 2021 ൽ തന്നെ ആദ്യ ടെസ്ല് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും സാങ്കേതികമായ കാര്യങ്ങളിൽ തട്ടി 2022 ലേക്ക് നീങ്ങുകയായിരുന്നു.

മൈലേജിലുണ്ടാകുന്ന വർധനവ്


പെട്രോൾ വില 100 കടന്നതോടെ വാഹന നിർമാതാക്കളെല്ലാം ഇന്ധനക്ഷമതയ്ക്ക് കൂടുതൽ പരിഗണന നൽകാൻ തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇന്ത്യയിലെ ഏറ്റവും മൈലേജ് കൂടിയ പെട്രോൾ കാർ എന്ന പേരിൽ മാരുതി സെലേറിയോ അവതരിപ്പിച്ചത്. 26 കിലോമീറ്ററിന് മുകളിലാണ് മാരുതി പുതിയ സെലേറിയോക്ക് മൈലേജ് അവകാശപ്പെടുന്നത്. എല്ലാ വാഹന നിർമാണ കമ്പനികളും ബൈക്കുകളെ പിന്തുടർന്ന് ഓട്ടോ സ്റ്റാർട്ട് സ്റ്റോപ്പ് കൊണ്ടുവന്നതും മൈലേജ് കൂട്ടുന്നതിന്റെ ഭാഗമായിരുന്നു. അതു കൂടാതെ ഇരുചക്രവാഹന മേഖലയിൽ സിടി 100 പോലെയുള്ള ബൈക്കുകളുടെ തിരിച്ചുവരവിനും ഇതാണ് കാരണം.

പുതിയ വാഹന പൊളിക്കൽ നയം


വാഹനമേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു തീരുമാനത്തിനും കഴിഞ്ഞ വർഷം സാക്ഷ്യം വഹിച്ചു. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിച്ചു കളയാനുള്ള തീരുമാനമാണത്. അടുത്ത വർഷം ഏപ്രിലിലായിരിക്കും ഈ നിയമം പ്രാബല്യത്തിൽ വരുക. 15 വർഷം കാലാവധി നൽകിയിരിക്കുന്നത് സ്വകാര്യ വാഹനങ്ങൾക്കാണ്. വാണിജ്യ വാഹനങ്ങൾക്ക് ഇത് പത്തു വർഷമാണ്. അതേസമയം പ്രസ്തുത കാലയളവിന് ശേഷം വാഹനങ്ങൾ ഫിറ്റ്‌നെസ് ടെസ്റ്റിന് വിധേയമാക്കണം. അതിൽ പാസായാൽ വാഹനം അഞ്ചു വർഷം കൂടി ഉപയോഗിക്കാം. പിന്നീട് വീണ്ടും ഫിറ്റ്‌നെസ് ടെസ്റ്റിന് വിധേയമാകണം. പക്ഷേ ഏതെങ്കിലും പ്രാവശ്യം പരാജയപ്പെട്ടാൽ വാഹനം പൊളിക്കേണ്ടി വരും.

നൂറു കടന്ന ഇന്ധനവില


ഇന്ത്യയിലെ ഇന്ധനവില അതിന്റെ സർവ സീമകളും കടന്ന വർഷമാണ് കടന്നുപോയത്. 104 നടുത്താണ് ഇപ്പോൾ കേരളത്തിലെ പെട്രോൾ വില. രാജ്യത്തെ എല്ലാ മേഖലയേയും ഈ വർധനവ് ബാധിച്ചെങ്കിലും വാഹനമോടിക്കുന്നവരെ കുറിച്ച് ഇന്ധനം പൊള്ളുന്ന വർഷമായിരുന്നു ഇത്. കേന്ദ്ര സർക്കാർ ഏർപ്പെടുത്തുന്ന വൻ നികുതിയാണ് പെട്രോളും ഡീസലും സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറമാക്കിയത്.

TAGS :

Next Story