പുസ്തകം വിറ്റു തുടങ്ങിയ ഫ്ലിപ്കാർട്ട്; രണ്ടു മുറി ഫ്ലാറ്റില്‍ നിന്നും ഇന്ത്യക്കാരുടെ മനസ്സിലേക്ക് കയറിയ കഥ
ഓണ്‍ലൈന്‍ പുസ്തക വില്‍പ്പന ശാലയായി തുടങ്ങിയ ഫ്ലിപ്കാര്‍ട്ട് ഇന്ന് 40 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള സ്ഥാപനമാണ്

ഫ്ലിപ്കാർട്ട് സഹസ്ഥാപകരായ സച്ചിന്‍ ബെന്‍സാലും ബിന്നി ബെന്‍സാലും
ഓണ്‍ലൈനില്‍ എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യണമെന്ന് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യമെത്തുന്ന പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഫ്ലിപ്കാര്‍ട്ട്. ഇന്ത്യയില്‍ ഇ-കൊമേഴ്‌സ് മേഖലയെ അടക്കിഭരിക്കുന്ന ഇന്ത്യന്‍ കമ്പനി. 45 ശതമാനം വരെയാണ് ഫ്ലിപ്കാര്‍ട്ടിന്റെ മാര്‍ക്കറ്റ് വിഹിതം. തൊട്ടുപിന്നിലുള്ളത് ബഹുരാഷ്ട്ര ഭീമനായ ആമസോണ്‍. 2007ല്‍ ബംഗളൂരുവില്‍ ഒരു ഓണ്‍ലൈന്‍ പുസ്തക വില്‍പ്പന ശാലയായി തുടങ്ങിയ ഫ്ലിപ്കാര്‍ട്ട് ഇന്ന് 40 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള സ്ഥാപനമാണ്. ആ വളര്‍ച്ചയ്ക്ക് പിന്നിലൊരു കഥയുണ്ട്.
ഇ-കൊമേഴ്‌സിന്‌റെ ആഗോള പര്യായമായ ആമസോണ്‍ തുടങ്ങിയത് എങ്ങനെയെന്ന് അറിയാമോ? മൊബൈല്‍ ഫോണ്‍ കേട്ടുകേള്‍വി പോലുമില്ലാത്ത, നമ്മുടെ സ്വന്തം നയന്റീസിന്റെ തുടക്കം. വാഷിങ്ടണില്‍ തുടങ്ങിയ ചെറിയൊരു ഓണ്‍ലൈന്‍ പുസ്തക കട, പിന്നെ അന്നത്തെ ട്രെന്‍ഡായ ഡിവിഡിയും സിഡിയും വിറ്റ് തുടങ്ങി. പതിയെ വേറെയും ഉത്പന്നങ്ങള്‍. ഓണ്‍ലൈന്‍ പുസ്തക കടയില്‍ നിന്ന് ഇ-കൊമേഴ്‌സ് ബിസിനസിനെ മണി മേക്കിങ് മെഷീനാക്കി മാറ്റിയ ആമസോണ്‍ തുടങ്ങുന്നത് അങ്ങനെയൊക്കെയാണ്.
ആമസോണിനെ ക്ലിക്കാക്കിയ അതേ സ്ട്രാറ്റജി ഉപയോഗിച്ചാണ് ഇന്ത്യന്‍ ബ്രാന്‍ഡായ ഫ്ലിപ്കാര്‍ട്ടും തുടങ്ങിയത്. 2007ല്‍ സച്ചിന്‍ ബെന്‍സാലും ബിന്നി ബെന്‍സാലും ചേര്‍ന്ന് സ്ഥാപനത്തിന് തുടക്കമിടുമ്പോള്‍ കൈമുതലായുണ്ടായിരുന്നത് ആത്മവിശ്വാസം മാത്രം. ഇന്ത്യയില്‍ മുന്‍ഗാമികളില്ലാത്ത ഒരു ബിസിനസ് രീതിയായിരുന്നു ഇവര്‍ക്ക് പയറ്റാനുണ്ടായിരുന്നത്. ഡല്‍ഹി ഐഐടിയില്‍ നിന്ന് പഠിച്ചിറങ്ങിയ ഇരുവര്‍ക്കും ആമസോണില്‍ മുമ്പ് ജോലി ചെയ്തതിന്റെ പരിചയമാണ് ഒപ്പമുണ്ടായിരുന്നത്. ബെംഗളൂരുവില്‍ 2 ബിഎച്ച്‌കെ മുറിയില്‍ ആമസോണിനെ പോലെ തന്നെ പുസ്തകം വിറ്റ് തുടങ്ങി. 2007ല്‍ 20 ഷിപ്‌മെന്റുകളാണ് ഇരുവരും ചേര്‍ന്ന് ഡെലിവറി ചെയ്തത്. ബംഗളൂരുവിലെ മെഹ്ബൂബ് നഗര്‍ മാത്രം കേന്ദ്രീകരിച്ചായിരുന്നു ഇത്. അടുത്ത വര്‍ഷം വില്‍പ്പന വ്യാപിപ്പിച്ചു. 3400 ഓര്‍ഡറുകള്‍ ഡെലിവറി നല്‍കി. 2009ലാണ് ആദ്യമായി ഒരു ജീവനക്കാരെ നിയമിക്കുന്നത്. അതുവരെ എല്ലാ പണിയും ചെയ്തത് സച്ചിന്‍ ബെന്‍സാലും ബിന്നി ബെന്‍സാലും തന്നെ. വെബ്‌സൈറ്റ് കോഡിങ് മുതല്‍ കസ്റ്റമര്‍ സര്‍വീസ് വരെ ആ രണ്ടുപേരുടെ ജോബ് റോളായിരുന്നു. ഇന്ത്യക്കാരുടെ കീശയും മനസും അറിഞ്ഞായിരുന്നു പിന്നീട് ഈ ഐക്കോണിക് സ്റ്റാര്‍ട്ടപ്പിന്റെ വളര്‍ച്ച.
ഇന്ത്യക്കാരുടെ മനസ്സറിഞ്ഞ ഫ്ലിപ്കാര്‍ട്ട്
ഓണ്‍ലൈന്‍ ഷോപ്പിങ് എന്ന ശീലം അക്കാലത്ത് ഉണ്ടായിരുന്നില്ല. ഡിജിറ്റല്‍ ഇടപാടുകളുടെ തുടക്കകാലം. നേരിട്ടു കാണാതെ ഉത്പന്നങ്ങള്‍ വാങ്ങാനോ എവിടെയോ ഇരിക്കുന്ന കച്ചവടക്കാരന് പണം നല്‍കാനോ ഉപഭോക്താക്കള്‍ക്ക് മടിയായിരുന്നു. ഇതൊക്കെ ശരിയാകുമോ, പണം വെള്ളത്തിലാകുമോ എന്ന സംശയവും. എന്നാല്‍, ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ എല്ലാ സംശയങ്ങളെയും ഫ്ലിപ്കാര്‍ട്ട് നേരിട്ടു. ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയതോടെ ഫ്ലിപ്കാര്‍ട്ടില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത വര്‍ധിച്ചു. ക്യാഷ് ഓണ്‍ ഡെലവറിയും ഈസി റിട്ടേണും ഇന്‍ഡസ്ട്രിയില്‍ ആദ്യം കൊണ്ടുവന്നത് ഫ്ലിപ്കാര്‍ട്ടാണ്. ഇത് ഇ-കൊമേഴ്‌സ് മേഖലയില്‍ നിര്‍ണായക ചുവടുവെപ്പായി. ധൈര്യത്തോടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആളുകള്‍ തയാറായി. രാജ്യത്തെ കച്ചവടക്കാരെയും കസ്റ്റമേഴ്‌സിനെയും ഒരേ പോലെ കൈയിലെടുത്ത ഐഡിയ കൂടിയായിരുന്നു അത്. ഫ്ലിപ്പ്കാര്‍ട്ടിനെ ഇന്ത്യയില്‍ ക്ലിക്കാക്കിയതില്‍ ഈ ആശയത്തിന് ചെറിയ പങ്കല്ല. ഇത് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് മേഖലയെ തന്നെ പുതിയ യുഗത്തിലേക്ക് നയിച്ചു. മാര്‍ക്കറ്റിലെ മറ്റെല്ലാവരും ഈ ആശയം സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി.
കാലത്തിനനുസരിച്ച് ഫ്ലിപ്കാര്‍ട്ട് തങ്ങളുടെ ഉത്പന്ന ശ്രേണി വിപുലമാക്കി. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങളും ഫാഷന്‍ വസ്ത്രങ്ങളും പ്രധാന വില്‍പ്പന ഇനങ്ങളായി. തങ്ങള്‍ ആശയം ഉള്‍ക്കൊണ്ട ആമസോണിനെ പോലും പിന്നിലാക്കിയ സ്ഥാപനമായി രാജ്യത്ത് ഫ്ലിപ്കാര്‍ട്ട് വളര്‍ന്നു.
ഇന്ത്യക്കാര്‍ എങ്ങനെ വിപണിയില്‍ ഇടപെടുന്നു എന്നത് മാറ്റിനിര്‍വചിക്കാനായിരുന്നു താനും ബിന്നി ബെന്‍സാലും ശ്രമിച്ചതെന്ന് സചിന്‍ ബെന്‍സാല്‍ പറയുന്നു. 2013ല്‍ ആമസോണ്‍ ഇന്ത്യയിലെത്തുന്നതുവരെ ഫ്ലിപ്കാര്‍ട്ടിന് കാര്യമായ എതിരാളികളുണ്ടായിരുന്നില്ല. പിന്നീട്, സ്‌നാപ്ഡീല്‍ പോലെയുള്ള തദ്ദേശീയ കമ്പനികളും രംഗത്തെത്തി. ഇതോടെ ഫ്ലിപ്കാര്‍ട്ട് കൂടുതല്‍ വിശാലമായ വിപണി സൃഷ്ടിച്ചു. 2014ല്‍ മിന്ത്രയെയും പിന്നീട് ജബോങ്ങിനെയും ഫ്‌ലിപ്കാര്‍ട്ട് ഏറ്റെടുത്തു. ഫ്ലിപ്കാര്‍ട്ട് ഹോള്‍സെയില്‍, ഗ്രോസറി ഷോപ് തുടങ്ങിയവയും ആരംഭിച്ചു.
2007ല്‍ പുസ്തകം വിറ്റു തുടങ്ങിയ ഫ്ലിപ്കാര്‍ട്ട് 20 വര്‍ഷം പിന്നിടുമ്പോള്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 70 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്ഥാപനമായി മാറുമെന്നാണ് കണക്കാക്കുന്നത്. 2018ല്‍ ഫ്ലിപ്കാര്‍ട്ടില്‍ നിക്ഷേപിക്കാനെത്തിയത് ആഗോള റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടാണ്. ഇതോടെ കമ്പനിയുടെ 77 ശതമാനം ഓഹരികളും ഇവര്‍ക്ക് സ്വന്തമായി. ഇതോടെ, സച്ചിന്‍ ബെന്‍സാലും ബിന്നി ബെന്‍സാലും ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് ഇറങ്ങി സ്വന്തമായി മറ്റ് ബിസിനസുകളിലേക്ക് തിരിഞ്ഞു. 2024ല്‍ ഗൂഗിള്‍ 350 മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം ഫ്ലിപ്കാര്‍ട്ടില്‍ നടത്തി.
ഫ്ലിപ്കാര്‍ട്ട് ഏറ്റവുമൊടുവില്‍ ഓഹരിവിപണിയിലേക്കും കടക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് 70 ബില്യണ്‍ ഡോളറായി കമ്പനിയുടെ മൂല്യം വര്‍ധിക്കുക. ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് കരുതുന്ന ഐപിഒ വഴി 10 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
45 കോടി പേരാണ് ഇന്ന് ഫ്ലിപ്കാര്‍ട്ടിന്റെ ഉപഭോക്താക്കളായുള്ളത്. 15 കോടി സജീവ ഉപഭോക്താക്കളുണ്ട്. വീട്ടുസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ 10 മിനിറ്റിനുള്ളില്‍ ഡെലിവറി ചെയ്യുന്ന ഫ്ലിപ്കാര്‍ട്ട് മിനിറ്റ്‌സില്‍ 2025ല്‍ 5.3 കോടി ഉപഭോക്താക്കളാണെത്തിയത്. ആറ് ലക്ഷത്തോളം ഉപഭോക്താക്കള്‍ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ഓരോ ആഴ്ചയിലും സാധനം വാങ്ങുന്നുണ്ട്. പുതിയ ആശയവും വിജയിക്കണമെന്ന അടങ്ങാത്ത ആഗ്രഹവും കാലത്തിന്റെ മാറ്റവും ഉള്‍ക്കൊണ്ടാല്‍ വിജയം സുനിശ്ചിതമാണെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി ഫ്ലിപ്കാര്‍ട്ട് മുന്നില്‍ നില്‍ക്കുന്നു.
Adjust Story Font
16

