Quantcast

ഇന്ത്യക്കൊരു റെഡ് സിഗ്‌നല്‍; പ്രതിവിധി മന്‍മോഹന്‍ തന്ത്രം

2013ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ കാലത്ത് ഇതുപോലൊരു തകര്‍ച്ച ഇന്ത്യന്‍ കറന്‍സിക്ക് ഉണ്ടായപ്പോള്‍ അതിനെ ഫലപ്രദമായി മറികടക്കാന്‍ ആര്‍ബിഐ സ്വീകരിച്ച തന്ത്രങ്ങള്‍ ഓര്‍മിപ്പിക്കുകയാണ് ചില സാമ്പത്തിക വിദഗ്ധര്‍

MediaOne Logo

Web Desk

  • Published:

    23 May 2026 8:10 PM IST

ഇന്ത്യക്കൊരു റെഡ് സിഗ്‌നല്‍; പ്രതിവിധി മന്‍മോഹന്‍ തന്ത്രം
X

മിഡില്‍ ഈസ്റ്റില്‍ ഉടലെടുത്ത പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി്. 2008ലെ ആഗോളസാമ്പത്തിക മാന്ദ്യത്തിന് സമാനമായ സാഹചര്യം ഇതുമൂലമുണ്ടാകുമെന്ന പ്രവചനങ്ങള്‍ വന്നുകഴിഞ്ഞു. എണ്ണ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങളേയാവും പ്രതിസന്ധി ഗുരുതമായി ബാധിക്കുക.. ഇന്ത്യക്കുള്ള റെഡ് സിഗ്‌നലാണ ഇത്. ഇനിയും ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ രാജ്യം സമാനതകളില്ലാത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്നതില്‍ തര്‍ക്കമില്ല.

യുദ്ധം മൂലം എണ്ണയുടേയും പാചകവാതകത്തിന്‍േറയുമെല്ലാം ക്ഷാമം രാജ്യം അനുഭവിക്കുന്നുണ്ട്. അതിനൊപ്പം ഇന്ത്യ നേരിടുന്ന മറ്റൊരു പ്രതിസന്ധി രൂപയുടെ മൂല്യത്തകര്‍ച്ചയാണ്. മുമ്പെങ്ങുമില്ലാത്തവിധം വലിയ തകര്‍ച്ചയാണ് ഓരോ ദിവസവും ഇന്ത്യന്‍ രൂപക്ക് ഉണ്ടാവുന്നത്. ഒരു ഘട്ടത്തില്‍ രൂപയുടെ വിനിമയമൂല്യം ഡോളറിനെതിരെ 97ലേക്ക് ഇടിഞ്ഞിരുന്നു.. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനുള്ള ആര്‍ബിഐയുടെ നടപടികളൊന്നും ഫലപ്രദമാവുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഒരുവശത്ത് ശക്തമാണ്.

ഒരുഘട്ടത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ സ്വര്‍ണം ഉപയോഗിക്കുന്നത് ഒരു വര്‍ഷത്തേക്ക് മാറ്റിവെക്കണമെന്നും ഇന്ധന ഉപഭോഗം കുറക്കാന്‍ ലോക്ഡൗണ്‍ പോലുള്ള മാര്‍ഗങ്ങളിലേക്ക് നീങ്ങണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപദേശിച്ചിരുന്നു. എണ്ണ, സ്വര്‍ണ ഇറക്കുമതിക്കായി രൂപ പുറത്തേക്ക് ഒഴുകുന്നത് തടയുകയായിരുന്നു മോദിയുടെ ലക്ഷ്യം. എന്നാല്‍ മോദിയുടെ ഉപദേശവും ഏറ്റമട്ടില്ല. മോദിയുടെ അഭ്യര്‍ഥനക്ക് ശേഷവും രൂപയുടെ മൂല്യമിടിയുന്നത് തുടരുകയാണ്.

രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുമ്പോള്‍ 2013ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ കാലത്ത് ഇതുപോലൊരു തകര്‍ച്ച ഇന്ത്യന്‍ കറന്‍സിക്ക് ഉണ്ടായപ്പോള്‍ അതിനെ ഫലപ്രദമായി മറികടക്കാന്‍ ആര്‍ബിഐ സ്വീകരിച്ച തന്ത്രങ്ങള്‍ ഓര്‍മിപ്പിക്കുകയാണ് ചില സാമ്പത്തിക വിദഗ്ധര്‍. വികസ്വരരാജ്യങ്ങളിലേക്ക് ഡോളറൊഴുക്ക് തടയാന്‍ വേണ്ടി അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് സ്വീകരിച്ച നടപടികളാണ് അന്ന് രൂപയുടെ നടുവൊടിച്ചത്.

2013 മെയില്‍ രൂപയുടെ മൂല്യം 55ലേക്കും ആഗസ്‌റ്റോടെ 69ലേക്കും ഇടിഞ്ഞു. തകര്‍ച്ച പിടിച്ചുനിര്‍ത്താനായി അന്നത്തെ ഗവര്‍ണര്‍ സുബ്ബറാവു ചില നടപടികള്‍ സ്വീകരിച്ചിരുന്നു. എംഎസ്എഫ് നിരക്ക് ഉയര്‍ത്തിയായിരുന്നു അദ്ദേഹം തകര്‍ച്ചയെ പിടിച്ചുനിര്‍ത്താന്‍ നോക്കിയത്. അതുകൊണ്ടെന്നും രൂപയുടെ ഇടിവ് നിര്‍ത്താനായില്ല.

പിന്നീട് ആര്‍ബിഐയുടെ തലപ്പത്തെത്തിയ രഘുറാം രാജനാണ് രൂപയുടെ തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ വജ്രായുധം പുറത്തെടുത്തത്. ഫോറിന്‍ കറന്‍സി നോണ്‍ റസിഡന്റ് ഡെപ്പോസിറ്റ് പ്രോഗ്രാം എന്ന പദ്ധതി പ്രഖ്യാപിച്ചായിരുന്നു തകരുന്ന ഇന്ത്യന്‍ കറന്‍സിയെ അദ്ദേഹം കരകയറ്റിയത്. പദ്ധതിയിലൂടെ 30 ബില്യണ്‍ ഡോളറാണ് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്. നീക്കത്തിലൂടെ രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ സാധിച്ചിരുന്നു.

യുഎസ് ഉപരോധം മൂലമുണ്ടായ പ്രതിസന്ധി മറികടക്കാന്‍ 1998ലും 2000ത്തിലും എസ്ബിഐയും സമാനമായ നടപടി സ്വീകരിച്ചിരുന്നു. 1998ല്‍ നാല് ബില്യണ്‍ ഡോളറും 2000ത്തില്‍ 5.5 ബില്യണ്‍ ഡോളറും എസ്ബിഐ ബോണ്ടുകളിലൂടെ സ്വരൂപീച്ചിരുന്നു. ഇതിന് സമാനമായ തന്ത്രം 2013ല്‍ രഘുറാം രാജനും ആവര്‍ത്തിക്കുകയായിരുന്നു. ഡോളര്‍ നിക്ഷേപത്തെ പരമാവധി ഇന്ത്യയിലേക്ക് ആകര്‍ഷിച്ച് രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്തുകയെന്നതാണ് രഘുറാം രാജന്‍ സ്വീകരിച്ച പോംവഴി.

അന്ന് പരമാവധി മൂന്നര ശതമാനം നിരക്കിലായിരുന്നു ബോണ്ടുകള്‍ പുറത്തിറക്കിയത്. നിലവില്‍ ഏകദേശം എട്ട് ശതമാനം വരെ നിരക്കില്‍ ബോണ്ടുകള്‍ പുറത്തിറക്കി രൂപയുടെ മൂല്യത്തകര്‍ച്ച പരിഹരിക്കാന്‍ കഴിയുമെന്നാണ് സാമ്പത്തികവിദഗധ്ര്‍ നല്‍കുന്ന ഉപദേശം.

രൂപയുടെ മൂല്യം ഒരിക്കലും ഡോളറിനെതിരെ 100ലേക്ക് ഇടിയാന്‍ സമ്മതിക്കരുതെന്ന ഉപദേശം പല സാമ്പത്തിക വിദഗ്ധരും നല്‍കി കഴിഞ്ഞു. ആര്‍ബിഐ നയങ്ങളിലൂടെ രൂപയുടെ മൂല്യം ഇടിവ് പിടിച്ചുനിര്‍ത്തിയില്ലെങ്കില്‍ രാജ്യം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്ന പ്രവചനങ്ങള്‍ വന്നുകഴിഞ്ഞു.

രൂപയുടെ മൂല്യം 95നും 100നും ഇടയില്‍ ഇനിയും തുടരുമെന്നാണ് ഡിബിഎസ്, ബാങ്കിന്റെ പ്രവചനം. മൂല്യം ഇനിയും ഇടിഞ്ഞാല്‍ അത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കാനും അതുവഴി സാമ്പത്തിക അസ്ഥിരതക്കും കാരണമാകും. 2013ലെ നിലയിലേക്ക് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വീഴാന്‍ അധിക താമസമില്ലെന്ന പ്രവചനങ്ങളും വന്നുകഴിഞ്ഞു.

മിഡില്‍ ഈസ്റ്റില്‍ നിലവില്‍ തുടരുന്ന പ്രതിസന്ധി ജൂലൈ വരെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ എണ്ണവില 130 ഡോളര്‍ തൊടുമെന്നാണ് പ്രവചനങ്ങള്‍. ഈ വര്‍ഷം മുഴുവന്‍ പ്രതിസന്ധിയാണെങ്കില്‍ എണ്ണവില 200 ഡോളറെന്ന സംഖ്യയിലേക്കും നീങ്ങിയേക്കാം. അത് രൂപക്ക് സൃഷ്ടിക്കുന്ന പ്രതിസന്ധി ചില്ലറയാവില്ല.

ജനങ്ങള്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മാത്രം നിലവില്‍ ഉടലെടുത്ത പ്രതിസന്ധിയെ മറികടക്കാനാവില്ല. അതിന് ശാസ്ത്രീയമായ മാര്‍ഗങ്ങളിലൂടെയുള്ള കൂടുതല്‍ ശക്തമായ നടപടികളാണാവശ്യം. അത് ഉണ്ടാവാത്തപക്ഷം രാജ്യം കടുത്ത പ്രതിസന്ധിയിലേക്കാവും വീഴുക. 2008ലെ പ്രതിസന്ധി സമയത്ത് ഇന്ത്യയെ നയിക്കാന്‍ മന്‍മോഹനെ പോലൊരു പ്രധാനമന്ത്രിയുണ്ടായിരുന്നു. നിലവില്‍ ഇന്ത്യ അത്തരമൊരു സാമ്പത്തികമാന്ദ്യം അഭിമുഖീകരിച്ചാല്‍ അതിനെ ഫലപ്രദമായി നേരിടാന്‍ രാജ്യത്തിന് കഴിയുമോയെന്ന് ആശങ്ക ഉയര്‍ത്തുന്ന നിരവധി സാമ്പത്തിക വിദഗ്ധരുണ്ട്.

TAGS :

Next Story