Quantcast

സ്വര്‍ണത്തിൻ്റെ പകരക്കാരനും വീണു; കൂപ്പുകുത്തി വെള്ളിവില, ഒറ്റ ദിവസം 25 ശതമാനം ഇടിവ്, ചങ്കിടിപ്പില്‍ നിക്ഷേപകര്‍

ആഴ്ചകള്‍ കൊണ്ട് കുതിച്ചുകയറിയ വെള്ളിയില്‍ നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തതോടെയാണ് വില നിലംപതിച്ചത്

MediaOne Logo
silver price fall
X

ഭാവിയില്‍ സ്വര്‍ണത്തിന് പകരക്കാരനാകുമെന്ന് പ്രവചിച്ച വെള്ളിക്ക് വന്‍ വിലയിടിവ്. ആഗോളവിപണിയില്‍ വെള്ളിവില കൂപ്പുകുത്തി. ഒറ്റ ദിവസം കൊണ്ട് 25 ശതമാനത്തിന്റെ വീഴ്ചയാണുണ്ടായത്. 1980കള്‍ക്ക് ശേഷം ഒറ്റദിവസത്തെ ഏറ്റവും വലിയ വിലയിടിവാണിത്. ആഴ്ചകള്‍ കൊണ്ട് കുതിച്ചുകയറിയ വിലയില്‍ നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തതോടെയാണ് വില നിലംപതിച്ചത്. ഇതോടെ, വെള്ളി ഇടിഎഫ് നിക്ഷേപകര്‍ ഉള്‍പ്പെടെ ചങ്കിടിപ്പിലാണ്.

ഔണ്‍സിന് 121 ഡോളര്‍ എന്ന റെക്കോഡ് വിലയില്‍ നിന്ന് 74 ഡോളര്‍ വരെ താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പിന്നീട് 85 ഡോളറിലേക്ക് ഉയര്‍ന്നു. കിലോക്ക് 3,50,000 എന്ന നിലയിലാണ് കേരളത്തിലെ വെള്ളിവില. ഇന്നലെ 4,05,000 രൂപയായിരുന്നു. ഒറ്റ ദിവസം 55,000 രൂപയുടെ ഇടിവാണുണ്ടായത്.

സ്വര്‍ണം, വെള്ളി വിലകളില്‍ നേരിയ ഇടിവിനുള്ള സാധ്യത വിദഗ്ധര്‍ പ്രവചിച്ചിരുന്നു. ഇത് അവസരമാക്കി കൂടുതല്‍ നിക്ഷേപം നടത്താമെന്ന സാധ്യതയും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, പ്രവചനങ്ങളെ മറികടന്ന വിലയിടിവാണ് സ്വര്‍ണത്തിലും വെള്ളിയിലുമുണ്ടായത്. ലാഭമെടുപ്പും വിപണിയിലെ ചാഞ്ചാട്ടവും ഡോളര്‍ നേരിയ തോതില്‍ ശക്തിപ്പെട്ടതുമെല്ലാം വിലയിടിവിന് കാരണമായി.

വെള്ളി, സ്വര്‍ണ വിലകളെ അടിസ്ഥാനമാക്കിയുള്ള ഓഹരിവിപണിയിലെ ഇടിഎഫുകളില്‍ (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) കഴിഞ്ഞ മാസങ്ങളില്‍ വന്‍ കുതിപ്പാണുണ്ടായത്. നിക്ഷേപകര്‍ കൂട്ടത്തോടെ എത്തിയതോടെ മാസങ്ങള്‍ കൊണ്ട് വില ഇരട്ടിച്ചിരുന്നു. എന്നാല്‍, ഇന്നലെ ഒറ്റ ദിവസം കൊണ്ട് 20 ശതമാനത്തിനടുത്താണ് സില്‍വര്‍ ഇടിഎഫുകളില്‍ വിലയിടിഞ്ഞത്.

TAGS :

Next Story