Quantcast

മസ്കിന്റെ സ്പേസ് എക്സിൽ ഇനി നിങ്ങൾക്കും ഓഹരി ഉടമയാകാം; വരുന്നത് ലോകത്തിലെ ഏറ്റവും വലിയ ഐപിഒ

ഇതോടെ ലോകത്തിലെ ആദ്യത്തെ ട്രില്യണയർ എന്ന പദവിയിലേക്കും മസ്‌ക് എത്തും

MediaOne Logo
SpaceX to make history; worlds largest IPO coming up
X

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ഇലോൺ മസ്‌കിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സ് പൊതു ഓഹരി വിപണിയിലേക്ക് ചുവടുവെക്കുന്നു. കമ്പനിയെ പൊതുവിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനായുള്ള രഹസ്യരേഖകൾ യുഎസ് അധികൃതർക്ക് സ്പേസ് എക്സ് സമർപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏകദേശം 1.75 ട്രില്യൺ ഡോളർ വിപണി മൂല്യം ലക്ഷ്യമിട്ടാണ് സ്‌പേസ് എക്‌സ് ഈ നിർണായക ചുവടുവെപ്പിന് ഒരുങ്ങുന്നത്. വിപണിയിൽ നിന്ന് മാത്രം 75 ബില്യൺ ഡോളറോളം സമാഹരിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇത് യാഥാർഥ്യമായാൽ ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ ആയി ഇത് മാറും. 2019ൽ സൗദി അരാംകോ സ്ഥാപിച്ച റെക്കോർഡുകളെല്ലാം ഇതോടെ പഴങ്കഥയാകും.

നാസ്ദാക് സ്റ്റോക്ക് എക്സ്ചേഞ്ചിലാകും സ്പേസ് എക്സ് ലിസ്റ്റ് ചെയ്യുക എന്നാണ് സൂചന. വരാനിരിക്കുന്ന ജൂലൈ മാസത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഓഹരികൾ വിപണിയിലെത്തിയേക്കും. നിലവിൽ ബഹിരാകാശ വിക്ഷേപണ രംഗത്തും സ്റ്റാർലിങ്ക് വഴിയുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങളിലും സ്പേസ് എക്സ് കൈവരിച്ച അഭൂതപൂർവമായ വളർച്ചയാണ് നിക്ഷേപകരെ ആകർഷിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം ഏകദേശം 15 ബില്യൺ ഡോളർ വരുമാനവും 8 ബില്യൺ ഡോളർ ലാഭവും കമ്പനി നേടിയിട്ടുണ്ട്. ഇതിൽ സിംഹഭാഗവും വരുന്നത് സ്റ്റാർലിങ്ക് എന്ന സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനത്തിലൂടെയാണ്. ലോകമെമ്പാടും ഒമ്പത് ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് നിലവിൽ സ്റ്റാർലിങ്കിനുള്ളത്. കൂടാതെ, വീണ്ടും ഉപയോഗിക്കാവുന്ന ഫാൽക്കൺ റോക്കറ്റുകൾ വിക്ഷേപണ ചെലവ് വൻതോതിൽ കുറച്ചതും കമ്പനിയുടെ ലാഭം വർധിപ്പിച്ചു. സ്പേസ് എക്സും മസ്‌കിന്റെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനമായ എക്സ്.എ.ഐയും തമ്മിലുള്ള അടുത്തിടെയുണ്ടായ ലയനം കമ്പനിയുടെ മൂല്യം കുതിച്ചുയരാൻ കാരണമായിരുന്നു. ഐപിഒ യാഥാർത്ഥ്യമാകുന്നതോടെ സാധാരണക്കാരായ നിക്ഷേപകർക്ക് സ്പേസ് എക്സിന്റെയും സ്റ്റാർലിങ്കിന്റെയും വളർച്ചയിൽ പങ്കാളികളാകാൻ സാധിക്കും. കമ്പനിയുടെ ഭരണം മസ്‌കിന്റെ കൈകളിൽ തന്നെ നിലനിർത്തുന്ന രീതിയിലുള്ള ഓഹരി വിന്യാസമായിരിക്കും നടപ്പിലാക്കുക. അതായത്, പുറത്തുനിന്നുള്ളവർക്ക് നിക്ഷേപം നടത്താമെങ്കിലും കമ്പനിയുടെ പ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം മസ്‌കിന് തന്നെയായിരിക്കും.

കൂടാതെ സാമ്പത്തിക വിപണിയിലെ ഈ വമ്പൻ നീക്കം ആഗോള നിക്ഷേപകർക്കിടയിൽ മസ്‌കോണമി എന്നറിയപ്പെടുന്ന മസ്‌കിന്റെ ബിസിനസ് സാമ്രാജ്യത്തിന് വൻ കുതിപ്പുണ്ടാക്കും. നിലവിൽ 850 ബില്യൺ ഡോളറിനടുത്ത് ആസ്തിയുള്ള മസ്‌കിന്റെ സമ്പാദ്യം സ്പേസ് എക്സ് പൊതുവിപണിയിൽ എത്തുന്നതോടെ ഒരു ട്രില്യൺ ഡോളർ കടന്നേക്കും. ഇതോടെ ലോകത്തിലെ ആദ്യത്തെ ട്രില്യണയർ എന്ന പദവിയിലേക്കും മസ്‌ക് എത്തും. ടെസ്ല, എക്സ്, എക്സ്.എ.ഐ തുടങ്ങിയ വമ്പൻ സ്ഥാപനങ്ങളുടെ ഉടമയായ മസ്‌കിന്റെ ബിസിനസ് സാമ്രാജ്യത്തിന് സ്പേസ് എക്സ് ഐപിഒ വലിയൊരു ഊർജമായി മാറും. ഐപിഒ വഴി ലഭിക്കുന്ന മൂലധനം മസ്‌കിന്റെ സ്വപ്ന പദ്ധതിയായ ചൊവ്വാ ദൗത്യങ്ങൾക്കും കരുത്തുപകരുമെന്നാണ് വിലയിരുത്തൽ.

ബഹിരാകാശ വിപണിയിൽ നിലവിൽ സ്പേസ് എക്സിന് വെല്ലുവിളിയുയർത്താൻ മറ്റാരുമില്ലാത്ത അവസ്ഥയാണ്. ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ, യുണൈറ്റഡ് ലോഞ്ച് അലയൻസ് തുടങ്ങിയ കമ്പനികൾ മത്സരരംഗത്തുണ്ടെങ്കിലും വിക്ഷേപണങ്ങളുടെ എണ്ണത്തിൽ സ്പേസ് എക്സ് വളരെ മുന്നിലാണ്. നാസയുടെ ഭൂരിഭാഗം ദൗത്യങ്ങളും ഇപ്പോൾ സ്പേസ് എക്സിന്റെ സഹായത്തോടെയാണ് നടക്കുന്നത്. ഭാവിയിൽ ചന്ദ്രനിലും ചൊവ്വയിലും മനുഷ്യവാസം സാധ്യമാക്കാനുള്ള സ്റ്റാർഷിപ്പ് റോക്കറ്റുകളുടെ വികസനത്തിന് വൻതോതിൽ പണം ആവശ്യമാണ്. ഐപിഒ വഴി ലഭിക്കുന്ന കോടികൾ ഈ ദൗത്യങ്ങൾ വേഗത്തിലാക്കാൻ ഒരുപക്ഷേ സഹായിക്കും. സ്പേസ് എക്സിന്റെ വിജയം ഓപ്പൺ എഐ , ആന്ത്രോപിക് തുടങ്ങിയ മറ്റ് വലിയ സ്റ്റാർട്ടപ്പുകളെയും ഓഹരി വിപണിയിലേക്ക് വരാൻ പ്രേരിപ്പിക്കുമെന്നാണ് വിപണി നിരീക്ഷകർ കരുതുന്നത്.

TAGS :

Next Story