Quantcast

ചൈനയിലേക്കും തുർക്കിയിലേക്കും ഒഴുകുന്നു, ഇന്ത്യയിലേക്കില്ല; സ്വർണവില കുതിക്കുമെന്ന് റിപ്പോർട്ട്

തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്

MediaOne Logo

Web Desk

  • Published:

    5 Oct 2022 8:04 AM GMT

ചൈനയിലേക്കും തുർക്കിയിലേക്കും ഒഴുകുന്നു, ഇന്ത്യയിലേക്കില്ല; സ്വർണവില കുതിക്കുമെന്ന് റിപ്പോർട്ട്
X

മുംബൈ: ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തി അന്താരാഷ്ട്ര സ്വർണവിതരണ ബാങ്കുകൾ. മറ്റ് ആഗോള വിപണികൾ മെച്ചപ്പെട്ട പ്രീമിയം വാഗ്ദാനം ചെയ്തതോടെയാണ് വൻകിട ബാങ്കുകൾ ഇന്ത്യയിൽ നിന്ന് പിൻവാങ്ങുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്യുന്നു.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണവിപണിയായ ഇന്ത്യയിൽ മഞ്ഞലോഹത്തിന് ദൗർലഭ്യമുണ്ടാക്കുന്ന നീക്കമാണ് ബാങ്കുകളുടേത്. ഇതുമൂലം ഉത്സവ സീസണ് മുമ്പു തന്നെ സ്വർണത്തിന് വൻതോതിൽ വില വർധിക്കാനുള്ള സാഹചര്യമുള്ളതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ലണ്ടൻ ആസ്ഥാനമായ ഐസിബിസി സ്റ്റാൻഡേർഡ് ബാങ്ക്, യുഎസ് ബഹുരാഷ്ട്ര ഇൻവസ്റ്റ്‌മെന്റ് ബാങ്കായ ജെപി മോർഗൻ ചേസ്, യുകെ ആസ്ഥാനമായ കൺസ്യൂമർ ബാങ്കിങ് കമ്പനി സ്റ്റാൻഡേർഡ് ചാർട്ടേഡ് എന്നീ മൂന്നു ബാങ്കുകളാണ് ഇന്ത്യയിലേക്ക് പ്രധാനമായും സ്വർണം വിതരണം ചെയ്യുന്നത്. ആഘോഷ സീസണ് മുമ്പോടിയായി സാധാരണ ബാങ്കുകൾ ഇറക്കുമതി ചെയ്യുന്നതിലും കുറവാണ് നിലവിലുള്ളത്. ഒരു വർഷം മുമ്പുള്ളതിലും പത്ത് ശതമാനം കുറവാണ് ബാങ്കുകളിലെ ശേഖരങ്ങളിലുള്ള സ്വർണത്തിന്റെ അളവ്- റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു. വാർത്തയോട് ബാങ്കുകൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കുറഞ്ഞ പ്രീമിയം നൽകിയാണ് നിലവിൽ ഇന്ത്യയിലെ സ്ഥാപനങ്ങൾ സ്വർണം ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ചൈനയിലെ പ്രധാനപ്പെട്ട കമ്പനികൾ 20-45 ഡോളർ പ്രീമിയം വരെയാണ് ബാങ്കുകൾക്ക് ഓഫർ ചെയ്യുന്നത്. തുർക്കിയിൽ ഇത് 80 ഡോളർ വരെയാണ്. കൂടുതൽ പണം കിട്ടുന്നിടത്ത് കൂടുതൽ സ്വർണം വിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സെപ്തംബറിൽ മുൻവർഷത്തെ അപേക്ഷിച്ച് സ്വർണത്തിന്റെ ഇറക്കുമതിയിൽ 30 ശതമാനത്തിന്റെ (68 ടൺ) കുറവാണുണ്ടായത്. എന്നാൽ തുർക്കിഷ് സ്വർണ ഇറക്കുമതിയിൽ 543 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. ഹോങ്കോങ് വഴിയുള്ള ചൈനയുടെ സ്വർണ ഇറക്കുമതി വർധിച്ചത് ഏകദേശം നാൽപ്പതു ശതമാനം.

ദസറ, ദീപാവലി ആഘോഷങ്ങൾ നടക്കുന്ന ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണവിൽപ്പന നടക്കുന്നത്. ഇതിന് ശേഷം വിവാഹ സീസൺ ആരംഭിക്കുകയും ചെയ്യുന്നു.

അതിനിടെ, സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. ഗ്രാമിന് 40 രൂപ വർധിച്ച് വില 4775 രൂപയിലെത്തി. പവന് 38,200 രൂപയാണ് വില.

TAGS :

Next Story