Quantcast

ബഹ്റൈനിൽ പൊതു മാപ്പ് പ്രഖ്യാപിച്ചു; അനധികൃത തൊഴിലാളികൾക്ക്​ സുവർണാവസരം

വർക്ക്​ പെർമിറ്റിന്റെ കാലാവധി കഴിയുകയോ റദ്ദാക്കപ്പെടുകയോ ചെയ്തവർക്കും സ്പോൺസറുടെ അടുത്ത്​ നിന്ന്​ മുങ്ങി നടക്കുന്നവർക്കും രേഖകൾ ശരിയാക്കാനുള്ള അവസരമാണിത്​.

MediaOne Logo

  • Published:

    10 April 2020 7:00 PM IST

ബഹ്റൈനിൽ പൊതു മാപ്പ് പ്രഖ്യാപിച്ചു; അനധികൃത തൊഴിലാളികൾക്ക്​ സുവർണാവസരം
X

ബഹ്റൈനിൽ അനധികൃതമായി തങ്ങുന്ന പ്രവാസി തൊഴിലാളികൾക്ക്​ സുവർണ്ണാവസരമായി പൊതുമാപ്പ്​. രേഖകൾ ശരിയാക്കി ഇവിടെ തന്നെ ജോലി ചെയ്യാനോ പിഴ അടക്കാതെ നാട്ടിലേക്ക്​ തിരിച്ചുപോകാനോ ഇതുവഴി അവസരം ലഭിക്കും. ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ആണ്​ പൊതുമാപ്പ്​ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്​. വർക്ക്​ പെർമിറ്റിന്റെ കാലാവധി കഴിയുകയോ റദ്ദാക്കപ്പെടുകയോ ചെയ്തവർക്കും സ്പോൺസറുടെ അടുത്ത്​ നിന്ന്​ മുങ്ങി നടക്കുന്നവർക്കും രേഖകൾ ശരിയാക്കാനുള്ള അവസരമാണിത്​.

ഏപ്രിൽ ആദ്യം പ്രാബല്യത്തിൽവന്ന പദ്ധതി ഈ വർഷം അവസാനം വരെ തുടരും. മുൻകാലങ്ങളിൽ പ്രഖ്യാപിച്ച പൊതുമാപ്പിന്​ തുല്യമായ നടപടിയാണിതെന്ന്​ എൽ.എം.ആർ.എ ചീഫ്​ എക്സിക്യൂട്ടീവ്​ ഉസാമ അബ്ദുല്ല അൽ അബ്​സി ഗൾഫ്​ മാധ്യമത്തോട്​ പറഞ്ഞു. നിലവിൽ കോടതിയിൽ കേസുള്ളവർ പൊതുമാപ്പിന്റെ പരിധിയിൽ വരില്ല. സന്ദർശക വിസയിലെത്തി കാലാവധിക്കുശേഷവും രാജ്യത്ത്​ തങ്ങിയവർക്കും യാത്രാ നിരോധനം നേരിടുന്നവർക്കും പൊതുമാപ്പിന്​ അപേക്ഷിക്കാൻ കഴിയില്ല. രേഖകൾ ശരിയാക്കി ബഹ്റൈനിൽതന്നെ തുടർന്നും ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്​ പിഴ അടക്കാതെ ഇതിന്​ അവസരം ലഭിക്കും. നാട്ടിലേക്ക്​ തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവർക്കും പിഴ അടക്കേണ്ടതില്ല. രാജ്യത്ത്​ രേഖകളില്ലാതെ തങ്ങുന്നവർക്കുള്ള ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന്​ എൽ.എം.ആർ.എ അറിയിച്ചു.

ബഹ്റൈനിൽ 2015 ൽ പ്രഖ്യാപിച്ച പൊതുമാപ്പ്​ 42019 അനധികൃത തൊഴിലാളികളാണ്​ പ്രയോജനപ്പെടുത്തിയത്​. ഇവരിൽ 76 ശതമാനവും (31,894 പേർ) രേഖകൾ ശരിയാക്കി ബഹ്റൈനിൽ തന്നെ തുടരാനാണ്​ താൽപര്യപ്പെട്ടത്​. 24 ശതമാനം (10,125) തൊഴിലാളികൾ നാട്ടിലേക്ക്​ തിരിച്ച്​ പോകാനാണ്​ ഇഷ്ടപ്പെട്ടത്​. ബംഗ്ലാദേശ്​, ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണ്​ ആറ്​ മാസക്കാലത്തെ പൊതുമാപ്പിന്റെ ആനുകൂല്യം മുഖ്യമായും പ്രയോജനപ്പെടുത്തിയത്​. കോവിഡ്​ -19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിമാസ വർക്ക്​ ഫീസ്​ ഈടാക്കുന്നത്​ മൂന്ന്​ മാസത്തേക്ക്​ നിർത്തിവെക്കുന്നതായി എൽ.എം.ആർ.എ നേരത്തെ അറിയിച്ചിരുന്നു. പുതിയ വർക്ക്​ പെർമിറ്റുകൾ അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസും ഏപ്രിൽ ഒന്ന്​ മുതൽ മൂന്ന്​ മാസത്തേക്ക്​ നിർത്തിയിട്ടുണ്ട്​. വ്യാപാര മേഖലയെയും തൊഴിലാളികളെയും സഹായിക്കാൻ സർക്കാർ കൊണ്ടുവന്ന സാമ്പത്തിക പാക്കേജിന്റെ തുടർച്ചയായാണ്​ നടപടി.

TAGS :

Next Story