ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് രാജിവെച്ച നാലുപേര്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ്, ഇന്ന് രാജ്യത്തെ നമ്പര്‍ വണ്‍; ഗ്രോയുടെ വിജയക്കുതിപ്പിൻ്റെ കഥ
ഏത് ട്രേഡിങ് പ്ലാറ്റ്ഫോം എടുക്കണം എന്ന് ഒരു തുടക്കക്കാരന്‍ ചോദിക്കുമ്പോള്‍ എല്ലാവരും ആത്മവിശ്വാസത്തോടെ സജസ്റ്റ് ചെയ്യുന്ന ബ്രാന്‍ഡായി ഗ്രോ മാറി.

- Published:
25 Jan 2026 12:12 PM IST

ഗ്രോ സ്ഥാപകരായ ലളിത് കേശ്രി, ഹര്‍ഷ് ജെയിന്‍, നീരജ് സിങ്, ഇഷാന്‍ ബന്‍സാല്‍ എന്നിവര്‍
2016ല്‍ നാല് ടെക്കികള്‍ ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് രാജിവെച്ച് ഒരു സ്റ്റാര്‍ട്ടപ് തുടങ്ങി. 'ഗ്രോ' എന്നായിരുന്നു സ്റ്റാര്‍ട്ടപ്പിൻ്റെ പേര്. മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങാനുള്ള ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമായാണ് തുടക്കം. 2016ല്‍ ഇന്ത്യയിലെ ജനസംഖ്യ 133 കോടിയാണ്. ഓഹരി വിപണിയില്‍ നിക്ഷേപിച്ചിരുന്നത് വെറും മൂന്ന് ശതമാനം പേര്‍ മാത്രം. ലളിത് കേശ്രി, ഹര്‍ഷ് ജെയിന്‍, നീരജ് സിങ്, ഇഷാന്‍ ബന്‍സാല്‍ എന്നിവര്‍ ചേര്‍ന്ന് തൊട്ടടുത്ത വര്‍ഷം തുടക്കമിട്ട ട്രേഡിങ് പ്ലാറ്റ്ഫോം ഇന്ന് ഇന്ത്യയിലെ നമ്പര്‍ വണ്‍ ഷെയര്‍ ബ്രോക്കറാണ്.
ഓഹരിവിപണിയില്‍ സാധാരണക്കാര്‍ക്ക് ഒരിക്കലും ചെന്നെത്താന്‍ സാധിക്കില്ലെന്നായിരുന്നു മുന്‍ ധാരണ. എന്നാല്‍, ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമായി ഡിസ്‌കൗണ്ട് ബ്രോക്കര്‍മാര്‍ സജീവമായപ്പോള്‍ കഥ മാറി. ഷെയര്‍ മാര്‍ക്കറ്റില്‍ ഒരു കൈ നോക്കാമെന്നായി ഏത് സാധാരണക്കാരനും. ആ അവസരമാണ് ഗ്രോയുടെ തുടക്കക്കാര്‍ ഗോള്‍ഡന്‍ അവസരമായി കണ്ടത്.
എന്താണ് സാധാരണക്കാരെ ഷെയര്‍ മാര്‍ക്കറ്റില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന ഘടകം എന്നാണ് ഇവര്‍ ആദ്യം പരിശോധിച്ച് കണ്ടെത്തിയത്. സിംപിളായിരിക്കണം, ആര്‍ക്കും എളുപ്പം മനസ്സിലാകണം, അതേസമയം പവര്‍ഫുളായിരിക്കണം. ഇതായിരുന്നു ഗ്രോയുടെ ലക്ഷ്യം. ഓഹരിവിപണിയിലെ പുലികളെയും എക്സ്പേര്‍ട്ടുകളെയും ആയിരുന്നില്ല ഗ്രോ നോട്ടമിട്ടത്. ആദ്യമായി ഷെയര്‍ വാങ്ങാന്‍ വരുന്ന തുടക്കക്കാരെയായിരുന്നു. ഈ ബിസിനസ് തന്ത്രം വന്‍ വിജയമായി. ഏത് ട്രേഡിങ് പ്ലാറ്റ്ഫോം എടുക്കണം എന്ന് ഒരു തുടക്കക്കാരന്‍ ചോദിക്കുമ്പോള്‍ എല്ലാവരും ആത്മവിശ്വാസത്തോടെ സജസ്റ്റ് ചെയ്യുന്ന ബ്രാന്‍ഡായി ഗ്രോ മാറി.
2017ല്‍ മ്യൂച്ചല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടറായി രംഗത്തെത്തിയ ഗ്രോ ഒരു വര്‍ഷം കൊണ്ട് മാര്‍ക്കറ്റിലെ ജനപ്രിയ മ്യൂച്ചല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടറായി മാറി. സിറോദയും അപ്സ്റ്റോക്സും ഏയ്ഞ്ചല്‍ വണ്ണുമൊക്കെ അടക്കി ഭരിച്ചിരുന്ന ഷെയര്‍ ബ്രോക്കിങ് രംഗത്ത് പതുക്കെ ഗ്രോ കുതിപ്പ് തുടങ്ങി. 2018ല്‍ വെറും മൂന്ന് ലക്ഷം യൂസര്‍മാര്‍ മാത്രമുണ്ടായിരുന്നിടത്ത് 2024ല്‍ 1.3 കോടി യൂസര്‍മാരുമായി ഇന്ത്യയിലെ നമ്പര്‍ വണ്‍ ബ്രോക്കറായി.
സിംപ്ലിസിറ്റിയാണ് ഗ്രോയുടെ മുഖമുദ്ര. അധികം കോംപ്ലിക്കേഷനുകളില്ല. സങ്കീര്‍ണമായ ചാര്‍ട്ടുകളില്ല. എന്നാല്‍, ഇതെല്ലാം വേണ്ടവര്‍ക്ക് അങ്ങനെയും നല്‍കും. ഡീമാറ്റ് അക്കൗണ്ട് തുടങ്ങാന്‍ വളരെ എളുപ്പം. കൂടുതല്‍ ചാര്‍ജുകളില്ല. ഏറ്റവും യൂസര്‍ ഫ്രണ്ട്ലിയായ സ്റ്റോക്ക് ബ്രോക്കറായി പലരും ഗ്രോയെ തിരഞ്ഞെടുത്തു. മൊബൈല്‍ ആപ്പിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഡിസൈന്‍ വലിയ പ്രചാരം നേടി. ആളുകളെല്ലാം അടച്ചുപൂട്ടി വീട്ടിലിരുന്ന കോവിഡ് കാലം ഗ്രോയ്ക്ക് വീണുകിട്ടിയ അവസരമായി. ലക്ഷക്കണക്കിന് പുതുമുഖങ്ങള്‍ ഓഹരിവിപണിയിലെത്തി.
പലഘട്ടങ്ങളിലായി അന്താരാഷ്ട്ര വന്‍കിടക്കാര്‍ ഗ്രോയില്‍ നിക്ഷേപിക്കാനെത്തി. 2025ല്‍ ഗ്രോയുടെ പേരന്റ് കമ്പനിയായ ബില്യണ്‍ബ്രെയിന്‍സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു. ഗ്രോ ഐപിഒ വന്‍ വിജയമായത് നിക്ഷേപകര്‍ക്ക് കമ്പനിയിലുള്ള വിശ്വാസത്തിന്റെ തെളിവായി. സ്റ്റാര്‍ട്ടപ്പായി നാലുപേര്‍ ചേര്‍ന്ന് തുടങ്ങിയ ഗ്രോയുടെ ഇന്നത്തെ വിപണി മൂല്യം 65,000 കോടി രൂപയാണ്. ഒന്നരക്കോടി യൂസേഴ്സാണ് നിലവില്‍ ഗ്രോയ്ക്കുള്ളത്. മ്യൂച്ചല്‍ ഫണ്ടുകള്‍ക്കും ഓഹരികള്‍ക്കും പുറമേ ഡിജിറ്റല്‍ ഗോള്‍ഡ്, ഇടിഎഫുകള്‍ എന്നിവ വാങ്ങാനും ഐപിഒയില്‍ പങ്കെടുക്കാനുള്ള അവസരവും ഗ്രോ നല്‍കുന്നു. സങ്കീര്‍ണമായ ഒരു ബിസിനസ് മേഖലയെ ഏറ്റവും ലളിതമായി എങ്ങനെ കൈകാര്യം ചെയ്യാം എന്നാണ് ഗ്രോ കാണിച്ചുതന്നത്. ആ ലാളിത്യം തന്നെയാണ് ഗ്രോയുടെ വിജയന്ത്രവും.
Adjust Story Font
16
