പ്രവാസി യാത്രാ പ്രശ്നം; ബഹ്റൈൻ പാർലമെൻ്റ് അംഗവുമായി സോഷ്യൽ വെൽഫയർ അസോസിയേഷൻ കൂടിക്കാഴ്ച നടത്തി
മന്ത്രിയുമായും ഗൾഫ് എയർ ബോർഡ് പ്രതിനിധികളുമായും സംസാരിക്കാമെന്ന് പാർലിമെൻ്റ് അംഗം അഹ്മദ് യൂസഫ് അബ്ദുൽ ഖാദർ മുഹമ്മദ് അൻസാരി ഉറപ്പുനൽകി

ഇന്ത്യയിൽ നിന്നും ബഹറൈനിലേക്ക് വരേണ്ട പ്രവാസികൾക്ക് മതിയായ യാത്ര സൗകര്യം ഇല്ലാത്തതും എയർടിക്കറ്റിന് അമിതമായ യാത്ര നിരക്ക് നൽകേണ്ടി വരുന്നതും അടക്കമുള്ള യാത്രാപ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തി ബഹ്റൈൻ പാർലമെന്റ് അംഗം അഹ്മദ് യൂസഫ് അബ്ദുൽ ഖാദർ മുഹമ്മദ് അൻസാരിയുമായി സോഷ്യൽ വെൽഫെയർ അസോസിയേഷൻ കൂടിക്കാഴ്ച നടത്തി.
പ്രവാസികൾ അഭിമുഖീകരിക്കുന്ന യാത്രാ പ്രശ്നങ്ങൾ നാട്ടിലെയും ബഹ്റൈനിലെയും അധിക്യതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള സോഷ്യൽ വെൽഫെയർ അസോസിയേഷൻ എക്സിക്യട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച.
യാത്ര വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്നും ബന്ധപ്പെട്ട മന്ത്രിയുമായും ഗൾഫ് എയർ ബോർഡ് പ്രതിനിധികളുമായും സംസാരിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. നാട്ടിൽ നിന്നും ബഹ്റൈനിലേക്കുള്ള ഡിസംബർ വരെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പൂർണ്ണമായും വിറ്റഴിയുകയും നിലവിൽ മറ്റ് സാദ്ധ്യതകൾ ഇല്ലാതിരിക്കുകയോ ഉള്ളവ സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറം ഉള്ള യാത്ര കൂലി ഈടാക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ബന്ധപ്പെട്ട അധികാരികളെ കാണാൻ തീരുമാനിച്ചത്.
സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ, വൈസ് പ്രസിഡന്റ് മുഹമ്മദലി മലപ്പുറം, വെൽകെയർ കൺവീനർ അബ്ദുൽ മജീദ് തണൽ, എക്സിക്യട്ടീവ് അംഗം ഫസൽ റഹ്മാൻ പൊന്നാനി എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Adjust Story Font
16

