Quantcast

സ്ഥാനാർഥി നിർണയം: കെ.സി ഗ്രൂപ്പ് മേൽക്കൈ നേടുമോ? അസ്വസ്ഥരായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

സംഘടനാ പ്രശ്നങ്ങള്‍ സമയാ സമയങ്ങളില്‍ തീര്‍ക്കാതെ രാഹുലുമായി ടൂര്‍ അടിക്കുകയാണ് കെ.സി വേണുഗോപാലെന്ന് നേതാക്കള്‍ അടക്കം പറയുന്നു.

MediaOne Logo

  • Published:

    7 March 2021 5:21 PM IST

സ്ഥാനാർഥി നിർണയം: കെ.സി ഗ്രൂപ്പ് മേൽക്കൈ നേടുമോ? അസ്വസ്ഥരായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും
X

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്തെ നേതാക്കളെല്ലാം ഒരു പോലെ ഉറ്റുനോക്കുന്നത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിലേക്കാണ്. സ്ഥാനാര്‍ഥി പട്ടികയില്‍ കെ.സി വേണുഗോപാല്‍ ഏതു രീതിയില്‍ ഇടപെടുമെന്ന ആശങ്കയിലാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍.

സ്ക്രീനിങ് കമ്മിറ്റി യോഗത്തിന് ശേഷം സ്ഥാനാർഥി പട്ടികയുമായി നേതാക്കളെല്ലാം ഡല്‍ഹിയില്‍ എത്തിക്കഴിഞ്ഞു. ഡല്‍ഹിയിലെ ചർച്ചക്ക് ശേഷം കെ.സി ഗ്രൂപ്പിലെ എത്ര പേര്‍ പട്ടികയില്‍ കയറിക്കൂടുമെന്നാണ് നേതാക്കളും അണികളും ഉറ്റുനോക്കുന്നത്. എ.ഐ.സി.സി അംഗീകാരം നല്‍കുന്ന സ്ഥാനാർഥി പട്ടികയുടെ സ്വഭാവം നോക്കിയാവും കെ.സി വേണുഗോപാലിനോടുള്ള ഉമ്മന്‍ചാണ്ടി, ചെന്നിത്തല ഗ്രൂപ്പുകളുടെ സമീപനം രൂപപ്പെടുക.

കെ.പി.സി.സി ഭാരവാഹികളെയും ഡി.സി.സി പ്രസിഡന്‍റുമാരെയും നിശ്ചയിച്ച ഘട്ടങ്ങളിലെല്ലാം കെ.സി വേണുഗോപാല്‍ അപ്രതീക്ഷിതമായി ഇടപെടുകയും എ, ഐ ഗ്രൂപ്പുകളിലൊന്നും പെടാത്ത ചിലര്‍ക്ക് പദവി ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ശക്തമായ എതിര്‍പ്പ് അവഗണിച്ചും തൃശൂര്‍ ഡി.സി.സി പ്രസിഡന്‍റായി എം.പി വിന്‍സെന്റിനെ നിയമിച്ചത് ഒരു ഉദാഹരണം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് ഇടപെടലുണ്ടാകില്ലെന്നാണ് പുറമേക്ക് എല്ലാ നേതാക്കളും പറയുന്നതെങ്കിലും സീറ്റുകള്‍ തീരുമാനിക്കുന്ന ഘട്ടമെത്തിയപ്പോഴേക്കും ഗ്രൂപ്പ് തലപൊക്കിക്കഴിഞ്ഞു. സീറ്റ് ലക്ഷ്യമിടുന്ന ചിലരെങ്കിലും ഐ, എ ഗ്രൂപ്പുകള്‍ വിട്ട് കെ.സി ഗ്രൂപ്പില്‍ ചേര്‍ന്നിട്ടുണ്ട്. കേരളത്തിന്റെ ചാര്‍ജുള്ള എ.ഐ.സി.സി സെക്രട്ടറിമാരും താരീഖ് അന്‍വറും വി.എം സുധീരനെ കണ്ടപ്പോള്‍ സ്ഥാനാര്‍ഥിപ്പട്ടികയിലെ 'ഇടപെടലുകളെ' കുറിച്ച് ആശങ്ക പങ്കിട്ടതായാണ് വിവരം.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടന്ന ചില കോണ്‍ഗ്രസ് പരിപാടികളില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പിനെതിരെ കെ.സി വേണുഗോപാല്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഐ, എ ഗ്രൂപ്പിലുള്ള പലരും കെ.സി ഗ്രൂപ്പായി മാറുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ടി.എന്‍ പ്രതാപന്‍ അടക്കമുള്ള ചിലര്‍ പ്രഖ്യാപിത കെ.സി ഗ്രൂപ്പായി മാറിയെന്ന് മാത്രമല്ല, കെ.സി ഗ്രൂപ്പിലേക്ക് ആളെ ചേര്‍ക്കുന്ന ദൌത്യത്തിലുമാണ്. എ, ഐ ഗ്രൂപ്പുകള്‍ക്ക് സമാന്തരമായി സംസ്ഥാന തലത്തില്‍ വ്യവസ്ഥാപിതമായി കെ.സി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ജോലി ഈ തെരഞ്ഞെടുപ്പ് കാലത്ത് സജീവമായി നടക്കുന്നുണ്ട്. ഐ ഗ്രൂപ്പിലുള്ള ചില സ്ഥാനാർഥി മോഹികളെങ്കിലും കെ.സി ഗ്രൂപ്പിലും കാലുവെച്ച് നില്‍ക്കുന്നതില്‍ രമേശ് ചെന്നിത്തല അസ്വസ്ഥനാണ്.

കെ.സി രാഹുലിന്‍റെ വാതില്‍

രാഹുല്‍ ഗാന്ധിയുടെ എല്ലാ കേരള സന്ദര്‍ശനത്തിലും ആദ്യാവസാനം അനുഗമിക്കുന്ന കെ.സി വേണുഗോപാല്‍ മറ്റു നേതാക്കള്‍ക്ക് രാഹുലുമായി ഇടപെടാന്‍ അവസരം പോലും നല്‍കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. സംഘടനാ ചുതമലയുള്ള ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ പേഴ്സണല്‍ സ്റ്റാഫ് ആയി മാറുന്നുവെന്ന വിമര്‍ശനവും നേതാക്കള്‍ക്കുണ്ട്. ഗോവ മുതല്‍ പുതുച്ചേരി വരെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണം അട്ടിമറിക്കപ്പെടാന്‍ കാരണമായ സംഘടനാ ദൗര്‍ബല്യത്തിന് കെ.സി വേണുഗോപാലും ഉത്തരവാദിയാണ്.

സംഘടനാ പ്രശ്നങ്ങള്‍ സമയാ സമയങ്ങളില്‍ തീര്‍ക്കാതെ രാഹുലുമായി ടൂര്‍ അടിക്കുകയാണ് കെ.സി വേണുഗോപാലെന്ന് നേതാക്കള്‍ അടക്കം പറയുന്നു. ഹൈക്കമാന്‍ഡിനോട് ഇടഞ്ഞു നില്‍ക്കുന്ന 23 അംഗ തിരുത്തല്‍ വാദി സംഘവും കെ.സി വേണുഗോപാലിനെ ശത്രുപട്ടികയില്‍ പെടുത്തിയിട്ടുണ്ട്. സംഘടനാ ചുതമലയുള്ള ജനറല്‍ സെക്രട്ടറി സംഘടനാ ദൗര്‍ബല്യങ്ങളുടെ ഉത്തരവാദിത്തം ഏല്‍ക്കണമെന്നാണ് തിരുത്തല്‍വാദി സംഘത്തിന്റെ നിലപാട്. കേരളത്തിന്റെ പട്ടിക പുറത്തു വരുമ്പോള്‍ കെ.സി വേണുഗോപാല്‍ ഒരിക്കല്‍ കൂടി ശ്രദ്ധാകേന്ദ്രമാകും.

TAGS :

Next Story