വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ പിന്തുടരാൻ ബഹ്റൈനിൽ ഇലക്ട്രോണിക് കൈവള
നിരീക്ഷണത്തിലുള്ള ആൾ ഫോണിന്റെ 15 മീറ്റർ പരിധിക്ക് പുറത്ത് പോയാൽ മോണിറ്ററിങ് സ്റ്റേഷനിൽ വിവരം ലഭിക്കുന്ന രീതിയിലാണ് മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ച കൈവള പ്രവർത്തിക്കുക.

സ്വയം നിരീക്ഷണത്തിലുള്ളവരെ പിന്തുടരാൻ പുതിയ സാങ്കേതിക വിദ്യയുമായി ബഹ്റൈൻ. നിരീക്ഷണത്തിലുള്ള ആൾ ഫോണിന്റെ 15 മീറ്റർ പരിധിക്ക് പുറത്ത് പോയാൽ മോണിറ്ററിങ് സ്റ്റേഷനിൽ വിവരം ലഭിക്കുന്ന രീതിയിലാണ് മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ച കൈവള പ്രവർത്തിക്കുക. സ്വയം നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികൾ കൈവള ധരിക്കണമെന്ന് അധികൃതരുടെ നിർദേശം. നിയമം ലംഘിക്കുന്നവർക്ക് മൂന്ന് മാസത്തിൽ കുറയാത്ത തടവും 1000 ദിനാർ മുതൽ 10000 ദിനാർ വരെ പിഴയുമാണ് ശിക്ഷ.
രോഗികളുടെ സമ്പർക്ക ശൃംഗല കണ്ടെത്തുന്നതിന് രാജ്യത്ത് സർക്കാർ അവതരിപ്പിച്ച ‘be aware’ മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചാണ് സ്മാർട്ട് കൈവള പ്രവർത്തിക്കുന്നത്. സ്മാർട്ട് ബ്രേസ്‍ലെറ്റ് ചാർജ് ചെയ്ത് സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു. പുറമേ, ലൊക്കേഷൻ, ബ്ലൂടൂത്ത്, ജി.പി.എസ്, ഇന്റർനെറ്റ് എന്നിവ ഓൺ ആക്കുകയും വേണം. ഐ ഫോൺ ഉപയോഗിക്കുന്നവർ ‘allow location access’ ‘ഓൾവെയ്സ്’ എന്ന് സെറ്റ് ചെയ്യണം. സ്വയം നിരീക്ഷത്തിൽ ഉള്ളവർ തങ്ങളുടെ സ്ഥലം അടയാളപ്പെടുത്തണം. ‘set home location’ തെരഞ്ഞെടുത്താണ് ഇത് ചെയ്യേണ്ടത്.
444 എന്ന നമ്പറിൽ വിളിച്ച് ലൊക്കേഷൻ വിവരം തിരുത്താവുന്നതാണ്. ചില സമയങ്ങളിൽ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ ഫോട്ടോ അയച്ചുകൊടുക്കാൻ സന്ദേശം അയക്കും. അപ്പോൾ, മുഖവും ബ്രേസ്‍ലെറ്റും വ്യക്തമായി കാണാൻ കഴിയുന്ന ഫോട്ടോ അയക്കണം. ബ്രേസ്‍ലെറ്റ് തകരാറിലാക്കാൻ ശ്രമിക്കുന്നത് കുറ്റകരമാണ്.
സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ തങ്ങളുടെ നിരീക്ഷണ കാലാവധി കഴിയുന്നതിന് മൂന്ന് ദിവസം മുമ്പ് 444 എന്ന നമ്പറിൽ വിളിച്ചോ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റ് വഴിയോ കോവിഡ് -19 ടെസ്റ്റ് ഷെഡ്യൂൾ ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Adjust Story Font
16

