Quantcast

ബഹ്റൈനില്‍ കൊറോണ ബാധിതരുടെ എണ്ണം എട്ടായി

മുൻകരുതൽ നടപടിയുടെ ഭാഗമായി ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ നിന്നും രാജ്യത്തേക്കുള്ള എല്ലാ വിമാന സർവീസുകളും ബഹ്റൈൻ 48 മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു.

MediaOne Logo

Web Desk

  • Published:

    25 Feb 2020 2:25 PM IST

ബഹ്റൈനില്‍ കൊറോണ ബാധിതരുടെ എണ്ണം എട്ടായി
X

ബഹ് റൈനിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം എട്ടായി. ആരോഗ്യമന്ത്രാലയം ആറുപേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെയാണിത്. പുതുതായി വൈറസ് ബാധ കണ്ടെത്തിയ ആറു പേരിൽ രണ്ട് പേർ ബഹ്റൈൻ പൗരന്മാരും നാലു പേർ രാജ്യത്തെത്തിയ സൗദി പൗരന്മാരുമാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ നിന്നും രാജ്യത്തേക്കുള്ള എല്ലാ വിമാന സർവീസുകളും ബഹ്റൈൻ 48 മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു.

ആദ്യമായി രോഗബാധയുണ്ടെന്ന് കണ്ടെത്തിയ സ്വദേശി പൗരനെ ചികിൽസക്കായി ഇബ്രാഹിം ഖലീൽ കാനൂ കമ്യൂണിറ്റി മെഡിക്കൽ സെൻററിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഈ മാസം 21നാണ് ഇദ്ദേഹം ഇറാനിൽ നിന്ന് ദുബൈ വഴി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. വിമാനത്തിൽ കൂടെ യാത്രയിലുണ്ടായിരുന്ന എല്ലാവരോടും പരിശോധനക്ക് വിധേയരാകണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

സ്കൂൾ ബസ് ഡ്രൈവറായ ഇദ്ദേഹം കഴിഞ്ഞ ദിവസം രണ്ട് സ്കൂളുകളിലും ഒരു കിൻറർഗാർട്ടനിലും കുട്ടികളെ എത്തിച്ചിരുന്നു. ഇബ്ൻ അൽ നഫീസ് പ്രൈമറി സ്കൂൾ ഫോർ ബോയ്സ്, സിത്ര പ്രൈമറി സ്കൂൾ ഫോർ ഗേൾസ് എന്നീ സ്കൂളുകളിലും അൽ ഖമർ കിൻഡർഗാർട്ടനിലുമാണ് ഇയാൾ കുട്ടികളെ എത്തിച്ചത്. സ്കൂൾ ബസിൽ സഞ്ചരിച്ച മുഴുവൻ കുട്ടികളെയും ആരോഗ്യ മന്ത്രാലയം പരിശോധനക്ക് വിധേയരാക്കി. മുൻകരുതൽ എന്ന നിലയിൽ ഈ സ്കൂളുകളും കിൻറർഗാർട്ടനും രണ്ടാഴ്ചത്തേക്ക് അടച്ചിടാനും നിർദേശിച്ചിട്ടുണ്ട്.

വൈറസ് ബാധയേറ്റ ആളുമായി സമ്പർക്കമുണ്ടായിരുന്നവരെയെല്ലാം കണ്ടെത്തിയതായും ഇവരെല്ലാം 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ പാർപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പരിഭ്രാന്തരാകേണ്ട സാഹചര്യം രാജ്യത്തില്ലെന്നും കടുത്ത പനി, ചുമ, ശ്വാസ തടസ്സം എന്നിവ നേരിട്ടാൽ 444 എന്ന നമ്പറിൽ വിളിച്ച് വൈദ്യ സഹായം തേടണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

TAGS :

Next Story