Quantcast

മൈലേജ് 30% കുറയും, എഞ്ചിൻ തുരുമ്പിക്കും? വരുന്നു 'ചതി'?

പെട്രോളിലിൽ നിശ്ചിത അളവിൽ കരിമ്പ്, ചോളം പോലുള്ള കാർഷിക വിളകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന എഥനോൾ ചേർത്ത് ഉപയോഗിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. നിലവിൽ 20 ശതമാനം വരെ എഥനോളാണ് ഇന്ത്യയിൽ പെട്രോളിനൊപ്പം വിജയകരമായി ചേർക്കുന്നത്

MediaOne Logo

Web Desk

  • Published:

    27 May 2026 10:10 PM IST

മൈലേജ് 30% കുറയും, എഞ്ചിൻ തുരുമ്പിക്കും?    വരുന്നു  ചതി?
X

പെട്രോൾ അടിക്കാൻ പമ്പിൽ കയറാൻ പേടിയാകുന്ന ഒരു കാലം വീണ്ടും വരികയാണോ? വെറും 10 ദിവസത്തിനിടെ മൂന്ന് തവണയാണ് ഇന്ത്യയിൽ എണ്ണവില വർദ്ധിച്ചത്! ഇതിനൊരു അറുതിയുണ്ടാകില്ലേ എന്ന് ചോദിച്ചാൽ, എണ്ണക്കമ്പനികൾ നൽകുന്ന സൂചന 'ഇല്ല' എന്ന് തന്നെയാണ്! പശ്ചിമേഷ്യൻ സംഘർഷം കാരണം ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഇപ്പൊഴും നിയന്ത്രണമില്ലാതെ കുതിച്ചുയരുകയാണ്. യുദ്ധം തുടങ്ങുന്നതിന് മുൻപ് അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 70 ഡോളറായിരുന്നു ക്രൂഡോയിലിന്റെ വില. എന്നാൽ യുദ്ധം തുടങ്ങിയതിന് പിന്നാലെ അത് 80-ലേക്കും, പിന്നീട് 90-ലേക്കും, ഒടുവിൽ 100 ഡോളറും പിന്നിട്ട് മുന്നോട്ട് പോയി. ഒരു ഘട്ടത്തിൽ 110 ഡോളറും കഴിഞ്ഞ് കുതിച്ച, ഇന്ത്യ പ്രധാനമായും ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിൽ നിലവിൽ 103 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.

ആഗോളവിപണിയിലെ ഈ വിലവർദ്ധനവിന് ആനുപാതികമായി ഇന്ത്യയിലും എണ്ണവില കുത്തനെ കൂട്ടാൻ കമ്പനികൾ നിർബന്ധിതരായിരിക്കുകയാണ്. എന്നാൽ, ഇതുകൊണ്ട് മാത്രം വില വർദ്ധനവ് നിൽക്കില്ലെന്ന സൂചനയാണ് എണ്ണകമ്പനികൾ ഇപ്പോൾ നൽകുന്നത്. രാജ്യാന്തര വിപണിയിൽ എണ്ണവില മാറ്റമില്ലാതെ തുടരുകയാണെങ്കിൽ സാധാരണക്കാരന്റെ പോക്കറ്റ് കീറിക്കൊണ്ട് ഇനിയും വിലകൂട്ടേണ്ടി വരുമെന്നാണ് ഭാരത് പെട്രോളിയം കോർപറേഷൻ ഡയറക്ടർ രാജ് കുമാർ ദുബെ വ്യക്തമാക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ, ഉയർന്ന ഇന്ധനവിലയിൽ നിന്ന് രാജ്യത്തിന് അടുത്തകാലത്തൊന്നും ഒരു രക്ഷയുമുണ്ടാകില്ലെന്ന് വേണം ഇതിൽ നിന്നെല്ലാം മനസ്സിലാക്കാൻ.

വിലക്കയറ്റത്തിനൊപ്പമാണ് ക്ഷാമം സൃഷ്ടിക്കുന്ന മറ്റൊരു വലിയ പ്രതിസന്ധി. രാജ്യത്ത് 42 ദിവസത്തേക്കുള്ള ഇന്ധനം നിലവിൽ സ്‌റ്റോക്കുണ്ടെന്ന് എണ്ണകമ്പനികൾ ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും, ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ഇന്ധനക്ഷാമം ഉണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും ജനങ്ങൾക്കിടയിൽ വ്യാപകമായതോടെ, രാജ്യവ്യാപകമായി യാതൊരുവിധ ക്ഷാമവുമില്ലെന്നും പ്രാദേശികതലത്തിൽ മാത്രമാണ് ചില സാങ്കേതിക പ്രശ്‌നങ്ങളുള്ളതെന്നും അത് പരിഹരിക്കാനുള്ള നീക്കങ്ങൾ വേഗത്തിൽ നടത്തുകയാണെന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷന് പ്രത്യേക പ്രസ്താവന ഇറക്കി വിശദീകരിക്കേണ്ടി വന്നു. എന്നാൽ ഇതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള വിവരങ്ങൾ. വില ഇനിയും കൂടുമെന്ന പ്രതീക്ഷയിൽ ചിലയിടങ്ങളിൽ എണ്ണകമ്പനികൾ തന്നെ ഇന്ധനവിതരണത്തിൽ ബോധപൂർവ്വം നിയന്ത്രണമേർപ്പെടുത്തുകയാണെന്ന ഗുരുതരമായ റിപ്പോർട്ടുകളും ഇതിനിടയിൽ വരുന്നുണ്ട്.

ഈ സാഹചര്യങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് ഒരേയൊരു കാര്യത്തിലേക്കാണ്. നമ്മൾ എത്രയും വേഗം മറ്റ് ബദൽ ഇന്ധനങ്ങളിലേക്ക് തിരിയേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളാണ് നിലവിൽ രാജ്യത്തിന് മുന്നിലുള്ള പ്രധാന ബദൽവഴി. എന്നാൽ, ഇലക്ട്രിക് വാഹനങ്ങളുടെ ഇക്കോസിസ്റ്റത്തിലേക്ക് പൂർണ്ണമായും മാറാൻ ഇന്ത്യൻ വാഹനവിപണിക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. നിരവധി പുതിയ ഇലക്ട്രിക് മോഡലുകൾ വിപണിയിൽ ലഭ്യമാണെങ്കിൽ പോലും, ആവശ്യത്തിന് ചാർജിംഗ് സ്‌റ്റേഷനുകൾ ഇല്ലാത്തതും, ബാറ്ററി ചാർജ് ചെയ്യാൻ എടുക്കുന്ന ഉയർന്ന സമയവുമെല്ലാം സാധാരണക്കാരായ ആളുകളെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന് ഇപ്പോഴും അകറ്റി നിർത്തുകയാണ്. വരുന്ന 2030-നകം രാജ്യം സമ്പൂർണ്ണമായി ഇലക്ട്രിക്കാവുകയെന്ന വലിയ ലക്ഷ്യത്തിൽ നിന്നും താൽക്കാലികമായി പിന്മാറാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചതും ഈ പ്രായോഗിക ബുദ്ധിമുട്ടുകൾ തന്നെയാണ്. ഒടുവിൽ, രാജ്യം നേരിടുന്ന ഈ കടുത്ത ഇന്ധനപ്രതിസന്ധിക്ക് ഉടനടി പരിഹാരം കാണാൻ കേന്ദ്രം ഇറക്കിയ പുതിയൊരു 'ഒറ്റമൂലി'യായിരുന്നു ഇന്ധനങ്ങളിലെ എഥനോൾ ചേർക്കൽ അഥവാ എഥനോൾ ബ്ലെൻഡിംഗ്.

പെട്രോളിലിൽ നിശ്ചിത അളവിൽ കരിമ്പ്, ചോളം പോലുള്ള കാർഷിക വിളകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന എഥനോൾ ചേർത്ത് ഉപയോഗിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. നിലവിൽ 20 ശതമാനം വരെ എഥനോളാണ് ഇന്ത്യയിൽ പെട്രോളിനൊപ്പം വിജയകരമായി ചേർക്കുന്നത്. എന്നാൽ ഇപ്പോഴത്തെ പ്രതിസന്ധി കണക്കിലെടുത്ത് അത് 30 ശതമാനാക്കി ഉയർത്താനുള്ള ഉത്തരവ് കേന്ദ്ര സർക്കാർ നൽകിക്കഴിഞ്ഞു. അതിനൊപ്പം തന്നെ വാഹനലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന മറ്റൊരു സുപ്രധാന പ്രഖ്യാപനവും കേന്ദ്രസർക്കാർ നടത്തിയിട്ടുണ്ട്. ഭാവിയിൽ 100 ശതമാനം എഥനോളിൽ, അല്ലെങ്കിൽ 'ഫ്ലെക്സ് ഫ്യൂവലിൽ' ഓടുന്ന വാഹനങ്ങൾ രാജ്യത്ത് വ്യാപകമാക്കുമെന്നും, ഇതിനായി ആവശ്യമായ ഇന്ധനം വിപണിയിൽ പുറത്തിറക്കുമെന്നുമായിരുന്നു ആ പ്രഖ്യാപനം.

ഇതിന്റെ ആദ്യപടിയായി രാജ്യത്ത് 100 ശതമാനം എഥനോൾ മാത്രം വിൽക്കുന്ന 150 പ്രത്യേക പമ്പുകൾ ഉടൻ തുറക്കുമെന്നും, അടുത്ത 24 മാസത്തിനുള്ളിൽ പമ്പുകളുടെ എണ്ണം അയ്യായിരത്തിലേക്ക് ഉയർത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. വരാൻ പോകുന്ന ജൂൺ അഞ്ചാം തീയതിയോടെ 100 ശതമാനം എഥനോളിൽ മാത്രം ഓടുന്ന പുതിയൊരു വാഹനം മാരുതി പുറത്തിറക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും വ്യക്തമാക്കിയതോടെ, വാഹനങ്ങളിലെ ഇലക്ട്രിക് യുഗത്തിനൊപ്പം ഇന്ത്യയിൽ വലിയൊരു 'എഥനോൾ യുഗവും' വരുന്നത് ഉറപ്പായിരിക്കുകയാണ്.

എന്നാൽ, 100 ശതമാനം എഥനോൾ ഉപയോഗിക്കുന്ന വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കൊണ്ടും, നിലവിലെ പെട്രോളിൽ എഥനോളിന്റെ അളവ് വർദ്ധിപ്പിക്കുന്നത് കൊണ്ടും എന്താണ് പ്രശ്നമെന്ന് ചോദിക്കുന്നവരുണ്ട്. അതിനുള്ള ഉത്തരം, നമ്മൾ വിചാരിക്കുന്നതിലും വലിയ ചില പ്രായോഗിക പ്രശ്നങ്ങൾ ഇതിലുണ്ടെന്ന് തന്നെയാണ്. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം മൈലേജിലെ വൻ കുറവ് തന്നെയാണ്. 100 ശതമാനം എഥനോൾ മാത്രം ഉപയോഗിക്കുന്ന വാഹനങ്ങൾക്ക്, സാധാരണ പെട്രോൾ ഉപയോഗിക്കുന്നതിനേക്കാൾ 30 ശതമാനത്തോളം മൈലേജ് കുറവായിരിക്കും. മൈലേജ് കുറയുന്ന സാഹചര്യത്തിൽ ഫ്ലെക്സ് ഫ്യുവലിന് വിപണിയിൽ വില കുറച്ച് നൽകണമെന്ന് വലിയ വാഹനനിർമ്മാതാക്കൾ തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. പക്ഷേ, സാധാരണക്കാരെ ബാധിക്കുന്ന ഈ കാര്യത്തിൽ കൃത്യമായൊരു ഉറപ്പും നൽകാൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

പ്രശ്നങ്ങൾ അവിടെയും തീരുന്നില്ല. എഥനോൾ നിർമ്മാണത്തിനായി കരിമ്പും ചോളവും വൻതോതിൽ ഉപയോഗിക്കാൻ തുടങ്ങിയാൽ, ഭക്ഷ്യാവശ്യങ്ങൾക്കായി രാജ്യത്ത് ലഭ്യമാകേണ്ട ധാന്യങ്ങളുടെ അളവ് ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. ഇത് പൊതുവിപണിയിൽ വൻതോതിലുള്ള ധാന്യക്ഷാമത്തിനും വിലക്കയറ്റത്തിനും വഴിതെളിച്ചേക്കാം. മറ്റൊരു പ്രധാന വശം, കരിമ്പ്, ചോളം എന്നിവ കൃഷി ചെയ്യാൻ വലിയതോതിൽ വെള്ളം ആവശ്യമാണ് എന്നതാണ്. എഥനോൾ ഉത്പാദനം കൂട്ടാനായി ഈ വിളകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമ്പോൾ ഭൂഗർഭ ജലനിരപ്പ് താഴാനും കടുത്ത ജലക്ഷാമത്തിനും അത് കാരണമായേക്കാം. ഇതിനൊക്കെ പുറമെയാണ് നിലവിൽ നമ്മൾ ഉപയോഗിക്കുന്ന പഴയ വാഹനങ്ങളിലെ പ്രതിസന്ധി. പഴയ വാഹനങ്ങളിൽ എഥനോൾ കലർന്ന പെട്രോൾ കൂടുതലായി ഉപയോഗിക്കുമ്പോൾ അത് എഞ്ചിന്റെ ആയുസ്സിനെ ബാധിക്കും. എഥനോളിന് അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം വേഗത്തിൽ വലിച്ചെടുക്കാനുള്ള ഒരു പ്രത്യേക സ്വഭാവമുണ്ട്. ഇത് പഴയ വാഹനങ്ങളുടെ എഞ്ചിനുകളിലെ പൈപ്പുകൾ, ഗാസ്‌കറ്റുകൾ എന്നിവ വളരെ പെട്ടെന്ന് ദ്രവിക്കുന്നതിനും തുരുമ്പെടുക്കുന്നതിനും കാരണമാകും.

ഫോസിൽ ഇന്ധനങ്ങളെ മാത്രം ആശ്രയിച്ച് ഒരു രാജ്യത്തിനും മുന്നോട്ട് പോകാനാവില്ല എന്ന കാര്യത്തിൽ ആർക്കും രണ്ട് പക്ഷമില്ല. അതുകൊണ്ട് തന്നെ പെട്രോളിന് പകരമായി കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്ന എഥനോൾ എന്ന ആശയത്തെ നമ്മൾ പൂർണ്ണമായി തള്ളിക്കളയുന്നുമില്ല. എന്നാൽ ഇത്തരം വലിയ ആശങ്കകൾക്ക് കൃത്യമായ ശാസ്ത്രീയ പരിഹാരം കാണാതെ എഥനോളുമായി മാത്രം മുന്നോട്ടുപോകുന്നത് രാജ്യത്തിന് ദീർഘകാല അടിസ്ഥാനത്തിൽ ഗുണകരമാവില്ല. എഥനോൾ നിർമ്മാണത്തിലൂടെ ഉടലെടുത്തേക്കാവുന്ന കാർഷിക ജലപ്രതിസന്ധിയും, വാഹനങ്ങൾക്കുണ്ടാകുന്ന മൈലേജ് കുറവും നമ്മൾ ഗൗരവമായി പരിഗണിച്ചേ മതിയാകൂ. എഥനോളിനൊപ്പം തന്നെ മറ്റ് ബദൽ ഇന്ധനങ്ങളെ കുറിച്ചും ശക്തമായി ചിന്തിച്ചു തുടങ്ങിയാൽ മാത്രമേ, വരാൻ പോകുന്ന വലിയൊരു ഇന്ധന പ്രതിസന്ധിയിൽ നിന്ന് ഇന്ത്യക്ക് എന്നെന്നേക്കുമായി കരകയറാനാകൂ.

TAGS :

Next Story