Quantcast

ജിയോ ഐപിഒ പ്രഖ്യാപിച്ച് മുകേഷ് അംബാനി

‘2026ലെ ആദ്യ പകുതിയില്‍ ലിസ്റ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്’

MediaOne Logo

Web Desk

  • Published:

    29 Aug 2025 3:31 PM IST

ജിയോ ഐപിഒ പ്രഖ്യാപിച്ച് മുകേഷ് അംബാനി
X

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം വിഭാഗമായ റിലയന്‍സ് ജിയോയുടെ പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) അടുത്ത വര്‍ഷം. 2026 ആദ്യ പകുതിയിലായിരിക്കും ജിയോയുടെ ഐപിഒ. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 48ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി ഇക്കാര്യം പറഞ്ഞത്.

'ഇന്ന് അഭിമാനത്തോട് കൂടി ഞാന്‍ പറയുകയാണ്. ഐപിഒയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി വരികയാണ് റിലയന്‍സ് ജിയോ. 2026ലെ ആദ്യ പകുതിയില്‍ ജിയോ ലിസ്റ്റ് ചെയ്യാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. വിദേശ കമ്പനികളുടേതിന് സമാനമായ മൂല്യം കൈവരിക്കാന്‍ ജിയോയ്ക്ക് ശേഷിയുണ്ടെന്ന് അത് തെളിയിക്കും. എല്ലാ നിക്ഷേപകര്‍ക്കും വളരെ മികച്ച, ആകര്‍ഷക അവസരമായിരിക്കും ജിയോയുടെ ഐപിഒ എന്ന് എനിക്കുറപ്പുണ്ട്,' വാര്‍ഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനി പറഞ്ഞു.

500 മില്യണ്‍ ഉപയോക്താക്കള്‍ എന്ന നാഴികക്കല്ല് ജിയോ പിന്നിട്ടുകഴിഞ്ഞു. യുഎസ്, യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യ എല്ലാം കൂടി ചേര്‍ത്ത് വച്ചതിനേക്കാളും വരും ജിയോയുടെ ഉപയോക്താക്കള്‍-അംബാനി വിശദമാക്കി.

2025 സാമ്പത്തിക വര്‍ഷത്തില്‍ 1.28 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ജിയോ നേടിയത്. ജിയോ പ്ലാറ്റ്‌ഫോംസിന്റെ സബ്‌സിഡിയറിയായ റിലയന്‍സ് ജിയോ 2016 സെപ്റ്റംബറിലാണ് ഉപഭോക്താക്കളിലെക്കെത്തിയത്. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം നെറ്റ് വര്‍ക്ക് ഓപ്പറേറ്ററാണ് റിലയന്‍സ് ജിയോ.

ഇന്ത്യന്‍ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും റിലയന്‍സ് ജിയോയുടേത് എന്നാണ് റിപ്പോർട്ടുകൾ. 52,000 കോടി രൂപയുടെ ഓഹരികളായിരിക്കും ജിയോ വിറ്റഴിക്കുക എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അങ്ങനെയെങ്കില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഹ്യുണ്ടായ് ഇന്ത്യയുടെ ഐപിഒയെ മറികടക്കുന്ന റെക്കോര്‍ഡാകും ഇത്. 27,870.16 കോടി രൂപയുടേതായിരുന്നു ഹ്യൂണ്ടായിയുടെ ഐപിഒ.

TAGS :

Next Story