ഇറ്റലിയിൽ തുടക്കം, ഇന്ത്യൻ വിപണി കീഴടക്കിയ ചരിത്രം; ബിസ്‌ലെരിയുടെ വളർച്ചയും പുതിയ വിവാദവും
ഇറ്റലിയിൽ നിന്നും ഇന്ത്യയിലെത്തി കുടിവെള്ള വിപണി കീഴടക്കിയ ഈ പ്രമുഖ ബ്രാൻഡ് ഇപ്പോൾ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ പരിശോധനയുടെ നിഴലിലാണ്

ന്യൂഡൽഹി: ഇന്ന് 10 രൂപയ്ക്കും 20 രൂപയ്ക്കും കടകളിൽ സുലഭമായി ലഭിക്കുന്ന കുപ്പിവെള്ളം ഒരുകാലത്ത് ഇന്ത്യയിൽ ഒരു ആഡംബര വസ്തുവായിരുന്നു. സാധാരണക്കാർക്കിടയിൽ കുപ്പിവെള്ളം ജനപ്രിയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബ്രാൻഡാണ് ബിസ്‌ലെരി. എന്നാൽ ഇറ്റലിയിൽ നിന്നും ഇന്ത്യയിലെത്തി കുടിവെള്ള വിപണി കീഴടക്കിയ ഈ പ്രമുഖ ബ്രാൻഡ് ഇപ്പോൾ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ പരിശോധനയുടെ നിഴലിലാണ്.
ഇറ്റലിയിൽ ഹെൽത്ത് ടോണിക്കായി തുടക്കം
ഇന്ത്യൻ വിപണിയിലെ മുൻനിര ബ്രാൻഡാണെങ്കിലും ബിസ്‌ലെരിയുടെ വേരുകൾ ഇറ്റലിയിലാണ്. 19-ാം നൂറ്റാണ്ടിൽ ഇറ്റാലിയൻ സംരംഭകനും ശാസ്ത്രജ്ഞനുമായ ഫെലിസ് ബിസ്‌ലെരി സ്ഥാപിച്ച 'ഫെലിസ് ബിസ്‌ലെരി ആൻഡ് കോ' എന്ന രാസ പരീക്ഷണശാലയിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവം. ഇറ്റലിയിലെ നോസെറ ഉംബ്ര പട്ടണത്തിലെ ആഞ്ചെലിക്ക നീരുറവയുമായി ബന്ധപ്പെട്ടാണ് ഇതിന്റെ തുടക്കം. മിനറൽ വാട്ടറിന് പുറമെ മലേറിയ പ്രതിരോധ മരുന്നും, 'ഫെറോ-ചൈന ബിസ്‌ലെരി' എന്ന പേരിൽ പ്രശസ്തമായ ഹെർബൽ ഹെൽത്ത് ടോണിക്കുകളും അദ്ദേഹം വികസിപ്പിച്ചിരുന്നു.
ഇന്ത്യയിലേക്കുള്ള വരവും പാർലെയുടെ ഏറ്റെടുക്കലും
1965-ലാണ് ബിസ്‌ലെരി ഇന്ത്യയിലെത്തുന്നത്. ഇറ്റാലിയൻ ഡോക്ടറായ സെസാരി റോസിയും ഇന്ത്യൻ വ്യവസായി ഖുഷ്‌റൂ സുന്തൂക്കും ചേർന്നാണ് ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചത്. അക്കാലത്ത് മുംബൈയിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം മോശമായിരുന്നതും കുപ്പിവെള്ളം ആഡംബരമായി കണക്കാക്കിയിരുന്നതും അവസരമായി കണ്ട ഇവർ താനെയിൽ ഒരു ബോട്ടിലിംഗ് പ്ലാന്റ് സ്ഥാപിച്ചു.
എന്നാൽ കുപ്പിവെള്ളം എന്ന ആശയം ഇന്ത്യൻ ഉപഭോക്താക്കൾക്ക് അപരിചിതമായിരുന്നതിനാൽ ആദ്യവർഷങ്ങളിൽ ബിസിനസ് വെല്ലുവിളികൾ നേരിടുകയും വിൽപ്പനയ്ക്ക് വെക്കുകയും ചെയ്തു. തുടർന്ന് 1969-ൽ പാർലെ ഗ്രൂപ്പ് സ്ഥാപകൻ ജയന്തിലാൽ ചൗഹാൻ നാല് ലക്ഷം രൂപയ്ക്ക് ബിസ്‌ലെരി ഏറ്റെടുത്തു. പിന്നീട് അദ്ദേഹത്തിന്റെ മകൻ രമേശ് ചൗഹാൻ നേതൃത്വം ഏറ്റെടുത്തു. കുടിവെള്ളത്തിന് പണം നൽകാൻ ആളുകൾ മടിച്ചിരുന്ന കാലത്ത്, 27-ാം വയസിലാണ് രമേശ് ചൗഹാൻ മിനറൽ വാട്ടർ ഇന്ത്യയിൽ ജനപ്രിയമാക്കാൻ തീരുമാനിച്ചത്.
വിപണിയിലെ മാറ്റങ്ങളും പുതിയ പരീക്ഷണങ്ങളും
1970-കളിൽ ലിംക, തംസ് അപ്പ് തുടങ്ങിയ ബ്രാൻഡുകളിലൂടെ പാർലെ പാനീയ വിപണിയിൽ ശക്തമായ സാന്നിധ്യമായി. എന്നാൽ സാമ്പത്തിക ഉദാരവൽക്കരണത്തിന് ശേഷം കൊക്കകോളയും പെപ്‌സിയും ഇന്ത്യയിലെത്തിയതോടെ മത്സരം കടുത്തു. ഇതോടെ 1993-ൽ ഏകദേശം 400 കോടി രൂപയ്ക്ക് പാർലെ തങ്ങളുടെ ശീതളപാനീയ ബിസിനസ് കൊക്കകോളയ്ക്ക് വിറ്റു. അതിനുശേഷം ബിസ്‌ലെരിയിലായി ഗ്രൂപ്പിന്റെ പ്രധാന ശ്രദ്ധ.
വീടുകൾക്കും ഓഫീസുകൾക്കുമായി 1991-ൽ 20 ലിറ്റർ പായ്ക്കുകൾ ബിസ്‌ലെരി അവതരിപ്പിച്ചു. 2018-ൽ ലോകത്തിലെ ആദ്യത്തെ വെർട്ടിക്കൽ മിനറൽ വാട്ടർ നിർമാണ പ്ലാന്റ് ആരംഭിച്ചതായും കമ്പനി അവകാശപ്പെട്ടു. ഹിമാലയത്തിൽ നിന്ന് നേരിട്ട് ശേഖരിച്ച് കുപ്പികളിലാക്കുന്ന 'വേദിക' എന്ന പ്രീമിയം നാച്ചുറൽ മിനറൽ വാട്ടർ ബ്രാൻഡും കമ്പനി പുറത്തിറക്കിയിരുന്നു.
സുരക്ഷാ വിവാദവും കമ്പനിയുടെ വിശദീകരണവും
നിലവിൽ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നടപടികൾ നേരിടുകയാണ് ബിസ്‌ലെരി. ലബോറട്ടറി പരിശോധനയിൽ ബിസ്‌ലെരിയുമായി ബന്ധപ്പെട്ട കുപ്പിവെള്ള സാമ്പിളിൽ അർബുദകാരിയായ ഘടകങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ എഫ്എസ്എസ്എഐ അനുമതി നൽകിയിട്ടുണ്ട്.
അതേസമയം, തങ്ങളുടെ ഉൽപ്പന്നങ്ങൾ പൂർണമായും സുരക്ഷിതമാണെന്ന് ബിസ്‌ലെരി വ്യക്തമാക്കി. വിഷയത്തോട് പ്രതികരിച്ച കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ പ്രസ്താവനയിൽ നിലപാട് ആവർത്തിച്ചു. "വർഷങ്ങളായി വിശ്വസ്തമായ ബ്രാൻഡായ ബിസ്‌ലെരി ഉപഭോഗത്തിന് സുരക്ഷിതമായി തുടരുന്നു," എന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
Adjust Story Font
16

