Quantcast

2018ൽ എടുത്ത 45 ലക്ഷം രൂപ ഭവന വായ്പ കാലാവധിക്ക് 8 വർഷം മുമ്പേ അടച്ചുതീർത്തുവെന്ന് യുവാവ്; സാമ്പത്തികമായ മണ്ടത്തരമെന്ന് സുഹൃത്തുക്കൾ! ചെയ്യേണ്ടത് ഇങ്ങനെ?

ഒരു വീട് സ്വന്തമാക്കുക എന്നത് പലർക്കും ഒരു സ്വപ്നമാണ്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്കാണ് പോസ്റ്റ് തുടക്കമിട്ടത്

MediaOne Logo
2018ൽ എടുത്ത 45 ലക്ഷം രൂപ ഭവന വായ്പ കാലാവധിക്ക് 8 വർഷം മുമ്പേ അടച്ചുതീർത്തുവെന്ന് യുവാവ്; സാമ്പത്തികമായ മണ്ടത്തരമെന്ന് സുഹൃത്തുക്കൾ! ചെയ്യേണ്ടത് ഇങ്ങനെ?
X

ഒരു വീട് സ്വന്തമാക്കുക എന്നത് പലർക്കും ഒരു സ്വപ്നമാണ്. ഇന്ത്യയിൽ സ്വന്തമായി ഒരു വീട് എന്നത് കേവലമൊരു സാമ്പത്തിക ആസ്തി എന്നതിലുപരി വൈകാരികമായി ഏറെ പ്രാധാന്യമുള്ള ഒന്നാണ്. പല കുടുംബങ്ങൾക്കും, വായ്പകളില്ലാത്ത സ്വന്തം വീട് എന്നത് സുരക്ഷിതത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ദീർഘകാല സ്ഥിരതയുടെയും പ്രതീകമാണ്.

നീണ്ട വർഷങ്ങളിലെ ഇഎംഐകളാണ് പലപ്പോഴും പലരുടേയും പ്രശ്നം. 45 ലക്ഷം രൂപയുടെ ഭവനവായ്പ ഷെഡ്യൂളിന് വർഷങ്ങൾക്ക് മുമ്പ് തന്നെ തിരിച്ചടയ്ക്കുന്നതിനെക്കുറിച്ചുള്ള ഒരാളുടെ റെഡ്ഡിറ്റ് പോസ്റ്റാണ് ഇപ്പോൾ ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. കടം, നിക്ഷേപം, മനസമാധാനം എന്നിവയെക്കുറിച്ച് വിശാലമായ ചർച്ചയ്ക്കും പോസ്റ്റ് തുടക്കമിട്ടു.

വായ്പ തിരിച്ചടച്ചതായും മറ്റെവിടെയെങ്കിലും നിക്ഷേപിക്കുന്നതിനുപകരം പ്രീപേയ്‌മെന്റിനായി അധിക വരുമാനം ചെലവഴിച്ചുകൊണ്ട് പ്രതീക്ഷിച്ചതിലും വളരെ നേരത്തെ തന്നെ അത് തിരിച്ചടയ്ക്കാൻ കഴിഞ്ഞതായും ഉപയോക്താവ് പങ്കുവെച്ചു. “2018 ൽ 45 ലക്ഷം രൂപയുടെ ഭവനവായ്പ എടുത്തു. ഷെഡ്യൂളിന് 8 വർഷം മുമ്പേ കഴിഞ്ഞ മാസം അത് പൂർണമായും അടച്ചുതീർത്തു. ഓരോ അധിക രൂപയും നിക്ഷേപങ്ങൾക്ക് പകരം പ്രീപേയ്‌മെന്റിലേക്ക് പോയി” പോസ്റ്റിൽ പറയുന്നു.

എന്നാൽ, തീരുമാനത്തോട് ഉണ്ടായ സുഹൃത്തുക്കളിൽ നിന്നുണ്ടായ പ്രതികരണങ്ങൾ ഉപയോക്താവ് പ്രതീക്ഷിച്ചതിൽ തികച്ചും വിപരീതമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. പണം നിക്ഷേപിക്കുന്നതായിരുന്നു കൂടുതൽ നല്ല ഓപ്ഷൻ എന്ന് അവർ പറഞ്ഞു. ഇത്രയും വേഗത്തിൽ വായ്പ അടച്ചുതീർത്തത് സാമ്പത്തികമായി ദീർഘവീക്ഷണമില്ലാത്ത തീരുമാനമായിപ്പോയി എന്നാണ് അഭിപ്രായപ്പെട്ടത്. അവരുടെ വാദം ലളിതമായിരുന്നു. ലോൺ അടയ്ക്കാൻ ഉപയോഗിച്ച അധിക പണം മ്യൂച്വൽ ഫണ്ടുകളിലോ മറ്റ് വിപണിബന്ധിത നിക്ഷേപങ്ങളിലോ നിക്ഷേപിച്ചിരുന്നെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ മികച്ച ലാഭം നൽകുമായിരുന്നു.

താൻ പ്രതീക്ഷിച്ച പ്രതികരണമായിരുന്നില്ല അവിടെനിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. എടുത്തത് തെറ്റായ സാമ്പത്തിക തീരുമാനമാണെന്നും, മ്യൂച്വൽ ഫണ്ടുകളിൽ ഇട്ടിരുന്നെങ്കിൽ ഈ പണത്തിന് കൂടുതൽ കൂട്ടുപലിശ (compounding) ലഭിക്കുമായിരുന്നുവെന്നും, ഒരു വലിയ അവസരം നഷ്ടപ്പെടുത്തി കളഞ്ഞുവെന്നും അവരിൽ രണ്ടുപേർ ഗൗരവമായിത്തന്നെ വാദിച്ചതായും ആ ഉപയോക്താവ് കുറിച്ചു. വിമർശനങ്ങൾ ഉണ്ടായപ്പോഴും, കടബാധ്യതകളിൽ നിന്ന് പൂർണമായി മുക്തനായതിന് തനിക്ക് മാനസികമായി വലിയ സമാധാനവും ആശ്വാസവും തോന്നുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.

"കണക്കുകൾ വച്ച് നോക്കുമ്പോൾ ഒരുപക്ഷേ അവർ പറയുന്നതായിരിക്കാം ശരി. പക്ഷേ, എന്റെ ജീവിതത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്തത്ര സമാധാനത്തോടെയാണ് ഞാൻ ഇപ്പോൾ ഉറങ്ങുന്നത്," തന്റെ തീരുമാനം തെറ്റായിപ്പോയോ എന്ന് ഓൺലൈനിലൂടെ മറ്റുള്ളവരോട് ചോദിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

കടരഹിതരാകാനുള്ള തീരുമാനത്തെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പിന്തുണച്ചു. സാമ്പത്തിക ഭദ്രത എന്നത് എപ്പോഴും കടലാസിലെ ലാഭം മാത്രം നോക്കി കണക്കാക്കേണ്ട ഒന്നല്ല എന്ന് പലരും പറഞ്ഞു. സ്വന്തം ഭവന വായ്പകൾ കാലാവധിക്ക് മുമ്പേ അടച്ചുതീർത്തതിന്റെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെച്ച പല ഉപയോക്താക്കളും, കടബാധ്യതകൾ ഇല്ലാതാകുമ്പോൾ ലഭിക്കുന്ന മാനസികാവസ്ഥ സാമ്പത്തിക ലാഭവുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് അഭിപ്രായപ്പെട്ടു.

വായ്പ പൂർണമായി അടച്ചുതീർത്തതോടെ, വിപണിയിലെ ഏറ്റക്കുറച്ചിലുകളോ സാമ്പത്തിക അനിശ്ചിതത്വങ്ങളോ തങ്ങളെ ഒട്ടും ബാധിക്കുന്നില്ലെന്ന് ഒരു ഉപയോക്താവ് കുറിച്ചു. വീട് ഇപ്പോൾ പൂർണമായും തങ്ങളുടേതാണ്. അമിതമായ സമ്പത്ത് വർധിദ്ധിപ്പിക്കാനുള്ള തന്ത്രങ്ങളേക്കാൾ ജീവിതത്തിലെ സ്ഥിരത തിരഞ്ഞെടുക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് മറ്റൊരു ഉപയോക്താവും പറഞ്ഞു. നിക്ഷേപങ്ങൾ കാലക്രമേണ കൂടുതൽ ലാഭം തരുമെന്നത് സാങ്കേതികമായി ശരിയാണെങ്കിലും, പതിറ്റാണ്ടുകളോളം കടം തലയിലേറ്റിക്കൊണ്ട് ജീവിക്കാൻ എല്ലാവർക്കും സാധിക്കില്ലെന്ന് മറ്റുള്ളവർ ചൂണ്ടിക്കാണിച്ചു.

വൈറലായ ഈ റെഡ്ഡിറ്റ് (Reddit) പോസ്റ്റ്, സാമ്പത്തിക കാര്യങ്ങളിലെ വലിയൊരു സംവാദത്തിന് വീണ്ടും വഴിതുറന്നു. ലഭിക്കുന്ന അധിക പണം നിക്ഷേപങ്ങളിലേക്ക് മാറ്റണോ, അതോ വായ്പകൾ വേഗത്തിൽ അടച്ചുതീർക്കാൻ ഉപയോഗിക്കണോ എന്നാണിത്.

നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം ഭവന വായ്പയുടെ പലിശ നിരക്കിനേക്കാൾ കൂടുതലാണെങ്കിൽ, പണം നിക്ഷേപിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ വലിയ സമ്പത്ത് സൃഷ്ടിക്കാൻ സഹായിക്കുമെന്ന് പല വിദഗ്ധരും വാദിക്കുന്നു. എന്നാൽ, വ്യക്തിപരമായ സാമ്പത്തിക തീരുമാനങ്ങൾ വെറും കണക്കുകൂട്ടലുകളെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല.

റിസ്ക് എടുക്കാനുള്ള ശേഷി, ജോലിയുടെ സ്ഥിരത, കുടുംബപരമായ ഉത്തരവാദിത്തങ്ങൾ, മാനസികാരോഗ്യം എന്നിവയെല്ലാം ആളുകൾ പണം കൈകാര്യം ചെയ്യുന്ന രീതിയെ സ്വാധീനിക്കാറുണ്ട്. ചിലർക്ക് നിക്ഷേപങ്ങൾ വളരുന്നത് കാണുമ്പോൾ ആത്മവിശ്വാസം കൂടുമ്പോൾ, മറ്റുള്ളവർക്ക് കടങ്ങൾ ഇല്ലാതാകുന്നത് വലിയൊരു സ്വാതന്ത്ര്യവും സുരക്ഷിതത്വബോധവുമാണ് നൽകുന്നത്. ലോൺ പകുതി മുൻകൂട്ടി അടയ്ക്കുന്നതോടൊപ്പം തന്നെ എസ്‌ഐപികളും (SIPs) ദീർഘകാല നിക്ഷേപങ്ങളും തുടർന്നുകൊണ്ട് ഇരു വശങ്ങളും ഒരേപോലെ കൊണ്ടുപോകാമെന്ന് ചില ഉപയോക്താക്കൾ നിർദ്ദേശിച്ചു.

പുതിയ തലമുറ നിക്ഷേപങ്ങൾ, കൂട്ടുപലിശയുടെ ലാഭം (compounding), സാമ്പത്തിക വിപണിയിലൂടെയുള്ള സമ്പത്ത് വർധനവ് എന്നിവയിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുൻഗണനകളിലെ ഈ രണ്ട് വ്യത്യസ്ത ചിന്താഗതികൾ തമ്മിലുള്ള കൂട്ടുമുട്ടലാണ് ഓൺലൈനിൽ ഇത്ര വലിയൊരു ചർച്ചയ്ക്ക് കാരണമായത്.

TAGS :

Next Story