മൂന്ന് രൂപയില്‍ നില്‍ക്കില്ല; പെട്രോളിനും ഡീസലിനും ഇനി എത്ര രൂപ കൂടും ?
ഇന്ധനവിലയുടെ നിലവിലുള്ള വര്‍ധനവ് ആദ്യഘട്ടം മാത്രമാണെന്നും വരും ദിവസങ്ങളില്‍ വില വീണ്ടും ഉയരുമെന്നും പണപ്പെരുപ്പത്തെ ഭയന്നാണ് മൂന്ന് രൂപ മാത്രം കൂട്ടിയതെന്നുമാണ് ജിയോജിത് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നത്

മുംബൈ: പെട്രോളിനും ഡീസലിനും മൂന്ന് രൂപ വര്‍ധിപ്പിക്കാന്‍ എണ്ണകമ്പനികള്‍ തീരുമാനമെടുത്തിരിക്കുകയാണ്. എന്നാല്‍ മൂന്ന് രൂപ വര്‍ധനവ് കൊണ്ട് നിലവില്‍ കമ്പനികള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ കഴിയില്ലെന്നാണ് എണ്ണകമ്പനികളുമായി ബന്ധപ്പെട്ടവൃത്തങ്ങളും വിപണി വിദഗ്ധരും സൂചിപ്പിക്കുന്നത്.
പ്രതിദിനം 1000 കോടിക്ക് മുകളില്‍ എണ്ണകമ്പനികള്‍ക്ക് നഷ്ടമുണ്ടെന്ന കണക്കുകള്‍ പുറത്ത് വന്നിരുന്നു. ഒരു ലിറ്റര്‍ പെട്രോള്‍ 20 രൂപ നഷ്ടത്തിലും ഡീസല്‍ ശരാശരി 42 രൂപ നഷ്ടത്തിലുമാണ് വില്‍ക്കുന്നതെന്നാണ് പൊതുമേഖല എണ്ണകമ്പനികള്‍ വിശദീകരിച്ചിരിക്കുന്നത്. തീരുവ കുറച്ച് കേന്ദ്രസര്‍ക്കാര്‍ നഷ്ടത്തിന്റെ ഒരു വിഹിതം ഏറ്റെടുത്തുവെങ്കിലും അതും മതിയാവില്ലെന്നാണ് കമ്പനികള്‍ പറയുന്നത്.
ഇന്ധനവിലയുടെ നിലവിലുള്ള വര്‍ധനവ് ആദ്യഘട്ടം മാത്രമാണെന്നും വരും ദിവസങ്ങളില്‍ വില വീണ്ടും ഉയരുമെന്നും പണപ്പെരുപ്പത്തെ ഭയന്നാണ് മൂന്ന് രൂപ മാത്രം കൂട്ടിയതെന്നുമാണ് ജിയോജിത് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നത്.
ഇന്ധനവില അഞ്ച് രൂപ മുതല്‍ 30 വരെ വര്‍ധിക്കുമെന്നാണ് പല വിപണിവിദഗ്ധരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പണപ്പെരുപ്പം ഭയന്ന് തല്‍ക്കാലത്തേക്ക് വില വര്‍ധനവ് മൂന്ന് രൂപയില്‍ ഒതുക്കി വരുംനാളുകളില്‍ പെട്രോള്‍ വിലയില്‍ 20 രൂപയുടേയും ഡീസലില്‍ 30 രൂപയുടേയും വര്‍ധനവുണ്ടാവാന്‍ അധിക താമസമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇന്ധനവില വര്‍ധിപ്പിച്ചിട്ടും എണ്ണകമ്പനികള്‍ക്ക് ഓഹരിവിപണിയില്‍ രക്ഷയില്ല. പൊതുമേഖല കമ്പനികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നീ പൊതുമേഖല കമ്പനികളുടെ ഓഹരികള്‍ നഷ്്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. വിപണി പ്രതീക്ഷിച്ച വിലവര്‍ധനവ് ഉണ്ടാവാത്തതാണ് എണ്ണകമ്പനികളുടെ ഓഹരി വിലയിടിയാന്‍ കാരണം.
ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഓഹരിവില ബിഎസ്ഇയില്‍ 2.65 ശതമാനം ഇടിഞ്ഞു. 367.10ത്തിലേക്കാണ് ഡോളര്‍വില ഇടിഞ്ഞത്. ബിപിസിഎല്ലിന്റെ വില രണ്ട് ശതമാനം ഇടിഞ്ഞ് 289.05 ആയി. ഐഒസിയുടെ വില 0.6 ശതമാനം ഇടിഞ്ഞ് 139.35 രൂപയായി കുറഞ്ഞു.
ആഗോളവിപണിയില്‍ എണ്ണവില ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില 120 ഡോളറിലേക്ക് എത്തുമെന്ന പ്രവചനങ്ങള്‍ വന്നു കഴിഞ്ഞു. നിലവില്‍ 110 ഡോളറിനടുത്താണ് ബ്രെന്റ് ക്രൂഡോയിലിന്റെ വ്യാപാരം അന്താരാഷ്ട്ര വിപണിയില്‍ പുരോഗമിക്കുന്നത്.
Adjust Story Font
16

