യുദ്ധത്തീയില്‍ എണ്ണ വില കുതിക്കുന്നു; ഹോര്‍മുസ് അടച്ചതോടെ വരാനിരിക്കുന്നത് വന്‍ വിലക്കയറ്റം
യുദ്ധ പശ്ചാത്തലത്തില്‍ വിതരണ ശൃംഖലയിലുണ്ടാവുന്ന തടസ്സങ്ങളാണ് അസംസ്‌കൃത എണ്ണയുടെ വില വര്‍ധിപ്പിക്കുന്നത്

- Updated:
2026-03-03 06:51:26.0

തെഹ്‌റാന്‍: പശ്ചിമേഷ്യ യുദ്ധഭീതിയിലായതോടെ എണ്ണവിലയില്‍ മൂന്നാംദിവസവും കുതിപ്പ്. ഇന്ത്യ ഉള്‍പ്പടെ രാജ്യങ്ങള്‍ ഉല്‍യോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില വീപ്പയ്ക്ക് 2.59 ശതമാനം വര്‍ധിച്ച് 79.75 ഡോളറായി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടയുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതോടെ വില ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.
ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ എണ്ണവില 82.37 ഡോളര്‍ വരെ വര്‍ധിച്ചിരുന്നു. 2025 ജനുവരിക്ക് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വിലയാണിത്. ഡബ്ല്യുടിഐ എണ്ണവില 1.6 ശതമാനം വര്‍ധിച്ച് 72.67 എന്ന നിലയിലാണ്.
ഇറാനെതിരെ അമേരിക്ക സൈനിക സന്നാഹം ആരംഭിച്ചപ്പോള്‍ തന്നെ എണ്ണവിലയില്‍ മുന്നേറ്റമുണ്ടായിരുന്നു. ഫെബ്രുവരി 25ന് 72.85 ഡോളര്‍ എന്ന നിലയിലായിരുന്നു ബ്രെന്റ് ക്രൂഡ് വില. ഒരാഴ്ചകൊണ്ട് ഒമ്പത് ശതമാനത്തോളമാണ് വില ഉയര്‍ന്നിരിക്കുന്നത്. യുദ്ധം തുടര്‍ന്നാല്‍ 110 ഡോളര്‍ വരെ വില ഉയരാമെന്നാണ് മുന്നറിയിപ്പ്. ആവശ്യമായതിന്റെ 90 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് വില വര്‍ധന വലിയ തിരിച്ചടിയാകും. മേഖലയിലെ ഊര്‍ജ കേന്ദ്രങ്ങളെ ഇറാന്‍ ലക്ഷ്യമിടുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ എണ്ണ ടാങ്കര്‍ ആക്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിതരണ ശൃംഖലയിലുണ്ടായേക്കാവുന്ന തടസ്സങ്ങളാണ് അസംസ്‌കൃത എണ്ണയുടെ വില വര്‍ധിപ്പിക്കുന്നത്. ഇതോടൊപ്പം, ഗള്‍ഫ് രാജ്യങ്ങളിലെ പല പ്ലാന്റുകളും ആക്രമണത്തെ തുടര്‍ന്ന് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ, എണ്ണയുല്‍പാദനം ഉയര്‍ത്താന്‍ ഞായറാഴ്ച ചേര്‍ന്ന എണ്ണയുല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് തീരുമാനിച്ചിരുന്നു. ദിവസം 2.06 ലക്ഷം വീപ്പയുടെ വര്‍ധനയാണ് വരുത്തുക. എന്നാല്‍, ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചത് വ്യാപാര മേഖലക്ക് കനത്ത തിരിച്ചടിയാണ്. പ്രതിദിനം 20 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. കൂടാതെ ലോകത്തെ 20 ശതമാനം എല്‍എന്‍ജി വിതരണവും നടക്കുന്നത് ഇതുവഴിയാണ്.
Adjust Story Font
16
