Quantcast

ഇന്ത്യക്ക് ഇരട്ടി ആശ്വാസം; എണ്ണവില ഇടിഞ്ഞു, ഹോര്‍മുസില്‍ ഇളവ്

ഒരുവേള 110 ഡോളറിനടുത്ത് വ്യാപാരം നടത്തിയിരുന്ന എണ്ണവിലയാണ് കുറയുന്നത്

MediaOne Logo

Web Desk

  • Published:

    5 Nov 2026 11:59 AM IST

ഇന്ത്യക്ക് ഇരട്ടി ആശ്വാസം; എണ്ണവില ഇടിഞ്ഞു, ഹോര്‍മുസില്‍ ഇളവ്
X

ന്യൂഡല്‍ഹി: ഇന്ത്യക്ക് ആശ്വാസം നല്‍കി രാജ്യാന്തര വിപണിയില്‍ എണ്ണവില ഇടിയുന്നു. ബ്രെന്റ് ക്രൂഡോയില്‍ 90 ഡോളറിലേക്ക് അടക്കുകയാണ്. ഒരുവേള 110 ഡോളറിനടുത്ത് വ്യാപാരം നടത്തിയിരുന്ന എണ്ണവിലയാണ് കുറയുന്നത്. 93.51 ഡോളറിലാണ് വ്യാപാരം. ഒരു ശതമാനത്തിലേറെ നഷ്ടമാണ് എണ്ണക്ക് ഇന്നുണ്ടായത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും ഇടഞ്ഞു. 87.28 ഡോളറിലേക്കാണ് വിലയിടിഞ്ഞത്. ഇതിനൊപ്പം ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നല്‍കിയ ഇളവും ഇന്ത്യക്ക് ഗുണകരമാവും.

ഇന്ത്യയില്‍ നിന്നുള്ള മരുന്നുകളുടെ ഇറക്കുമതി സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതെന്നാണ് ഇറാന്റെ വിശദീകരണം. ഇന്ത്യയ്ക്ക് പുറമെ ചൈന, ഇറാഖ്, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ കപ്പലുകള്‍ക്കും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്നതിനിടെ ഇറാന്റെ ഈ നീക്കം ഇന്ത്യയ്ക്ക് നിര്‍ണായക ആശ്വാസമാകുകയാണ്.

ഇറാന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ വിദേശകാര്യ സമിതി ഡെപ്യൂട്ടി ചെയര്‍മാന്‍ അമീര്‍ ഹയാത്ത് മൊഗദ്ദമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐഎസ്എന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രത്യേക പരിഗണനകളും പരസ്പര താല്‍പര്യങ്ങളുമാണ് ഇളവിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ കപ്പലുകള്‍ക്ക് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുമതി നല്‍കുന്നത് ഇന്ത്യയില്‍ നിന്നുള്ള മരുന്നുകളുടെ ഇറക്കുമതി സുഗമമാക്കാനാണെന്നാണ് ഇറാന്റെ വിശദീകരണം. ചൈനീസ് കപ്പലുകള്‍ക്ക് ഇളവ് നല്‍കുന്നതിലൂടെ ബെയ്ജിങ്ങിന്റെ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഇറാന്‍ വ്യക്തമാക്കി. ഇന്ത്യന്‍, ചൈനീസ് കപ്പലുകളില്‍ നിന്ന് ട്രാന്‍സിറ്റ് ഫീസ് ഈടാക്കുന്നുണ്ടെന്നും ഖത്തര്‍ കപ്പലുകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നുണ്ടെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ക്രൂഡ് ഓയില്‍, എല്‍പിജി, എല്‍എന്‍ജി ഇറക്കുമതികള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് ഏറെ പ്രധാനമാണ്. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ഏകദേശം 30 ശതമാനവും എല്‍പിജി ഇറക്കുമതിയുടെ 90 ശതമാനവും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്.

കടലിടുക്കിലെ നിയന്ത്രണങ്ങള്‍ തുടരുകയാണെങ്കില്‍ ഇന്ത്യയുടെ ഊര്‍ജവിതരണത്തെയും ഇറക്കുമതി ചെലവുകളെയും അത് ബാധിക്കാനിടയുണ്ട്. അതിനാല്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇറാന്‍ നല്‍കിയ ഇളവ് നിര്‍ണായകമാണ്

TAGS :

Next Story