മാസം പതിനായിരം രൂപ നിക്ഷേപം കോടികളായി വളരും; എസ്‌ഐപിയുടെ മാജിക് ഇങ്ങനെ
മൊത്തത്തില്‍ ഒരു വലിയ തുക നിക്ഷേപിക്കുന്നതിനു പകരം കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി

- Published:
26 March 2026 11:17 AM IST

മ്യൂച്വല്‍ ഫണ്ടുകളിലെ ഒരു നിക്ഷേപ മാര്‍ഗമാണ് എസ്‌ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍). മൊത്തത്തില്‍ ഒരു വലിയ തുക നിക്ഷേപിക്കുന്നതിനു പകരം മാസത്തിലൊരിക്കലോ മൂന്നു മാസത്തിലൊരിക്കലോ ഉള്ള കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിക്ഷേപിക്കുന്ന രീതിയാണിത്. ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന എസ്‌ഐപി രീതിയിലൂടെ ചെറിയ നിക്ഷേപങ്ങള്‍ ദീര്‍ഘകാലം കൊണ്ട് വലിയ നേട്ടങ്ങളാക്കി മാറ്റാനാകും.
എസ്‌ഐപി രീതിയില്‍ കുറഞ്ഞ തുകയാണ് മാസം തോറും നിക്ഷേപിക്കുന്നതെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപിക്കേണ്ടത് വളരെ പ്രധാനമാണ്. അതായത്, ഒടുവില്‍ പരമാവധി റിട്ടേണുകള്‍ ലഭിക്കാന്‍ ഏറെക്കാലം നിക്ഷേപം തുടരണം. എത്രകാലം കൂടുതല്‍ നിക്ഷേപം തുടരുന്നുവോ അത്രയും നേട്ടവും കൂടും.
പ്രതിമാസം 10,000 രൂപ എസ്‌ഐപിയിലൂടെ നിക്ഷേപിക്കാനായാല്‍ നിങ്ങള്‍ക്ക് 30 വര്‍ഷം കൊണ്ട് 3.5 കോടി രൂപ വരെ റിട്ടേണ്‍ ലഭിക്കുമെന്നാണ് കണക്കുകള്‍. അത് എങ്ങനെയാണെന്ന് നോക്കാം. 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുമെന്ന അനുമാനത്തിലാണ് ഈ കണക്കുകള്‍.
ആദ്യത്തെ 10 വര്‍ഷം
പ്രതിമാസ നിക്ഷേപം -10,000 രൂപ
10 വര്‍ഷം ആകെ നിക്ഷേപിക്കുന്നത് -12 ലക്ഷം രൂപ
പ്രതീക്ഷിത വാര്‍ഷിക റിട്ടേണ്‍ -12 ശതമാനം
കണക്കാക്കുന്ന മൂല്യം -24 ലക്ഷം രൂപ വരെ
ആദ്യത്തെ 10 വര്‍ഷം നിങ്ങളുടെ 12 ലക്ഷം രൂപ പരമാവധി 24 ലക്ഷമായാണ് മാറുക. തുടര്‍ന്നുള്ള വര്‍ഷങ്ങളിലാണ് മ്യൂച്ചല്‍ ഫണ്ടിലെ കോമ്പൗണ്ടിങ്ങിന്റെ മെച്ചം ലഭിക്കാന്‍ പോകുന്നത്.
20 വര്‍ഷമാകുമ്പോള്‍
പ്രതിമാസ നിക്ഷേപം -10,000 രൂപ
20 വര്‍ഷം ആകെ നിക്ഷേപിക്കുന്നത് -24 ലക്ഷം രൂപ
പ്രതീക്ഷിത വാര്‍ഷിക റിട്ടേണ്‍ -12 ശതമാനം
കണക്കാക്കുന്ന മൂല്യം -95 ലക്ഷം രൂപ മുതല്‍ ഒരു കോടി വരെ
നിങ്ങളുടെ 10,000 രൂപ എസ്‌ഐപിയുടെ നിക്ഷേപം 20 വര്‍ഷം കൊണ്ട് 24 ലക്ഷം രൂപയെ ഒരു കോടിയാക്കി വളര്‍ത്തും. ആദ്യത്തെ 10 വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ റിട്ടേണില്‍ വലിയ വര്‍ധനവ് ഈ കാലയളവിലുണ്ടാകും.
30 വര്‍ഷമാകുമ്പോള്‍
പ്രതിമാസ നിക്ഷേപം -10,000 രൂപ
30 വര്‍ഷം ആകെ നിക്ഷേപിക്കുന്നത് -36 ലക്ഷം രൂപ
പ്രതീക്ഷിത വാര്‍ഷിക റിട്ടേണ്‍ -12 ശതമാനം
കണക്കാക്കുന്ന മൂല്യം -3.5 കോടി രൂപ മുതല്‍ 3.6 കോടി വരെ
30 വര്‍ഷത്തേക്ക് 10,000 രൂപയുടെ എസ്‌ഐപി തുടരുമ്പോള്‍ ആകെ നിക്ഷേപിക്കുന്ന 36 ലക്ഷം രൂപ 3.6 കോടി രൂപ വരെയായി വളരാനുള്ള സാധ്യതയാണ് മ്യൂചല്‍ ഫണ്ടുകളിലുള്ളത്. ആദ്യത്തെ 20 വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ പിന്നീടുള്ള 10 വര്‍ഷത്തില്‍ നിങ്ങളുടെ നിക്ഷേപത്തിന് വളരെ ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കും. വലിയ നേട്ടങ്ങള്‍ക്ക് ദീര്‍ഘകാല നിക്ഷേപം എത്ര പ്രധാനപ്പെട്ടതാണെന്ന് ഇത് കാണിക്കുന്നു. കൂടുതല്‍ കാലം നിക്ഷേപം തുടര്‍ന്നാല്‍ ഉയര്‍ന്ന റിട്ടേണ്‍ മ്യൂചല്‍ ഫണ്ടില്‍ നിന്ന് ലഭിക്കും. മ്യൂചല്‍ ഫണ്ടിലെ കോമ്പൗണ്ടിങ്ങാണ് ഈ ദീര്‍ഘകാല നേട്ടത്തിന്റെ പ്രധാന കാരണം. ആദ്യ വര്‍ഷങ്ങളിലെ നിക്ഷേപത്തിന് ലഭിക്കുന്ന നേട്ടത്തിന് മേല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നേട്ടമുണ്ടാകുന്നതാണ് കോമ്പൗണ്ടിങ്. അതുവഴി നമ്മള്‍ നിക്ഷേപിക്കുന്ന മൂലധനത്തിനും അതിന്റെ നേട്ടത്തിനും വീണ്ടും നേട്ടമുണ്ടാകുകയാണ്.
(ശ്രദ്ധിക്കുക: ഈ ലേഖനം വായനക്കാര്‍ക്ക് നിക്ഷേപ രീതികളെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ മാത്രമുള്ളതാണ്. ഏതെങ്കിലും സ്‌കീമുകളില്‍ നിക്ഷേപിക്കാനുള്ള നിര്‍ദേശമല്ല. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വിപണിയിലെ ലാഭ-നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.)
Adjust Story Font
16
