ഈ ഇരുളും മാഞ്ഞ് പോകും: ഓൺലൈൻ സംവേദനവുമായി ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ
സംവേദനങ്ങൾ ഓൺലൈനിൽ

കോവിഡ് രോഗബാധയുടെയും സാമൂഹിക നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇത്തവണത്തെ റമദാൻ കാലമെത്തിയത് . പ്രവാസി കൂട്ടായ്മകൾക്ക് ഒത്തുകൂടലിൻ്റെയും സ്നേഹം പങ്കുവെക്കലിൻ്റെയും വേദികളായിരുന്ന ഇഫ്താർ സംഗമങ്ങളും ഈ വർഷം ഇല്ലാതായി.
റമദാനിൻ്റെ സന്ദേശം പകരുന്ന കൊച്ചു പ്രഭാഷണങ്ങളും ഇഫ്താർ സംഗമങ്ങളുടെ ഭാഗമായിരുന്നു. ഇതിന് പകരം ഇത്തവണ ഗൾഫിലെ പല കൂട്ടായ്മകളും റമദാൻ അനുഭവങ്ങൾ പങ്കുവെക്കാൻ ഓൺലൈൻ വേദികളാണൊരുക്കുന്നത്. മുൻ കൂട്ടി നിശ്ചയിച്ച സമയക്രമത്തിൽ ഓരോ ദിവസവും ഓൺലൈൻ പ്രഭാഷണങ്ങൾ സംഘടിപ്പിക്കുകയും സമൂഹത്തിലെ നാനാതുറകളിലുള്ളവരെ ഇതിൻ്റെ ഭാഗഭാക്കാക്കുകയും ചെയ്യുന്ന രീതിയാണ് ഇതിന് അവലംബിക്കുന്നത്.
ബഹ് റൈനിൽ ഫ്രൻ്റസ് സോഷ്യൽ അസോസിയേഷൻ റമദാൻ നാളുകളിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ സംവേദനത്തിന് ' റമദാൻ നിലാവ് പൊഴിക്കും; ഈ ഇരുളും മാഞ്ഞു പോകും' എന്നാണ് പേര് നൽകിയിരിക്കുന്നത്. ഗൾഫിൽ നിന്നും നാട്ടിൽ നിന്നുമുള്ള പ്രഭാഷകർ എല്ലാ ദിവസവും വൈകീട്ട് പരിപാടിയിൽ ഓൺലൈൻ സംവേദനം നടത്തുന്നു. മൈത്രി സോഷ്യൽ അസോസിയേഷൻ, ഫ്രൻ്റ്സ് ഓഫ് ബഹ് റൈൻ തുടങ്ങി വിവിധ കൂട്ടായ്മകളും ഈ റമദാൻ കാലത്ത് സ്നേഹ സന്ദേശങ്ങൾ നൽകാൻ ഓൺലൈൻ സംവേദനങ്ങളിലേക്ക് ചുവട് മാറി.
Adjust Story Font
16

