സോപാനം വാദ്യ കലാ സംഘം പത്താം വാർഷികവും വാദ്യസംഗമവും നവംബർ 8, 9 തിയ്യതികളിൽ
മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ നടൻ ജയറാം എന്നിവർ മുഖ്യാതിഥികളാകും

ബഹ്റൈനിൽ സോപാനം വാദ്യ കലാ സംഘം പത്താം വാർഷികവും വാദ്യസംഗമവും നവംബർ 8, 9 തിയ്യതികളിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, സിനിമാതാരം ജയറാം എന്നിവർ മുഖ്യാതിഥികളായി എത്തും. സ്റ്റാർ വിഷൻ ഇവന്റിന്റെ ബാനറിൽ വിപുലമായ പരിപാടികളോടെ
ബഹ് റൈൻ ഈസാ ടൗണിലെ ഇൻഡ്യൻ സ്കൂൾ കാമ്പസിലാണ് വാദ്യസംഗമം ഒരുക്കുന്നത്. രണ്ടുദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ പാണ്ടിമേളം, പഞ്ചാരിമേളം, പഞ്ചവാദ്യം, കേളി, സോപാനസംഗീതം എന്നിവ ഒരുക്കും. അപൂർവ്വമായി മാത്രം അവതരിപ്പിക്കപ്പെടുന്ന ഇരട്ടപ്പന്തി പഞ്ചാരി മേളം വാദ്യസംഗമത്തിന് മാറ്റ് കൂട്ടും. സോപാനത്തിൽ മേളം അഭ്യസിച്ച നാല്പതു വിദ്യാർത്ഥികളുടെ അരങ്ങേറ്റവും നടക്കും. പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ ശ്രീ. രാജേഷ് ചേർത്തല അവതരിപ്പിക്കുന്ന സംഗീത സമന്വയവും, 100 സംഗീത വിദ്യാർത്ഥികളും 100 നൃത്ത വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന പ്രത്യേക സംഗീത-നൃത്ത ശില്പവും ആഘോഷ പരിപാടികൾക്ക് മാറ്റു കൂട്ടും. ലോകപ്രശസ്ത വാദ്യകലാകാരന്മാർക്കൊപ്പം രണ്ടുദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിൽ കേരളത്തിൽ നിന്നെത്തുന്ന 30 ൽ പരം കലാകാരന്മാരും ബഹ്റൈൻ പ്രവാസികളായ മുന്നൂറിൽ പരം മേളകലാകാരന്മാരും അരങ്ങിലെത്തും. രണ്ടു ദിവസങ്ങളിലായി ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ മേളകലാ പരിപാടിക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സോപാനം ഗുരു സന്തോഷ് കൈലാസ്, രക്ഷാധികാരി അനിൽ മാരാർ,സഹരക്ഷാധികാരി ബാലഗോപാൽ എന്നിവർക്കൊപ്പം ഷൈൻ രാജ്, മനു മോഹനൻ, ജോഷി ഗുരുവായൂർ വിനീഷ് സോപാനം എന്നിവർ പങ്കെടുത്തു.
Adjust Story Font
16

