Quantcast

ഇനി ലക്ഷ്യം അമൂല്‍; ഫ്ലേവേർഡ് മില്‍ക്കുമായി റിലയന്‍സ്

20 രൂപക്കാണ് റിലയന്‍സ് ഉല്‍പന്നം വിപണിയിലെത്തിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    15 Oct 2026 8:32 AM IST

ഇനി ലക്ഷ്യം അമൂല്‍; ഫ്ലേവേർഡ്  മില്‍ക്കുമായി റിലയന്‍സ്
X

ചെന്നൈ: കാംപ കോളയിലൂടെ ശീതളപാനീയ വിപണിയില്‍ ആധിപത്യം ഉറപ്പിച്ചതിന് പിന്നാലെ പാല്‍ വിപണിയിലേക്കും റിലയന്‍സ് ചുവടുവെക്കുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എംഎഫ്‌സിജി വിഭാഗമായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് ജോയ്‌ലാന്‍ഡ് എന്ന പേരില്‍ ഫ്ലേവേർഡ് മില്‍ക്ക് വിപണിയിലെത്തിക്കുന്നു. 20 രൂപക്കാണ് റിലയന്‍സ് ഉല്‍പന്നം വിപണിയിലെത്തിക്കുന്നത്.

തമിഴ്നാട്ടിലാണ് ഉത്പന്നത്തിന്റെ ആദ്യഘട്ട ലോഞ്ച്. സ്ട്രോബെറി, വാനില തുടങ്ങിയ രുചികളിൽ ലഭ്യമാകുന്ന ജോയ്ലാൻഡിലൂടെ റെഡി-ടു-ഡ്രിങ്ക് ഡയറി വിപണിയിലേക്കാണ് റിലയൻസ് കടക്കുന്നത്. നിലവിൽ ഈ വിപണിയിൽ ശക്തമായ സാന്നിധ്യമുള്ള അമുൽ, ഐടിസി, മദർ ഡയറി, നന്ദിനി, കവിൻസ് തുടങ്ങിയ ബ്രാൻഡുകൾക്ക് റിലയൻസിന്റെ വരവ് പുതിയ മത്സരത്തിന് വഴിയൊരുക്കും.

10 രൂപയുടെ കാംപ കോളയിലൂടെ ശീതളപാനീയ വിപണിയിൽ വലിയ കമ്പനികളോട് മത്സരിക്കാൻ റിലയൻസ് നേരത്തേ രംഗത്തെത്തിയിരുന്നു. കുറഞ്ഞ വിലയും വിപുലമായ വിതരണശൃംഖലയും ഉപയോഗിച്ച് വിപണിയിൽ ഇടംപിടിക്കുകയായിരുന്നു ലക്ഷ്യം.

ഇപ്പോൾ പാൽ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കുകയാണ് കമ്പനി. പുതിയ ഉത്പന്നങ്ങളിലൂടെ ഉപഭോക്തൃ ഉത്പന്ന വിഭാഗത്തിന്റെ വളർച്ച വേഗത്തിലാക്കാനും വിപണിയിൽ കൂടുതൽ സാന്നിധ്യം ഉറപ്പാക്കാനുമാണ് ശ്രമം.

ജോയ്‌ലാന്‍ഡിന്റെ വരവ് ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ നൽകുമെന്നും ഗുണനിലവാരവും താങ്ങാവുന്ന വിലയും ഒരുമിപ്പിക്കാനാണ് ലക്ഷ്യമെന്നും റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ഡയറക്ടർ ടി. കൃഷ്ണകുമാർ വ്യക്തമാക്കി. തമിഴ്നാട്ടിൽനിന്ന് ആരംഭിക്കുന്ന വിപുലീകരണം ഘട്ടംഘട്ടമായി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

TAGS :

Next Story