ബഹ്റൈനിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ സർവീസുമായി എമിറേറ്റ്സും ഫ്ലൈദുബൈയും
കേരളത്തിൽ നിന്ന് ബഹ്റൈനിലേക്കുള്ള ഉയർന്ന ടിക്കറ്റ് നിരക്ക് കാരണം വലഞ്ഞ പ്രവാസികൾക്ക് ആശ്വാസമായി എമിറേറ്റ്സിന്‍റെയും ഫ്ലൈ ദുബൈയുടെയും സർവീസുകൾ

കേരളത്തിൽ നിന്ന് ബഹ്റൈനിലേക്കുള്ള ഉയർന്ന ടിക്കറ്റ് നിരക്ക് കാരണം വലഞ്ഞ പ്രവാസികൾക്ക് ആശ്വാസമായി എമിറേറ്റ്സിന്‍റെയും ഫ്ലൈ ദുബൈയുടെയും സർവീസുകൾ. ദുബൈ വഴിയുള്ള രണ്ട് സർവീസുകളും കുറഞ്ഞ യാത്രാനിരക്കിൽ ബഹ്റൈനിലെത്താൻ അവസരമൊരുക്കുന്നു.
കേരളത്തിൽ നിന്ന് ബഹ്റൈനിലേക്ക് എമിറേറ്റ്സിന് പിറകെ ഫ്ലൈ ദുബൈയും സർവീസുകൾ ആരംഭിച്ചതാണ് പ്രവാസികൾക്ക് ആശ്വാസമായത്. ദുബൈ വഴിയുള്ള കണക്ഷൻ ഫ്ളൈറ്റിൽ കുറഞ്ഞ ചെലവിൽ ബഹ്റൈനിലെത്താൻ ഇനി സാധിക്കും. അര ലക്ഷം രൂപയോ അതിലധികമോ കൊടുത്ത് ബഹ്റൈനിലേക്ക് എയർ ടിക്കറ്റെടുക്കേണ്ടി വരുന്ന വിഷമഘട്ടത്തിൽ നിന്നാണ് മോചനം ലഭിക്കുന്നത്.
100 മുതൽ 125 ദീനാർ വരെയാണ് യാത്രാനിരക്ക് ദുബൈയിലേക്ക് വിസിറ്റ് വിസയോ ട്രാൻസിറ്റ് വിസയോ എടുക്കാതെ തന്നെ നേരിട്ട് ബഹ്റൈനിലേക്കെത്താൻ കുറഞ്ഞ ചെലവിൽ ടിക്കറ്റ് എടുക്കാമെന്ന സൗകര്യം എമിറേറ്റ്സ് സർവീസിലുണ്ട്. എന്നാൽ ഫ്ലൈ ദുബൈ സർവീസിൽ ദുബൈയിലേക്ക് ട്രാൻസിറ്റ് അല്ലെങ്കിൽ വിസിറ്റ് വിസ ഉണ്ടായിരിക്കണം.
തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും സർവീസുകളുണ്ട്. വരും ആഴ്ചകളിൽ കൂടുതൽ സർവീസുകളുണ്ടാകുമെന്നാണ് സൂചന. ഈ വിമാനങ്ങളിൽ ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ 96 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തി റിസൽട്ട് കയ്യിൽ കരുതണമെന്ന വ്യവസ്ഥയാണുള്ളത്. കോവിഡ് കാലത്ത് ബഹ്റൈനിലേക്ക് തിരിച്ചെത്താൻ യാത്രാനിരക്ക് വർധന മൂലം വിഷമസന്ധിയിലായ പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുകയാണ് ഇരു സർവീസുകളും.
Adjust Story Font
16

