സുന്നി ഐക്യം: ചർച്ചകൾ ഫലം കാണുമോ?

ഒരു വര്‍ഷം മുമ്പ് ചര്‍ച്ച ആരംഭിച്ചത് മുതല്‍ ഇരു ഗ്രൂപ്പിലെയും നേതാക്കള്‍ പുലര്‍ത്തുന്ന മിതത്വവും സംയമനവും അസാധാരണമായ ഒന്ന് തന്നെയാണ്.

MediaOne Logo

എം.കെ ഷുക്കൂര്‍

  • Updated:

    2018-09-14 16:24:51.0

Published:

14 Sep 2018 4:24 PM GMT

സുന്നി ഐക്യം: ചർച്ചകൾ ഫലം കാണുമോ?
X

1989 ല്‍ കേരളത്തിലെ സുന്നികള്‍ എ.പി ഗ്രൂപ്പ് ഇ.കെ ഗ്രൂപ്പ് എന്നിങ്ങനെ രണ്ടായി പിളര്‍ന്ന ശേഷം പലതവണ ഐക്യനീക്കങ്ങളും ചര്‍ച്ചകളും നടന്നിട്ടുണ്ട്. സാധാരണ ഐക്യ ചര്‍ച്ച ആരംഭിച്ചാല്‍ രണ്ടോ മൂന്നോ തവണ നേതാക്കള്‍ കൂടിയിരിക്കും. പിന്നീട് ഏതെങ്കിലുമൊരു പ്രശ്നത്തില്‍ തട്ടി ചര്‍ച്ച മുടങ്ങും.

മൂന്നു പതിറ്റാണ്ടിനിടെ ഇതിനൊരു അപവാദമുണ്ടായത് ഇത്തവണയാണ്. ഇത്തവണത്തെ ചര്‍ച്ചയില്‍ ഇതിനകം തുടര്‍ച്ചയായി പതിമൂന്ന് സിറ്റിംഗുകള്‍ നടന്നു കഴിഞ്ഞു. മുന്‍ കാലത്തെ ചര്‍ച്ചകള്‍ കൊണ്ട് ഒരു ഫലവും ഉണ്ടായില്ലെങ്കില്‍ ഇത്തവണ ചെറുതെങ്കിലും എണ്ണിപ്പറയാവുന്ന ഫലങ്ങള്‍ ഇതിനകം തന്നെ ദൃശ്യമായി.

തര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിയ മലപ്പുറം മുടിക്കോട് ജുമാ മസ്ജിദ് തുറന്നു. കൊണ്ടോട്ടിയിലെ രണ്ടു പള്ളികള്‍ തുറക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നു. അവസാനമായി പുതിയ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് ഇരുകൂട്ടരും പ്രഖ്യാപിച്ച് സംയുക്ത പ്രസ്താവനയും പുറത്തിറക്കി. ഏത് സാഹചര്യത്തിലും ചര്‍ച്ചകള്‍ തുടരുമെന്ന തീര്‍പ്പിലാണ് ഇരു കൂട്ടരുമുള്ളത്.

ഒരു വര്‍ഷം മുമ്പ് ചര്‍ച്ച ആരംഭിച്ചത് മുതല്‍ ഇരു ഗ്രൂപ്പിലെയും നേതാക്കള്‍ പുലര്‍ത്തുന്ന മിതത്വവും സംയമനവും അസാധാരണമായ ഒന്ന് തന്നെയാണ്. എതിര്‍ ഗ്രൂപ്പിനെ വാക്കുകള്‍ കൊണ്ട് മുറിപ്പെടുത്തി മുന്നേറാന്‍ പ്രത്യേക വിരുതുള്ള നേതാക്കള്‍ ഇരുപക്ഷത്തുമുണ്ട്. അവര്‍ക്കൊന്നും ഐക്യത്തിനെതിരെ പറയാന്‍ കഴിയാത്ത സ്ഥിതി സംജാതമായി.

സമസ്ത പ്രസിഡണ്ടായി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചുതലയേറ്റതിന് ശേഷമാണ് ഐക്യ ചര്‍ച്ചകള്‍ക്ക് ജീവന്‍ വെച്ചത്. ഐക്യത്തിന്‍റെ കാര്യത്തില്‍ അദ്ദേഹം ഇതുവരെ സത്യസന്ധമായ നിലപാട് സ്വീകരിച്ചപ്പോള്‍ കാന്തപുരം ഗ്രൂപ്പും അവരുടെ ഉത്തരവാദിത്തം നിര്‍വഹിച്ചു.

ഐക്യ ചര്‍ച്ചയെ തുടക്കം മുതല്‍ മുസ്‍ലിം ലീഗ് ആശങ്കയോടെയാണ് കാണുന്നത്. ഐക്യ നീക്കങ്ങളെ പുറമേ കണ്ടില്ലെന്ന് നടിക്കുമ്പോഴും ലീഗിന്‍റെ അതൃപ്തി പരസ്യമായ രഹസ്യമാണ്. ചര്‍ച്ചയില്‍ പങ്കെടുക്കാനും ഇടപെടാനുമുള്ള അവസരം ഉണ്ടായിട്ടും ലീഗ് നേതൃത്വം അത് കളഞ്ഞുകുളിച്ചു. സുന്നി ഐക്യമുണ്ടായാല്‍ രാഷ്ട്രീയ നഷ്ടമുണ്ടാകുമെന്ന തെറ്റായ ആശങ്കയാണ് ലീഗ് നേതൃത്വത്തെ നയിക്കുന്നത്.

എന്തുകൊണ്ട് ഇപ്പോള്‍ ഐക്യം വേണമെന്ന ചിന്ത ഉയര്‍ന്നു എന്ന ചോദ്യത്തിന് പല ഉത്തരങ്ങളുണ്ട്. മുജാഹിദ് ഐക്യവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകള്‍ സുന്നി മനസ്സുകളെ സ്വാധീനിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് കാലം രണ്ടായി നിന്ന് പൊരുതിയിട്ട് എന്ത് നേടിയെന്ന ചോദ്യം മറ്റൊന്ന്. ഫാഷിസവും ഇസ്‍ലാമിക സമൂഹത്തിലെ തന്നെ ഛിദ്രതയും സമുദായത്തിനും നാടിനും ഉണ്ടാക്കുന്ന നഷ്ടങ്ങളെ കുറിച്ചുള്ള തിരിച്ചറിവാണ് മറ്റൊന്ന്. ഇക്കാര്യത്തിലെല്ലാം ഉണ്ടായ നല്ല തിരിച്ചറിവ് ഐക്യ ചര്‍ച്ചകളില്‍ പങ്കെടുത്തവരെ നന്നായി സ്വാധീനിച്ചതായി കാണാം.

ഇതിനകം നടന്ന ചര്‍ച്ചകളില്‍ ഇരു ഭാഗത്തു നിന്നും നാല് വീതം പണ്ഡിതരാണ് പങ്കെടുത്തത്. ഇതില്‍ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസിയും (എ.പി) ഉമര്‍ ഫൈസി മുക്കവും(ഇ.കെ ) വളരെ ഉയര്‍ന്ന നിലവാരത്തില്‍ ചര്‍ച്ചയില്‍ ഇടപെട്ടു. ചര്‍ച്ച അലസിപ്പോകാവുന്ന നിരവധി സാഹചര്യങ്ങളും സമ്മര്‍ദ്ധങ്ങളും ഉണ്ടായിട്ടും ഐക്യമാണ് ശരി എന്ന നിലപാടിലേക്ക് ഇരു വിഭാഗത്തെയും എത്തിക്കാന്‍ രണ്ട് പേര്‍ക്കും കഴിഞ്ഞു.

ഇരുകൂട്ടര്‍ക്കുമിടയില്‍ മൂന്ന് പതിറ്റാണ്ടായി ശക്തിയാര്‍ജ്ജിച്ച ഭിന്നതയും ശത്രുതയും ഒരു മാസം കൊണ്ടോ ഒരു കൊല്ലം കൊണ്ടോ അവസാനിക്കുന്നതല്ല. എന്നാല്‍ മുന്‍പൊരിക്കലും ഇല്ലാത്തവിധം ഐക്യം ആഗ്രഹിക്കുന്ന അണികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു എന്നത് നിസ്തര്‍ക്കം പറയാനാകും.

വലിയ വെല്ലുവിളികള്‍ നേരിട്ട് ഐക്യം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ ഇരുപക്ഷവും തീരുമാനിച്ചു എന്നത് മറ്റു അഭിപ്രായ വ്യത്യാസങ്ങളുടെ കാഠിന്യം ലഘൂകരിക്കാന്‍ പോന്ന മരുന്നാണ്. ആ മരുന്നുമായി മാസത്തില്‍ നാലും അഞ്ചും തവണ ഇരു ഗ്രൂപ്പും കൂടിയിരുന്നാല്‍ കാലാന്തരത്തില്‍ ഭിന്നതകളെല്ലാം നേര്‍ത്ത് ഇല്ലാതാവും എന്നത് നിസ്തര്‍ക്കമാണ്.

അപ്പോഴും ഐക്യത്തിനെതിരെ നിലപാടുള്ള ഒരു ചെറു സംഘം ഇരുപക്ഷത്തുമുണ്ട്. അവര്‍ക്ക് പക്ഷേ ആ നിലപാട് ഉറക്കെ പറയാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സുന്നി ഐക്യം പുലരുന്ന നാളുകള്‍ വിദൂരമാണെങ്കിലും അതിലേക്കുള്ള യാത്ര ഇരുപക്ഷവും ആരംഭിച്ചു എന്ന് ധൈര്യത്തോടെ പറയാനാകും.

TAGS :

Next Story