Quantcast

‘അമ്മ’ - നാടകാവിഷ്കാരവുമായി ബഹ് റൈൻ പ്രതിഭ

പ്രവാസികളുടെ മറ്റൊരു കലാസ്യഷ്ടി അരങ്ങിലേക്ക്

MediaOne Logo

Siraj Pallikkara

  • Published:

    18 May 2019 3:29 PM IST

‘അമ്മ’ - നാടകാവിഷ്കാരവുമായി ബഹ് റൈൻ പ്രതിഭ
X

സംഘാടക സമിതി യോഗം പി ശ്രീജിത്ത് യോഗം ഉദ്ഘാടനം ചെയ്യുന്നു.

മാക്‌സിം ഗോര്‍ക്കിയുടെ 'അമ്മ' എന്ന വിശ്വപ്രസിദ്ധ കൃതിയുടെ സ്വതന്ത്ര നാടകാവിഷ്‌കാരം ബഹ് റൈൻ പ്രതിഭ അരങ്ങിലെത്തിക്കുന്നു. ജൂണ്‍ 14 വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണി ക്ക് ബഹ്‌റൈന്‍ കേരളീയ സമാജം ഹാളിലാണ് 'അമ്മ ' അരങ്ങേറുക. 'പ്രതിഭ' പ്രവാസികൾക്കിടയിൽ അവതരിപ്പിക്കുന്ന പതിനാലാമത് നാടകമാണിത്. 1986 ല്‍ കെ .എസ്. നമ്പൂതിരിയുടെ, 'പതനം' അരങ്ങിലെത്തിച്ചാണ് ബഹ് റൈനിലെ നാടക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഭ തുടക്കം കുറിച്ചത്. തുടര്‍ന്ന് യന്ത്രപ്പാവ, മേടപ്പത്ത്, രാജസഭ, കരിങ്കുരങ്ങ്, ട്രൂത്ത് ഇന്ത്യ ടി വി ചാനല്‍, നമ്മളൊന്ന്, ഒരു വാക്കിനും അപ്പുറം തുടങ്ങി പതിമൂന്ന് നാടകങ്ങള്‍ സംഘടന ബഹ് റൈനിൽ അവതരിപ്പിച്ചു . ചെറുകാടിന്റെ 'നമ്മളൊന്നി'ന് രംഗാവിഷ്കാരം നൽകി സാഹിത്യ കൃതികളെ അടിസ്ഥാനമാക്കിയുള്ള നാടകങ്ങൾക്ക് രൂപം നൽകാനും സംഘടന മുൻകയ്യെടുത്തു. സുപ്രസിദ്ധ റഷ്യന്‍ സാഹിത്യകാരന്‍ ദസ്‌തയോവിസ്‌കിയുടെ ജീവിതത്തെയും സാഹിത്യ കൃതികളെയും ആസ്പദമാക്കി അവതരിപ്പിച്ച ' ഒരു വാക്കിനും അപ്പുറം' എന്ന നാടകം ബഹ് റൈനിൽ കലാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സംഘടന നടത്തി വന്ന ഈ നാടകപ്രവർത്തനങ്ങളുടെ തുടർച്ചയായാണ് 'അമ്മ' യുടെ സ്വതന്ത്ര ആവിഷ്‌കാരം പ്രവാസികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. പ്രമുഖ നാടക പ്രവര്‍ത്തകൻ സാം കുട്ടി പട്ടങ്കരി ആണ് 'അമ്മ'യുടെ രചന നിർവഹിക്കുന്നത്. പി എന്‍ മോഹന്‍രാജിൻ്റെതാണ് സംവിധാനം. അരങ്ങിലും അണിയറയിലും പരിപൂര്‍ണമായി ‘പ്രതിഭ’ അംഗങ്ങള്‍ മാത്രം പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ കലാവിഷ്കാരത്തിനുണ്ട്. സംഘാടക സമിതി രൂപീകരണ യോഗത്തിൽ പ്രസിഡന്റ് മഹേഷ് മൊറാഴ അധ്യക്ഷത വഹിച്ചു. പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.

Next Story