''പട്ടരുടെ മട്ടൻ കറി' സിനിമയുടെ പേര് അപകീർത്തിപ്പെടുത്തുന്നത്' പരാതിയുമായി ബ്രാഹ്മണ സഭ
പ്രതിഷേധത്തെ തുടർന്ന് സിനിമയുടെ പേര് മാറ്റിയതായി സംവിധായകൻ അർജുൻ ബാബു പറഞ്ഞു

ബ്രാഹ്മണരെ അപകീർത്തിപ്പെടുത്തുന്നതാണെന്നു ആരോപിച്ച് 'പട്ടരുടെ മട്ടൻ കറി' എന്ന സിനിമക്കെതിരെ ബ്രാഹ്മണ സഭ. സിനിമയുടെ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള ബ്രാഹ്മണ സഭ സെൻസർ ബോർഡിന് പരാതി നൽകി. തങ്ങളെ നേർക്കുനേരെ അപകീർത്തിപ്പെടുത്തുന്നതാണ് സിനിമയുടെ തലക്കെട്ടെന്നു പരാതിയിൽ പറയുന്നു.
ബ്രാഹ്മണർ സസ്യാഹാരികളാണ്. 'പട്ടർ' , 'മട്ടൻ' തുടങ്ങിയ വാക്കുകൾ ഒന്നിച്ച് ഉപയോഗിക്കുന്നതിലൂടെ ബ്രാഹ്മണരെ അപമാനിക്കുകയാണ് ചെയ്യുന്നത്. പട്ടർ എന്ന പേര് തന്നെ ബ്രാഹ്മണരെ അപാനിക്കുന്നതാണെന്നും ബ്രാഹ്മണ സഭ സംസ്ഥാന അധ്യക്ഷൻ കരിമ്പുഴ രാമൻ പരാതിയിൽ പറഞ്ഞു. ഇതിനാൽ സിനിമക്ക് സർട്ടിഫിക്കറ്റ് നൽകരുതെന്നും നൽകിയിട്ടുണ്ടെങ്കിൽ അത് റദ്ദാക്കണമെന്നും പരാതിയിൽ പറയുന്നു. അതേസമയം, പ്രതിഷേധത്തെ തുടർന്ന് സിനിമയുടെ പേര് മാറ്റിയതായി സംവിധായകൻ അർജുൻ ബാബു പറഞ്ഞു.
കാസ്കേഡ് ആഡ് ഫിലിംസിന്റെ ബാനറിൽ ബ്ലാക്ക് മുൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന സിനിമയാണ് പട്ടരുടെ മട്ടൻ കറി. അർജുൻ ബാബു ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും. നരാഗേഷ് വിജയ് ക്യാമറ കൈകാര്യം ചെയ്യും. നവാഗതനായ സുഖോഷ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Adjust Story Font
16

