Quantcast

മ്യാന്‍മറിലെ പട്ടാള നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഉപരോധമെന്ന് അമേരിക്ക; അപലപിച്ച് ഐക്യരാഷ്ട്രസഭയും ബ്രിട്ടണും

മ്യാന്‍മറില്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ്സാന്‍ സൂചിയെ തടങ്കലിലാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സൈന്യത്തിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം

MediaOne Logo

  • Published:

    2 Feb 2021 6:22 AM IST

മ്യാന്‍മറിലെ പട്ടാള നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഉപരോധമെന്ന് അമേരിക്ക; അപലപിച്ച് ഐക്യരാഷ്ട്രസഭയും ബ്രിട്ടണും
X

മ്യാന്‍മറില്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ്സാന്‍ സൂചിയെ തടങ്കലിലാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സൈന്യത്തിന്‍റെ നടപടിയില്‍ വ്യാപക പ്രതിഷേധം. നടപടിയില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ മ്യാന്‍മറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. സൈനിക നടപടിയെ ബ്രിട്ടണും ഐക്യരാഷ്ട്ര സഭയും അപലപിച്ചു.

മ്യാന്‍മര്‍ സൈന്യത്തിന് നേരെ ഭീഷണി മുഴക്കിയും ഓങ്സാന്‍ സൂചിക്കും രാജ്യത്തെ ജനതക്കും പിന്തുണ അറിയിച്ചുമായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ പ്രതികരണം. നടപടിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ മ്യാന്‍മറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ജോ ബൈഡന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. മ്യാന്‍മര്‍ സൈന്യത്തിന്‍റെ നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്ത് വരണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. മ്യാന്‍മര്‍ ജനതയുടെ കൂടെയാണ് അമേരിക്ക. മ്യാന്‍മറില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ മറ്റു രാജ്യങ്ങള്‍ക്കൊപ്പം ശ്രമം നടത്തുമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.

അതേസമയം സൈനിക നടപടിക്കെതിരെ പ്രതിഷേധിക്കണമെന്ന് സൂചി അണികളോട് ആവശ്യപ്പെട്ടു. സൂചിക്കൊപ്പം രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരും സൈന്യത്തിന്‍റെ കസ്റ്റഡിയിലാണ്. ചില മന്ത്രിമാരെ കൂടി കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ ഔദ്യോഗിക റേഡിയോ സംപ്രേഷണം നിര്‍ത്തിവെച്ചിരിക്കുകയാണ്. തലസ്ഥാനത്ത് ഇന്റർനെറ്റ് സേവനവും വിച്ഛേദിച്ചു.

നവംബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പ് അട്ടിമറിയാണെന്ന് ആരോപിച്ചാണ് സൈന്യത്തിന്‍റെ അട്ടിമറി. നവംബർ എട്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ 83 ശതമാനം വോട്ട് നേടിയാണ് ഔങ് സാന്‍ സൂചിയുടെ പാർട്ടി അധികാരത്തിലെത്തുന്നത്. 2011 ല്‍ സൈനിക ഭരണത്തില്‍ നിന്ന് മോചിതമായ ശേഷം നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പായിരുന്നു ഇത്.

TAGS :

Next Story