യുപിഐ ആപ്പിലെ 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്'; ഒടിപി പോലും ഇല്ലാതെ പണം പോകും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...
നമ്മുടെ യുപിഐ അക്കൗണ്ടിലേക്ക് പരിചയമില്ലാത്ത ആളുകളില്‍ നിന്ന് തുക എത്തുന്നതോടെയാണ് തട്ടിപ്പിൻ്റെ തുടക്കം

ന്യൂഡല്‍ഹി: യുപിഐ വഴിയുള്ള പുതിയ തട്ടിപ്പ് രീതിയില്‍ വീഴാതിരിക്കണമെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ബാങ്കുകള്‍. എസ്ബിഐ ഉള്‍പ്പെടെ ബാങ്കുകള്‍ ഇതുസംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് സന്ദേശം അയച്ചിരിക്കുകയാണ്.
യുപിഐ വഴിയാണ് 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്' നടക്കുന്നത്. അല്‍പം അശ്രദ്ധ കാട്ടിയാല്‍ വന്‍ തുകയാണ് നമ്മുടെ അക്കൗണ്ടില്‍ നിന്ന് തട്ടിപ്പുകാര്‍ കൊണ്ടുപോകുക. ഈ തട്ടിപ്പ് നടത്താന്‍ തട്ടിപ്പുകാര്‍ക്ക് നമ്മുടെ ഫോണ്‍ ഹാക്ക് ചെയ്യുകയോ ഒടിപി നല്‍കുകയോ ഒന്നും വേണ്ട. നമ്മുടെ ശ്രദ്ധക്കുറവാണ് 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പി'ന് പ്രധാന കാരണം.
തട്ടിപ്പ് രീതി ഇങ്ങനെ
നമ്മുടെ യുപിഐ അക്കൗണ്ടിലേക്ക് പരിചയമില്ലാത്ത ആളുകളില്‍ നിന്ന് തുക എത്തുന്നതാണ് തട്ടിപ്പിന്റെ മുന്നൊരുക്കം. വലിയ തുകയൊന്നുമായിരിക്കില്ല ഇത്. ചിലപ്പോള്‍ നിസ്സാരമായ തുകയായിരിക്കാം. ഇതിന് പിന്നാലെ പണം അയച്ച 'അപരിചിത' വ്യക്തി നമ്മളെ ബന്ധപ്പെടും. അബദ്ധത്തില്‍ പണം അയച്ചെന്നും പെട്ടെന്ന് തന്നെ തിരികെ അയക്കാനും പറയും. വേഗം തന്നെ പണം തിരികെ അയക്കാന്‍ ഇവര്‍ തന്ത്രപൂര്‍വം നമ്മെ നിര്‍ബന്ധിക്കുകയും സംസാരത്തിലൂടെ വിശ്വാസ്യത സൃഷ്ടിക്കുകയും ചെയ്യും.
അടുത്തതാണ് തട്ടിപ്പിന്റെ നിര്‍ണായക ഘട്ടം. വേഗത്തില്‍ പണം തിരികെ അയക്കാന്‍ നമ്മള്‍ ഫോണെടുക്കുമ്പോള്‍ ഫോണില്‍ അതേസമയം തന്നെ നേരത്തെ വിളിച്ചയാള്‍ ഒരു വലിയ തുകയുടെ യുപിഐ റിക്വസ്റ്റ് അയച്ചിട്ടുണ്ടാകും. ആയിരങ്ങളോ പതിനായിരങ്ങളോ ഒക്കെ ആകാം ഈ യുപിഐ റിക്വസ്റ്റ്. എന്നാല്‍, നേരത്തെ വിളിച്ചയാള്‍ വേഗം പണം തിരികെ അയക്കാന്‍ നിര്‍ബന്ധിച്ചതിന്റെ അടിസ്ഥാനത്തില്‍ ശ്രദ്ധയില്ലാതെ നമ്മള്‍ യുപിഐ പിന്‍ അടിച്ചുകൊടുക്കുമ്പോള്‍ പോകുന്നത് വന്‍ തുകയാണ്. ഇതോടെ അക്കൗണ്ടിലുള്ള വലിയ തുക തട്ടിപ്പുകാരുടെ കയ്യിലാകും.
യഥാര്‍ഥത്തില്‍, ചെറിയ തുക അയച്ച് കൃത്രിമമായൊരു തിരക്ക് സൃഷ്ടിച്ച്, വലിയൊരു തുകയുടെ യുപിഐ റിക്വസ്റ്റ് അയച്ച് നമ്മുടെ അക്കൗണ്ടിലെ പണം കൈക്കലാക്കുന്നതാണ് 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പി'ലെ രീതി. പണം വേഗം തിരിച്ചയക്കാനുള്ള തിരക്ക് സൃഷ്ടിച്ച് നമ്മുടെ ശ്രദ്ധയെ മാറ്റുന്നതിലാണ് തട്ടിപ്പുകാര്‍ വിജയിക്കുന്നത്.
ബാങ്കുകളുടെ മുന്നറിയിപ്പ്
നിങ്ങള്‍ക്ക് അപരിചിതരില്‍ നിന്ന് പണം ലഭിക്കുകയാണെങ്കില്‍ അത് അജ്ഞാതരായ ആരുടെയെങ്കിലും ആവശ്യപ്രകാരം തിരിച്ചയക്കുന്നതിന് മുമ്പ് ബാങ്കുമായി ബന്ധപ്പെടണമെന്നാണ് മുന്നറിയിപ്പ്. യുപിഐ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ പണം അയക്കാനുള്ള റിക്വസ്റ്റുകളോടല്ല പ്രതികരിക്കുന്നത് എന്ന് ഉറപ്പാക്കണം.
സൈബര്‍ തട്ടിപ്പിനിരയായാല്‍ എന്ത് ചെയ്യണം?
സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ്ലൈന്‍ നമ്പറിലോ https://cybercrime.gov.in/ എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ സംവിധാനം. കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നഷ്ടപ്പെട്ട തുക വീണ്ടെടുക്കാന്‍ പൊലീസിനെ സഹായിക്കും.
Adjust Story Font
16

