Quantcast

ബി.ജെ.പിക്ക് പിന്തുണക്കാൻ സ്വതന്ത്രനുമില്ല; അമിത്ഷായുടെ തലശ്ശേരിയിലെ പ്രചാരണ പരിപാടി റദ്ദാക്കി

ഗുരുവായൂരിൽ സ്വതന്ത്ര സ്ഥാനാർഥികളെ പിന്തുണക്കാൻ ബിജെപിയിൽ ധാരണ.

MediaOne Logo

  • Published:

    23 March 2021 5:20 AM GMT

ബി.ജെ.പിക്ക് പിന്തുണക്കാൻ സ്വതന്ത്രനുമില്ല; അമിത്ഷായുടെ തലശ്ശേരിയിലെ പ്രചാരണ പരിപാടി റദ്ദാക്കി
X

ഗുരുവായൂരിൽ സ്വതന്ത്ര സ്ഥാനാർഥികളെ പിന്തുണക്കാൻ ബിജെപിയിൽ ധാരണ. സ്വതന്ത്ര സ്ഥാനാർഥികളുമായി ബിജെപി ജില്ലാ നേതാക്കൾ ചർച്ച നടത്തി. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥി ദിലീപ് നായർ, സ്വതന്ത്ര സ്ഥാനാർത്ഥി ആൻറണി എന്നിവരിൽ ഒരാളെ പിന്തുണക്കാനാണ് ധാരണ. ഇവരുമായി ജില്ലാ നേതൃത്വം ചർച്ച നടത്തിയിട്ടുണ്ട്. തീരുമാനം ഇന്ന് വൈകീട്ട് ഉണ്ടാകും.

ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍റെ നാമനിര്‍ദേശപത്രിക തള്ളിപ്പോയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായില്ല. തുടര്‍ന്നാണ് ഗുരുവായൂരില്‍ സ്വതന്ത്രന് പിന്തുണ കൊടുക്കുന്ന കാര്യം ബിജെപി ആലോചിച്ചത്.

അതിനിടെ ബിജെപി പിന്തുണ നല്‍കിയാൽ സ്വീകരിക്കുമെന്ന് ഗുരുവായൂരിലെ ഡിഎസ്ജെപി സ്ഥാനാർത്ഥി ദിലീപ് നായർ മീഡിയവണിനോട് പറഞ്ഞു.

ഒരേയൊരു സ്വതന്ത്രനാണ് തലശ്ശേരിയില്‍ ഇത്തവണ മത്സര രംഗത്തുള്ളത്. സിഒടി നസീര്‍. പക്ഷേ ബിജെപി പിന്തുണ സ്വീകരിക്കില്ലെന്ന നിലപാട് ഇതിനകം നസീര്‍ വ്യക്തമാക്കി കഴിഞ്ഞു. അതോടെ പ്രതിസന്ധിയുടെ പടുകുഴിയിലേക്ക് ബിജെപി വീണു.

യുഡിഎഫിനും എല്‍ഡിഎഫിനും വോട്ട് ചെയ്യില്ലെന്ന് ബിജെപി നേതൃത്വം പറയുന്നുണ്ടങ്കിലും വോട്ട് യുഡിഎഫിന് പോകുമോയെന്ന ആശങ്ക എല്‍ഡിഎഫിനുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 22125 വോട്ട് പിടിച്ച ബിജെപിക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ 20249 വോട്ട് കിട്ടി. ആ വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫിന് പോയാല്‍ വിജയത്തെ ബാധിക്കുമെന്ന കണക്ക് കൂട്ടലിലാണ് സിപിഎം. കഴിഞ്ഞ തവണ ഷംസീറിന്‍റെ ഭൂരിപക്ഷം 34117 ആയിരുന്നു.

എ.എന്‍ ഷംസീറിനും എം.പി അരവിന്ദാക്ഷനും വോട്ട് കൊടുക്കില്ലെന്ന് ബിജെപി പറയുന്നുണ്ടങ്കിലും വോട്ട് ചെയ്യാതെ വിട്ടുനില്‍ക്കണമെന്ന് അണികളോട് പറയാനുള്ള സാധ്യത കുറവാണ്. മനഃസാക്ഷി വോട്ടെന്ന നിലപാടിലേക്ക് മാറണമെന്ന അഭിപ്രായം നേതാക്കളില്‍ ചിലര്‍ക്കുണ്ട്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി എന്‍. ഹരിദാസിനൊപ്പം ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളിപ്പോയതാണ് ബിജെപിയെ പ്രതിസന്ധിയിലാക്കിയത്.

അതോടെ തലശ്ശേരിയിൽ ബിജെപിക്ക് പിന്തുണക്കാൻ സ്വതന്ത്ര സ്ഥാനാർഥികളില്ലാതായി. അതുകൊണ്ടുതന്നെ അമിത്ഷായുടെ തലശ്ശേരിയിലെ പ്രചാരണ പരിപാടി റദ്ദാക്കി. ബി.ജെ.പി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയായിരുന്നു തലശ്ശേരി മണ്ഡലം. അതുകൊണ്ട് തന്നെയാണ് മണ്ഡലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ തന്നെ പ്രചാരണത്തിനിറക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. പക്ഷേ പ്രചരണം കൊഴുപ്പിക്കാനായി അമിത് ഷായെ രംഗത്തിറക്കാനിരിക്കെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്തത് ബി.ജെ.പിക്ക് വന്‍ തിരിച്ചടിയായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ അമിത് ഷായുടെ പ്രചാരണ പരിപാടി തന്നെ റദ്ദാക്കിയിരിക്കുന്നത്.

നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിലാണ് മൂന്നിടത്ത് എൻഡിഎ സ്ഥാനാർഥികളുടെ പത്രികകൾ തള്ളിയത്. തലശ്ശേരിയിൽ എൻ. ഹരിദാസിന്‍റെയും ദേവികുളത്ത് ആർ. എം ധനലക്ഷ്മിയുടെയും ഗുരുവായൂരിൽ സി. നിവേദിതയുടെയും പത്രികകളാണ് തള്ളിയത്. ഗുരുവായൂര്‍, തലശ്ശേരി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

സംസ്ഥാന അധ്യക്ഷന്‍റെ ഒപ്പില്ലാത്ത കാരണത്താലാണ് തലശ്ശേരിയിലും ഗുരുവായൂരിലും പത്രികകൾ തള്ളിയത്. ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്‍റായ തലശ്ശേരിയിലെ സ്ഥാനാർഥി എന്‍. ഹരിദാസിന്‍റെ പത്രികയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍റെ ഒപ്പുണ്ടായിരുന്നില്ല. മഹിളാ മോർച്ച അധ്യക്ഷയായ ഗുരുവായൂർ സ്ഥാനാർഥി സി. നിവേദിതയുടെ പത്രികയില്‍ സംസ്ഥാന അധ്യക്ഷനും ഒപ്പുവെച്ചില്ല. ദേവികുളത്തെ എൻഡിഎ ഡമ്മി സ്ഥാനാർഥിയുടെ പത്രികയും തള്ളിയിരുന്നു. തലശ്ശേരിയിലും ഗുരുവായൂരിലും എൻഡിഎക്ക് ഡമ്മി സ്ഥാനാർഥികളില്ലാതിരുന്നതിനാലാണ് ഗുരുവായൂരിലിപ്പോള്‍ സ്വതന്ത്രനെ പിന്തുണക്കാനുള്ള തീരുമാനത്തിന് പിന്നില്‍.

TAGS :

Next Story