Quantcast

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ആംനസ്റ്റി സ്‌കീം: ബിസിനസുകാര്‍ അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങള്‍

കോവിഡ് 19 ന്റെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആംനസ്റ്റി പദ്ധതി വ്യാപാര സമൂഹത്തിന് ഏറെ ആശ്വാസമാണ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ...

MediaOne Logo

  • Published:

    9 April 2020 12:35 PM GMT

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ആംനസ്റ്റി സ്‌കീം: ബിസിനസുകാര്‍ അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങള്‍
X

1. എന്താണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആംനസ്റ്റി സ്‌കീം 2020 കൊണ്ട് ഉദ്ദേശിക്കുന്നത്?

ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പുണ്ടായിരുന്ന നികുതി കുടിശ്ശികകൾ തീർപ്പാക്കുക.

2. ഏതെല്ലാം നികുതികൾക്കാണ് ഇത് ബാധകമാവുക?

a. കേരള വാല്യു ആഡഡ് ടാക്സ് ആക്ട്

b. സെൻട്രൽ സെയ്ൽസ് ടാക്സ് ആക്ട്

c. ടാക്സ് ഓൺ ലക്ഷ്വറീസ് ആക്ട്

d. കേരള സർചാർജ് ആക്ട്

e. കേരള അഗ്രികൾച്ചർ ഇൻകം ടാക്സ് ആക്ട്

f. കേരള ജനറൽ സെയ്ൽസ് ടാക്സ് ആക്ട്

3. എന്താണ് ഈ ആംനസ്റ്റി സ്‌കീമിന്റെ സവിശേഷത?

a. ആംനസ്റ്റി സ്‌കീം പ്രകാരം എല്ലാ കേസുകൾക്കും പലിശയും പിഴപ്പലിശയും 100 ശതമാനം ഒഴിവാക്കി.

b. അടക്കാൻ ബാധ്യതയുള്ള നികുതി ഒറ്റത്തവണയായി അടക്കുകയാണെങ്കിൽ 60 ശതമാനം ഇളവ് ലഭിക്കുന്നതായിരിക്കും.

c. അടക്കാൻ ബാധ്യതയുള്ള നികുതി തവണകളായാണ് തിരിച്ചടയ്ക്കുന്നതെങ്കിൽ 50 ശതമാനം ഇളവ് ലഭിക്കും.

d. അപ്പീൽ പോയിരിക്കുന്ന കേസുകൾക്ക് പോലും ആംനസ്റ്റി സ്‌കീം ബാധകമാണ്. ( കെജിഎസ്ടി ക്കു കീഴിലുള്ള കുടിശ്ശിക ഒഴികെ)

4. പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി അപേക്ഷിക്കേണ്ട അവസാന തിയതി എന്നാണ്?

2020 ജൂലൈ 31നോ അതിനുമുമ്പോ.

5. പദ്ധതി പ്രകാരം അപേക്ഷ നൽകിയാൽ നികുതി അടക്കേണ്ട അവസാന തിയതി?

2020 ഡിസംബർ 31.

6. ഏതെല്ലാം പെയ്മെന്റുകൾക്ക് ഈ പദ്ധതി പ്രകാരം ക്രെഡിറ്റ് ലഭിക്കും?

a. ഡിമാന്റ് നോട്ടീസ് ലഭിച്ചതിനു ശേഷം അടച്ച നികുതിയോ പലിശയോ അടച്ചിട്ടുള്ളവർ ആ തുക കിഴിച്ചുള്ള തുക അടച്ചാൽ മതിയാകും.

b. മുൻകാലങ്ങളിൽ പ്രഖ്യാപിച്ച ആംനസ്റ്റി സ്‌കീമുകളിൽ കുടിശ്ശിക തീർപ്പാക്കാൻ സാധിക്കാത്തവർക്കും ഈ സ്‌കീം സ്വീകരിക്കാവുന്നതാണ്.

c. മുൻകാലങ്ങളിലെ ആംനസ്റ്റി സ്‌കീം വഴി അടച്ചിട്ടുള്ള ഏത് തുകയും ഇപ്പോഴത്തെ ആംനസ്റ്റി സ്‌കീമിൽ കിഴിച്ച് നൽകും.

d. ഒത്തുതീർപ്പിന് സാധ്യതയുള്ള കേസുകളുടെ നടപടി ക്രമങ്ങളുടെ ഭാഗമായി അടച്ച നികുതികൾക്കും ഇപ്പോൾ ക്രെഡിറ്റ് ലഭിക്കുന്നതാണ്.

7. ഈ ആംനസ്റ്റി സ്‌കീം പ്രകാരം എന്തെങ്കിലും റീഫണ്ട് ലഭിക്കുമോ?

ഈ പദ്ധതി പ്രകാരം നികുതികൾ തീർപ്പാക്കിയാൽ പിന്നീട് റീഫണ്ട് ലഭിക്കുന്നതല്ല.

8. കേരള ജനറൽ സെയ്ൽസ് ടാക്സ് ആക്ട് പ്രകാരമുള്ള സ്പെഷൽ കേസ് എന്താണ്?

2005 ഏപ്രിൽ ഒന്നുമുതലുള്ള കുടിശ്ശികകൾക്ക് മാത്രമാണ് ഈ സ്‌കീം ബാധകം. 2005 ഏപ്രിൽ ഒന്നുമുതൽ 2020 മാർച്ച് 31വരെയുള്ള കുടിശ്ശികകളുടെ പിഴ ഒഴിവാക്കും. അടക്കാൻ ബാധ്യതയുള്ള തുകയും അതിന്റെ പലിശയും അടയ്ക്കണം.

9. എങ്ങനെ ഈ പദ്ധതി പ്രകാരമുള്ള കുടിശ്ശികകൾ അടയ്ക്കാം?

a. അടക്കേണ്ട കുടശ്ശികയുടെ വിവരങ്ങളും മറ്റ് കാര്യങ്ങളും www.keralataxes.gov.in എന്ന പോർട്ടലിൽ ലോഗ് ഇൻ ചെയ്താൽ കാണാം.

b. ഒറ്റത്തവണ ഐഡിയും പാസ് വേർഡും ഈ സ്‌കീമിനായി പോർട്ടലിൽ ഉണ്ടാക്കാം

c. ഈ സ്‌കീം സ്വീകരിക്കുന്നവർ അപ്പലേറ്റ്, കോടതി, ട്രിബ്യൂണൽ തുടങ്ങിയവയുടെ പരിഗണനയിലിരിക്കുന്ന എല്ലാ കേസുകളും പിൻവലിക്കണം.

d. അതിനുശേഷം പെയ്മെന്റ് ഒറ്റത്തവണയായാണോ അതോ തവണ വ്യവസ്ഥിയിലാണോ തിരിച്ചടയ്ക്കുന്നതെന്ന് വ്യക്തമാക്കണം.

e. നികുതി വകുപ്പ് അധികൃതരിൽ നിന്നും അനുമതി ലഭിച്ചാൽ പെയ്മെന്റ്, ഇ പെയ്മെന്റ് വഴി അടക്കാനാകും.

10. തവണ വ്യവസ്ഥയിൽ പെയ്മെന്റ് നടത്താൻ സാധിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

തവണ വ്യവസ്ഥയായി പണം അടച്ചുതീർക്കാമെന്ന വ്യവസ്ഥ സ്വീകരിച്ചവർ അക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ ഈ സ്‌കീമിന് പുറത്താകും.

രാജ്യത്തെ കമ്പനികൾക്കും എൽഎൽപികൾക്കും ഒരു പുതിയ തുടക്കം സാധ്യമാക്കാൻ വേണ്ടി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ സ്‌കീമിന്റെ വിശദാംശങ്ങൾ അടുത്ത ദിവസം പ്രസിദ്ധീകരിക്കുന്നതാണ്.

(കോഴിക്കോട്, കൊച്ചി, കണ്ണൂർ, ദുബായ് എന്നിവിടങ്ങളിൽ ഓഫീസുകളുള്ള കമ്പനി സെക്രട്ടറീസ് & കോർപ്പറേറ്റ് അഡ്വൈസേഴ്സ് ആയ ആഷിഖ് സമീർ അസോസിയേറ്റ്സിന്റെ മാനേജിംഗ് പാർട്ണറാണ് ലേഖകൻ. ഫോൺ: 9744330022)

TAGS :

Next Story