Quantcast

മലേഷ്യന്‍ ഓപ്പണ്‍: ഇന്ത്യന്‍ പ്രതീക്ഷയായി ശ്രീകാന്ത് ക്വാര്‍ട്ടറില്‍; സിന്ധു പുറത്ത്

പി.വി.സിന്ധു രണ്ടാം റൗണ്ടിൽ കെറിയൻ താരം സൂങ് ജി ഹ്യുനോട് പരാജയപ്പെട്ടു

MediaOne Logo

Election Fellow

  • Published:

    5 April 2019 9:22 AM GMT

മലേഷ്യന്‍ ഓപ്പണ്‍: ഇന്ത്യന്‍ പ്രതീക്ഷയായി ശ്രീകാന്ത് ക്വാര്‍ട്ടറില്‍; സിന്ധു പുറത്ത്
X

ക്വാലാലംപൂരില്‍ വെച്ച് നടക്കുന്ന മലേഷ്യന്‍ ഓപ്പണ്‍ ബി.ഡബ്ലു.എഫ്. വേള്‍ഡ് ടൂര്‍ സൂപ്പര്‍ 750 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍. തായ്‌ലന്റ് താരത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് 21-11, 21-15നായിരുന്നു എട്ടാം സീഡ് ശ്രീകാന്ത് തോല്‍പ്പിച്ചത്. അതേസമയം വനിതാവിഭാഗത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന പി.വി.സിന്ധു രണ്ടാം റൗണ്ടില്‍ കൊറിയന്‍ താരം സൂങ് ജി ഹ്യുനോട് പരാജയപ്പെട്ടു.

32 മിനുറ്റ് മാത്രമാണ് ശ്രീകാന്തിന്റെ രണ്ടാം റൗണ്ട് മത്സരം നീണ്ടു നിന്നത്. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ 6-2ന്റെ ലീഡ് നേടിയ ശ്രീകാന്ത് 21-11ന് ആദ്യ ഗെയിം സ്വന്തമാക്കുകയായിരുന്നു. രണ്ടാം ഗെയിമിലും ഇതേ ഫോം ശ്രീകാന്ത് തുടര്‍ന്നതോടെ 21-15ന് രണ്ടാംഗെയിമും നേടി. ക്വാര്‍ട്ടറില്‍ നാലാം സീഡ് ചൈനീസ് താരം ചെന്‍ ലോങാണ് ശ്രീകാന്തിന്റെ എതിരാളി. ഒളിംപിക് ചാമ്പ്യനായ ചെന്‍ ലോങിനെ അവസാനത്തെ ഏറ്റുമുട്ടലില്‍ ആസ്‌ട്രേലിയന്‍ ഓപണില്‍ വെച്ച് തോല്‍പ്പിച്ചത് 26കാരനായ ശ്രീകാന്തിന്റെ ആത്മവീര്യം ഉയര്‍ത്തുന്നതാണ്.

രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കൊറിയയുടെ സുങ് ജി ഹ്യുനോട് പി.വി സിന്ധു തോല്‍ക്കുന്നത്. ആദ്യ ഗെയിമില്‍ ഒരുഘട്ടത്തില്‍ 13-10ന് മുന്നിട്ട ശേഷമാണ് സിന്ധു 18-21ന് പരാജയപ്പെട്ടത്. അതേസമയം സിന്ധുവിനെതിരെ രണ്ടാം ഗെയിം 21-7ന് തികച്ചും ഏകപക്ഷീയമായാണ് സുങ് ജയിച്ചത്.

ഡബിള്‍സില്‍ ഇന്ത്യയുടെ പ്രണാവ് ജെറി ചോപ്ര എന്‍. സിക്കി റെഡി സഖ്യത്തിനും വിജയിക്കാനായില്ല. 56 മിനുറ്റ് നീണ്ട മൂന്ന് ഗെയിം പോരാട്ടത്തില്‍ 21-15, 17-21, 13-21നായിരുന്നു ഇന്ത്യന്‍ സഖ്യം മലേഷ്യയുടെ ടാന്‍ കിയാന്‍ മെങ്് - ലെയ് പെയ് ജിങ് സഖ്യത്തോട് തോറ്റത്.

TAGS :

Next Story