വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി; 'രാഹുല്‍ ഗാന്ധി കടലിൽ ചാടിയത് ടൂറിസം വകുപ്പിന് മുതൽകൂട്ടായി'
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുല്‍ ഗാന്ധി നല്ല ടൂറിസ്റ്റാണെന്നും കടലിൽ ചാടിയത് ടൂറിസം വകുപ്പിന് മുതൽ കൂട്ടായെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ബിജെപിയുമായി കോൺഗ്രസ് നേരിട്ട് ഏറ്റുമുട്ടുന്ന ഇടത്ത് നിന്ന് രാഹുൽ ഗാന്ധി ഒഴിഞ്ഞു മാറുകയാണ്. ഗോവ മുതൽ പുതുച്ചേരി വരെ എന്ത് റോളാണ് അദ്ദേഹം വഹിച്ചതെന്നും മുഖ്യമന്ത്രി വിമർശിച്ചു.ശംഖുമുഖത്ത് നടന്ന യുവമഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്തും ചെയ്യാൻ മടിയില്ലാത്ത ചില ദുഷ്ടാത്മാക്കൾ നമ്മുടെ നാട്ടിലുണ്ടെന്നും നെറികേടുകൾ ഈ നാട്ടിൽ ചിലവാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ കൈയ്യിൽ എങ്ങനെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ എത്തിയത്. മത്സ്യത്തൊഴിലാളികളെ പ്രതിപക്ഷം പറ്റിക്കാൻ ശ്രമിച്ചു. ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി കൊടുക്കാൻ സംസ്ഥാന സർക്കാരിന് യാതൊരു അവകാശവുമില്ലെന്നും കേന്ദ്ര സർക്കാരിനാണ് അധികാരമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സി.പി.ഒ ഉദ്യോഗാർഥികളുടെ സെക്രട്ടേറിയറ്റ് സമരത്തെ വിമർശിച്ചും മുഖ്യമന്ത്രി രംഗത്തെത്തി. ഒഴുവ് റിപ്പോർട്ട് ചെയ്യാനേ സർക്കാരിന് കഴിയു. 2021 ഡിസംബർ വരെ വരാനുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് അതിൽ നിയമനം നടത്തി. എന്നിട്ടും അതിന്റെ പേരിൽ ശവമഞ്ചം ചുമക്കുകയാണ് ചിലർ. വസ്തുതകൾ ഒരു വിഭാഗം മാധ്യമങ്ങൾ മറച്ചുവെച്ച് പ്രവർത്തിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16

