Quantcast

RazorPay ഐപിഒയിലേക്ക്: 6000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യം

ഐപിഒ വഴി ഏകദേശം 49,000 മുതൽ 50,000 കോടി രൂപ വരെ വിപണി മൂല്യമാണ് കമ്പനി പ്രതീക്ഷിക്കുന്നത്

MediaOne Logo
RazorPay ഐപിഒയിലേക്ക്: 6000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യം
X

ബെംഗളൂരു: പ്രമുഖ ഇന്ത്യൻ ഫിൻടെക് യൂണികോണായ റേസർപേ (Razorpay) പ്രാഥമിക ഓഹരി വിൽപനയ്ക്ക് ഒരുങ്ങുന്നു. ഐപിഒ നടപടികൾക്കായി കമ്പനിക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. വിപണിയിൽ നിന്ന് 5000 മുതൽ 6000 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനാണ് കമ്പനിയുടെ നീക്കം. ഐപിഒ വഴി ഏകദേശം 49,000 മുതൽ 50,000 കോടി രൂപ വരെ വിപണി മൂല്യമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

2014ൽ ഐഐടി റൂർക്കി പൂർവവിദ്യാർഥികളായ ഹർഷിൽ മാത്തൂറും ശശാങ്ക് കുമാറും ചേർന്നാണ് ബെംഗളൂരു ആസ്ഥാനമായി റേസർപേ സ്ഥാപിച്ചത്. ബിസിനസുകൾക്ക് ഓൺലൈൻ പേയ്‌മെന്റുകൾ എളുപ്പമാക്കുന്ന പേയ്‌മെന്റ് ഗേറ്റ്‌വേ സംവിധാനമായി തുടങ്ങിയ കമ്പനി, നിലവിൽ ബിസിനസ് ബാങ്കിങ്, പേഔട്ട്, പേറോൾ മാനേജ്‌മെന്റ്, എംഎസ്എംഇ വായ്പകൾ തുടങ്ങിയ നിരവധി സാമ്പത്തിക സേവനങ്ങൾ നൽകുന്ന മുൻനിര പ്ലാറ്റ്‌ഫോമായി വളർന്നു.

2024-25 സാമ്പത്തിക വർഷത്തിൽ കമ്പനി ശക്തമായ വരുമാന വളർച്ച കൈവരിച്ചു. ൨൦൨൧ ലെ നിക്ഷേപ സമാഹരണത്തിൽ 7.5 ബില്യൺ ഡോളർ മൂല്യം നേടിയിരുന്ന റേസർപേ, നിലവിലെ വിപണി സാഹചര്യങ്ങൾ കണക്കിലെടുത്ത് ഏകദേശം അഞ്ച് ബില്യൺ ഡോളർ മൂല്യത്തിലാണ് പൊതുവിപണിയിലേക്ക് എത്തുന്നത്. പേടിഎം, ഫോൺപേ, ക്യാഷ്ഫ്രീ തുടങ്ങിയ സ്ഥാപനങ്ങളുമായി മത്സരിക്കുന്ന കമ്പനിയുടെ ഐപിഒ, ഇന്ത്യൻ സ്റ്റാർട്ടപ്പ് രംഗത്ത് നിർണായക വഴിത്തിരിവാകുമെന്നാണ് കണക്ക് കൂട്ടൽ.

ഐപിഒ തീയതി, പ്രൈസ് ബാൻഡ്, റീട്ടെയിൽ നിക്ഷേപകർക്കുള്ള വിഹിതം എന്നിവ സംബന്ധിച്ച അന്തിമ വിവരങ്ങൾ വരും ദിവസങ്ങളിൽ കമ്പനി പുറത്തുവിടും. വരുമാന വളർച്ചക്കൊപ്പം ഭാവിയിലെ ലാഭക്ഷമതയും കണക്കിലെടുത്താകും നിക്ഷേപകർ ഓഹരികളെ സമീപിക്കുക.

TAGS :

Next Story