Quantcast

പാമ്പുകളുടെ പാഠശാലയില്‍ വിദ്യാര്‍ഥിനിയുടെ മരണം ഉറപ്പാക്കിയവര്‍

ലോക ധനകാര്യ ഏജന്‍സികള്‍ മുതല്‍ സംസ്ഥാന സര്‍ക്കാര്‍ വരെ വാരിക്കോരി പണമെറിഞ്ഞ് പലതരം പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയ വിദ്യാഭ്യാസ ലബോറട്ടറിയാണ് കേരളം

MediaOne Logo
പാമ്പുകളുടെ പാഠശാലയില്‍ വിദ്യാര്‍ഥിനിയുടെ മരണം ഉറപ്പാക്കിയവര്‍
X

സുൽത്താൻബത്തേരി ഗവൺമെൻറ് സർവജന ഹൈ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിന്റെ മരണം കേരളത്തിന്റെ സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. അടിസ്ഥാന സൌകര്യ വികസനത്തിലും പൊതുവിദ്യാഭ്യാസ സൌകര്യങ്ങളുടെ വ്യാപനത്തിലും നമ്പര്‍ വണ്‍ എന്ന് അവകാശപ്പെടുന്ന സംസ്ഥാനത്താണ് ഒരു കൊച്ചുകുട്ടിക്ക് അവളുടെ സ്വപ്നങ്ങളെല്ലാം ക്ലാസ് മുറിയിലെ പാമ്പിന്‍ മാളത്തില്‍ കുഴിച്ചുമൂടേണ്ടിവന്നത്. ആരാണ് ഈ മരണത്തിനുത്തരവാദിയെന്ന് ഈ സമയത്തെങ്കിലും ആലോചിക്കാതിരിക്കാനാകില്ല. സാമൂഹിക വികസനത്തെപ്പറ്റി ഭരണകൂടം ഉന്നയിക്കുന്ന അവകാശവാദങ്ങളെക്കുറിച്ച് ഗൌരവതരമായ സംശയങ്ങളും ഈ മരണം ഉയര്‍ന്നുത്തന്നുണ്ട്.

സുരക്ഷിതമല്ലാത്ത സ്കൂള്‍ കെട്ടിടം തന്നെയാണ് മരണത്തിലേക്ക് വഴിതുറന്ന കാരണങ്ങളില്‍ ഒന്ന്. ഓരോ അധ്യയന വര്‍ഷവും തുടങ്ങുന്നതിന് മുമ്പ് തന്നെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി അവയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് കേരള വിദ്യാഭ്യാസ ചട്ടത്തിലെ വ്യവസ്ഥ. കെ ഇ ആറിലെ നാലാം അധ്യായത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഇതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കാണ്. ഹൈസ്കൂളാണെങ്കില്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്കും പ്രാഥമിക വിദ്യാലയമാണെങ്കില്‍ അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍ക്കുമാണ് അതിന്റെ ചുമതല. അതുകൊണ്ട് സാങ്കേതിക ന്യായങ്ങള്‍ നിരത്തി വിദ്യാഭ്യാസ വകുപ്പിന് ഈ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനിവില്ല. സര്‍ക്കാര്‍ സ്കൂളുകളുടെ അറ്റകുറ്റപ്പണി നടത്തേണ്ട ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. ഇതില്‍ പ്രാഥമിക വിദ്യാലയങ്ങളുടെ ചുമതല ഗ്രാമ പഞ്ചായത്തിനും ഹൈസ്കൂളിന് മുകളിലുള്ളവയുടെ ചുമതല ജില്ലാ പഞ്ചായത്തിനുമായാണ് ക്രമീകരിച്ചിരിക്കുന്നത്. അപകടമുണ്ടായ സുല്‍ത്താന്‍ ബത്തേരി സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട് എന്നാണ് ഇതുവരെയുള്ള വിവരം. വിഷപ്പാമ്പുകള്‍ക്ക് ക്ലാസ് മുറിയിലേക്ക് കടന്നുവരാന്‍ കഴിയുന്ന കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയവരും എഞ്ചിനീയര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കും മുമ്പ് കെട്ടിടം പരിശോധിച്ച വിദ്യാഭ്യാസ ഓഫീസര്‍മാരും ആരാണ്? ഇവരുടെയൊക്കെ കാര്യക്ഷമതയുടെ അനന്തരഫലമാണ് ഈ ദാരുണ മരണം.

ഇതിലെ ഒന്നാം പ്രതി സര്‍ക്കാര്‍ തന്നെയാണ്. തദ്ദേശ സ്ഥാപനങ്ങള്‍ കൂട്ടുപ്രതികളും. കടിയേറ്റ ഷഹല ചികിത്സയാവശ്യപ്പെട്ട് സ്കൂളില്‍ ഒരു മണിക്കൂറിലേറെ തളര്‍ന്ന് കാത്തിരുന്നുവെന്നാണ് സഹപാഠികള്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഒരു അപകട സന്ദര്‍ഭത്തെ മാതൃകാപരവും ഫലപ്രദവുമായി കൈകാര്യം ചെയ്യണമെന്ന ഉത്തരവാദിത്ത ബോധം നമ്മുടെ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കില്ലെന്നാണല്ലോ ഈ സംഭവം വ്യക്തമാക്കുന്നത്. കേരളത്തിലെ എല്ലാ അധ്യാപകരും അങ്ങിനെയാണ് എന്ന് പറയാനാവില്ല. എന്നാല്‍ മരണത്തിലേക്ക് നയിച്ച അനാസ്ഥ ഇവിടെ സംഭവിച്ചുവെന്ന് വ്യക്തം. സ്കൂളില്‍നിന്ന് നടന്നാല്‍ തൊട്ടടുത്ത സര്‍ക്കാറാശുപത്രിയിലെത്താന്‍ പത്ത് മിനുട്ടുപോലും വേണ്ട. എന്നിട്ടും അടിയന്തിര ചികിത്സ നല്‍കാന്‍ അധ്യാപകര്‍ തയാറായില്ല എന്നത് അത്യന്തം ഗുരുതരമാണ്. അവരുടെ പങ്കും ഈ മരണത്തില്‍ നിന്ന് മായ്ച്ചുകളയാനാകില്ല. 'പാടുകണ്ടാലറിയാം അത് ആണി തറച്ചതല്ല, പാമ്പ് കടിച്ചതാണ് എന്ന്. ആണിയാണ് തറച്ചതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോയാലെന്താ' എന്ന ഷഹലയുടെ സഹപാഠികളുടെ ചോദ്യം അധ്യാപകര്‍ക്കുള്ള ഒന്നാമത്തെ സാമൂഹിക പാഠമാണ്. കേരളത്തിലെ ഏറ്റവും വലിയ സംഘടിത വിഭാഗമാണ് അധ്യാപകര്‍. അവരുടെ സംഘബോധവും സമരോത്സുകതയും ശമ്പളപരിഷ്കരണത്തിലും തൊഴില്‍ സംരക്ഷണത്തിലും മാത്രമൊതുങ്ങുന്നില്ലെന്ന് അവര്‍ തന്നെയാണ് ഉറപ്പുവരുത്തേണ്ടത്. വിദ്യാഭ്യാസ മേഖലയില്‍ കേരളം കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന വളര്‍ച്ചയെക്കുറിച്ച പൊതുധാരണകള്‍ തിരുത്തുന്നതുകൂടിയാണ് ഈ മരണം.

ലോക ധനകാര്യ ഏജന്‍സികള്‍ മുതല്‍ സംസ്ഥാന സര്‍ക്കാര്‍ വരെ വാരിക്കോരി പണമെറിഞ്ഞ് പലതരം പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയ വിദ്യാഭ്യാസ ലബോറട്ടറിയാണ് കേരളം. ഈ പണവും അടിസ്ഥാന സൌകര്യ വികസനവും സംസ്ഥാനത്ത് തുല്യ അളവിലും നീതിപൂര്‍വവും വിതരണം ചെയ്യപ്പെട്ടില്ല എന്നതിന്റെ തെളിവുകൂടിയാണ് കേരളത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലയിലെ ഈ ദാരുണ മരണം. കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ചയിലെ ഈ അന്തരം പ്രാദേശികമായ കടുത്ത വിവേചനങ്ങളുടെയും അവഗണനയുടെയും അനന്തരഫലം കൂടിയാണ്. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ മലബാറെന്നും തിരുകൊച്ചിയെന്നും വിഭജിക്കപ്പെട്ട പ്രദേശങ്ങളിലെ വിദ്യാഭ്യാസ സൌകര്യങ്ങളുടെ കണക്കെടുത്താല്‍ ഇത് ബോധ്യമാകും. ഒരൊറ്റ ഉദാഹരണം പറയാം: കേരളത്തില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 126 സ്കൂളുകളാണ് നിലവിലുള്ളത് (ഇകണോമിക് റിവ്യു- 2017). ഇതില്‍ തിരുവനന്തപുരം മുതല്‍ എറണാംകുളം വരെ 7 ജില്ലകളിലായി ആകെയുള്ളത് പത്തനംതിട്ടയിലെ രണ്ട് സ്കൂളുകള്‍ മാത്രം. ബാക്കി 124ഉം വടക്കന്‍ ജില്ലകളില്‍. ഇതില്‍ വയനാട് ജില്ലയില്‍ മാത്രം 19 സ്കൂളുകളുണ്ട്. വിഭവ വിതരണത്തിലെ ഈ അസന്തുലിതത്വം അനിഷേധ്യമായ യാഥാര്‍ഥ്യമാണ്. പിന്നാക്ക-ദുര്‍ബല പ്രദേശങ്ങളിലെ പാമ്പി തേളും വിഹരിക്കുന്ന ഇത്തരം സ്കൂളുകളെയും ആ പ്രദേശത്തെ പൌരന്‍മാരുടെ അടിസ്ഥാനവകാശങ്ങളെയും അദൃശ്യമാക്കിക്കൊണ്ടാണ് ഭരണകൂടവും അവരുടെ സ്വന്തക്കാരും 'പൊതുവിദ്യാഭ്യാസ രംഗത്ത് വിസ്‍മയിപ്പിക്കുന്ന വളര്‍ച്ച'യാണെന്ന് മലയാളികളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്ന് ഷഹലുടെ മരണം കേരളത്തെ ബധ്യപ്പെടുത്തുന്നു.

Next Story