മരട് ഫ്ലാറ്റ്; കോടതി ഡെഡ് ലൈൻ നൽകിയതിന് പിന്നിൽ?

അതിസങ്കീര്‍ണമായ നിയമ നടപടികളിലൂടെ കടന്നുപോയ ഫ്ലാറ്റ് വിവാദത്തിലെ യഥാര്‍ഥ പ്രതികള്‍ ഗ്രാമപഞ്ചായത്ത് തന്നെയാണെന്ന് കേസിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാണ്

MediaOne Logo

ഷബ്ന സിയാദ്

  • Updated:

    2019-09-14 16:02:38.0

Published:

14 Sep 2019 4:02 PM GMT

മരട് ഫ്ലാറ്റ്; കോടതി ഡെഡ് ലൈൻ നൽകിയതിന് പിന്നിൽ?
X

1953 ല്‍ ആണ് മരട് ഗ്രാമ പഞ്ചായത്ത് രൂപീകൃതമാകുന്നത്. 2005 മുതൽ അധികാരത്തിലിരുന്ന ഇടതുപക്ഷ ഭരണ സമിതിയുടെ കാലത്താണ് വിവാദ ഫ്ലാറ്റ് നിര്‍മാണം. അതിസങ്കീര്‍ണമായ നിയമ നടപടികളിലൂടെ കടന്നുപോയ ഫ്ലാറ്റ് വിവാദത്തിലെ യഥാര്‍ഥ പ്രതികള്‍ ഗ്രാമപഞ്ചായത്ത് തന്നെയാണെന്നാണ് കേസിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. തീരദേശ പരിപാലന നിയമപ്രകാരം മരടിന്റെ സ്ഥാനമെവിടെയാണെന്ന കാര്യത്തില്‍ വ്യക്തത വരുത്താത്ത സംസ്ഥാന സര്‍ക്കാറിനും സ്ഥിതി സങ്കീര്‍ണമാക്കിയതില്‍ പങ്കുണ്ട്.

മരട് പഞ്ചായത്ത് സെക്രട്ടറി അഷ്റഫിനെതിരെ 2007 ല്‍ വിജിലന്‍സ് അന്വേഷണം വരുന്നതോടെയാണ് ഫ്ലാറ്റ് നിര്‍മാണം വിവാദ വിഷയമാകുന്നതും നിയമ നടപടികള്‍ തുടങ്ങുന്നതും. ഈ സെക്രട്ടറി 33 കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതില്‍ നിയമലംഘനമുണ്ടന്ന് ചൂണ്ടിക്കാട്ടി ആ കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കാന്‍ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പഞ്ചായത്തിന് നിര്‍ദേശം നല്‍കി. ഇതേതുടർന്ന് കെട്ടിട ഉടമകള്‍ക്ക് ഗ്രാമ പഞ്ചായത്ത് ഷോകോസ് നോട്ടീസ് നൽകി. പൊളിക്കാന്‍ നിര്‍ദേശിച്ച 5 ഫ്ലാറ്റുകളും ഇതില്‍ ഉള്‍പെടും. ഇതിലുള്‍പെട്ട ഗോള്‍ഡന്‍ കായലോരം അപാര്‍ട്ട്മെന്റ് ഉടമ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. തീരദേശ പരിപാലന സംരക്ഷണ നിയമം ലംഘിച്ചതുൾപ്പടെ പല കാരണങ്ങൾ ഉന്നയിച്ച ആ കാരണം കാണിക്കല്‍ നോട്ടീസ് നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു ഇവരുടെ വാദം. നോട്ടീസ് നല്‍കിയ നടപടി 2007ല്‍ ഹൈക്കോടതി താല്‍കാലികമായി സ്റ്റേ ചെയ്തു. അഞ്ച് വര്‍ഷത്തിന് ശേഷം 2012ല്‍ ഗ്രാമ പഞ്ചായത്തിനും കെട്ടിട ഉടമകള്‍ക്കും അനുകൂലമായി വിധി വന്നു. കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് നല്‍കിയ എല്ലാ അനുമതിയും നിയമപരമായാണ് നല്‍കിയതെന്ന് ഗ്രാമ പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചു. നോട്ടീസ് നല്‍കാന്‍ ഗ്രാമ പഞ്ചായത്തിനോട് ആവശ്യപ്പെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് അന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. നിയമലംഘനം കണ്ടെത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. മാത്രമല്ല, ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ഉടമകള്‍ കെട്ടിടങ്ങള്‍ പണി പൂര്‍ത്തിയാക്കുന്നത്. ഗ്രാമപഞ്ചായത്ത് കെട്ടിട നമ്പറുകള്‍ നല്‍കി. കരം സ്വീകരിച്ചു. ഫ്ലാറ്റ് വില്‍പനയും നടന്നു.

2010 ല്‍ മരട് ഗ്രാമപഞ്ചായത്ത് മുനസിപ്പാലിറ്റിയായി ഉയര്‍ത്തി. പിന്നീട് വന്നത് യു.ഡി.എഫ് ഭരണ സമിതിയായിരുന്നു. 2013ല്‍ മരട് മുന്‍സിപാലിറ്റി ഹൈക്കോടതിയെ സമീപിച്ചു. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കാന്‍ നഗരസഭക്ക് അധികാരം നല്‍കണമെന്നായിരുന്നു അപ്പീലിലെ വാദം. ഇതും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. നഗരസഭ ഇതിനെതിരെ അപ്പീല്‍ നല്‍കുന്നത് നാലുവര്‍ഷത്തോളം കഴിഞ്ഞാണ്. കെട്ടിടങ്ങളുടെ പണികള്‍ പൂര്‍ത്തിയായ ശേഷം നോട്ടീസ് നല്‍കാന്‍ അധികാരം വേണമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

അതിസങ്കീര്‍ണമായ നിയമ നടപടികളിലൂടെ കടന്നുപോയ ഫ്ലാറ്റ് വിവാദത്തിലെ യഥാര്‍ഥ പ്രതികള്‍ ഗ്രാമപഞ്ചായത്ത് തന്നെയാണെന്നാണ് കേസിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. തീരദേശ പരിപാലന നിയമപ്രകാരം മരടിന്റെ സ്ഥാനമെവിടെയാണെന്ന കാര്യത്തില്‍ വ്യക്തത വരുത്താത്ത സംസ്ഥാന സര്‍ക്കാറിനും സ്ഥിതി സങ്കീര്‍ണമാക്കിയതില്‍ പങ്കുണ്ട്.

2015ല്‍ ആണ് തീരദേശ സംരക്ഷണ അതോറിറ്റി ഹൈക്കോടതിയിലെത്തുന്നത്. 2012ലെ കോടതി വിധി പുനപരിശോധിക്കണമെന്നും അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് കെട്ടിടം നിര്‍മിച്ചത് എന്നുമായിരുന്നു ഹരജിയിലെ വാദം. 2003ലെ സിംഗിള്‍ ബെഞ്ച് വിധിക്കു ശേഷമോ, 2011ലെ പുതിയ സി.ആര്‍.ഇസഡ് (CRZ) വിജ്ഞാപനത്തിന് ശേഷം അതുമായി ബന്ധപ്പെട്ട നടപടികൾ ഒന്നും സ്വീകരിക്കാതിരുന്ന അതോറിറ്റിയാണ് ഡിവിഷന്‍ ബെഞ്ചില്‍ പുനപരിശോധന ഹരജി നല്‍കിയത്. കെട്ടിടാനുമതി അപേക്ഷ പരിഗണിക്കുമ്പോള്‍ ഗ്രാമ പഞ്ചായത്തായിരുന്നു തീരദേശ പരിപാലന സംരക്ഷണ അതോറിറ്റിയുടെ അനുമതിക്കായി അപേക്ഷ അയക്കേണ്ടിയിരുന്നത്. പഞ്ചായത്ത് അത് ചെയ്യാത്തതിനാല്‍ കെട്ടിടത്തിന് അനുമതിയില്ലെന്ന വാദം നിലനില്‍ക്കില്ലെന്ന് പുനപരിശോധന ഹരജിയില്‍ കോടതി നിരീക്ഷിച്ചു. ഗ്രാമ പഞ്ചായത്തിന്റെ ഈ വീഴ്ചയാണ് ഫ്ലാറ്റ് പ്രതിസന്ധിയുടെ യഥാര്‍ഥ കാരണം. പഞ്ചായത്ത് പറഞ്ഞിരുന്നത് തീരദേശ മേഖലയുടെ പരിധിയിൽ ഈ ഫ്ലാറ്റുകൾ നിൽക്കുന്ന പ്രദേശം ഉൾപെടില്ലന്നായിരുന്നു. ഈ നിലപാട് സ്വീകരിച്ച അന്നത്തെ ഭരണസമിതിയും സെക്രട്ടറിയുമാണ് വിവാദത്തിലെ ഒന്നാം പ്രതികള്‍.

ഇതേ തുടര്‍ന്നാണ് തീരദേശ പരിപാലന സംരക്ഷണ അതോറിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. തീരദേശ നിയമം ലംഘിച്ചതിന് നോട്ടീസ് നല്‍കാന്‍ അതോറിറ്റിക്ക് അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. ഈ കേസ് പരിഗണിക്കുമ്പോഴാണ് ഫ്ളാറ്റുകള്‍ പൊളിച്ച് കളയാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്ലാനില്‍ സി.ആര്‍.ഇസഡ്-3 (CRZ-3) ആയി രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്താണ് ഫ്ലാറ്റുകള്‍ നിലനില്‍ക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

1986ൽ പാർലമെൻറ് പാസാക്കിയ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം എല്ലാ സംസ്ഥാനങ്ങളും അവരവരുടെ തീരദേശത്തെ സോണ്‍ 1, 2, 3 എന്നിങ്ങനെ വിഭജിച്ച് Coastal Zone Management Plan നടപ്പാക്കണം. സോണ്‍ 2 ലെ സ്ഥലങ്ങളിൽ ഉപാധികളോടെ നിർമാണ പ്രവർത്തനങ്ങൾ നടത്താം. സോൺ ഒന്നിലും സോൺ 3ല്‍ നിര്‍മാണ പ്രവര്‍ത്തനം പാടില്ല.

1976 ല്‍ നിലവിൽ വന്ന ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെൻറ് അതോറിറ്റി (GCDA) യുടെ പരിധിയിൽ ആയിരുന്നു മരട് ഗ്രാമ പഞ്ചായത്ത്. അതിനാല്‍ മരട് പഞ്ചായത്ത് ഡെവലപ്ഡ് ഏരിയ എന്ന ഗണത്തിൽ സോണ്‍ 2വിലാണ് മരട് ഉള്‍പെട്ടിരുന്നത്. പിന്നീട് നഗരസഭ ആയി മാറിയപ്പോള്‍ മരട് സോണ്‍ 3 ലേക്ക് മാറി. അതോടെ നിര്‍മാണ വിലക്കുള്ള പ്രദേശമായി മാറി. എന്നാല്‍ 1996ൽ പ്രസിദ്ധീകരിച്ച കേരളത്തിലെ തീരദേശങ്ങൾ അടയാളപ്പെടുത്തിയ കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാനില്‍ മരട് ഗ്രാമ പഞ്ചായത്ത് ഉൾപ്പെടുന്ന ഭാഗം സി.ആര്‍.ഇസഡ് 3ല്‍ ആണ് ഉള്‍പെടുത്തിയിരുന്നത്. മരടിലെ ഫ്ളാറ്റുകള്‍ സോണ്‍ 2ൽ ആണോ സോണ്‍ 3ൽ ആണോ ഉള്‍പെടുന്നത് എന്ന തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതില്‍ തീര്‍പ്പ് പറയേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താതെ ഈ പ്രശ്നം തീര്‍പ്പാക്കാനും കഴിയില്ല.

TAGS :

Next Story