ഉറക്കത്തിലെ അഭ്യാസങ്ങളും കോവിഡ് കാലത്തെ അപകടങ്ങളും

ഈ തമാശയിൽ ഇത്തിരി കാര്യമുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ കൈവിട്ടുപോയേക്കാവുന്ന അപകടവുമുണ്ട്. പാരാസോംനിയ അഥവാ സ്ലീപ് ഡിസോർഡർ എന്നാണ് ഇവയെ പൊതുവെ പറയുക.

MediaOne Logo

  • Updated:

    2020-04-27 12:10:51.0

Published:

27 April 2020 12:10 PM GMT

ഉറക്കത്തിലെ അഭ്യാസങ്ങളും കോവിഡ് കാലത്തെ അപകടങ്ങളും
X

കോവിഡ് മൂലം കലഹം പലവിധം - 10

ഉറക്കത്തിൽ അസാധാരണ പ്രവൃത്തികൾ ചെയ്യുകയെന്ന് നമ്മുടെ വീടുകളിലെല്ലാം സാധാരണമായ തമാശയാണ്. ഉറക്കത്തിൽ സംസാരിക്കുന്നവർ, നടക്കുന്നവർ, ഭക്ഷണം കഴിക്കുന്നവർ, പേടിസ്വപ്നം കണ്ട് ഞെട്ടിയുണരുന്നവർ, പല്ലിറുമ്മി അരിശം പ്രകടിപ്പിക്കുന്നവർ, അരികിൽ ഉറങ്ങിക്കിടക്കുന്നയാളെ ചവിട്ടിത്തെറിപ്പിക്കുന്നവർ, മൂത്രമൊഴിക്കുന്നവർ .... അങ്ങിനെ തുടങ്ങി പലതരം പ്രശ്‌നങ്ങൾ. ഇത് സ്വയം അനുഭവിച്ചവരോ ഇത്തരമാളുകൾക്കൊപ്പം കഴിയേണ്ടി വരുന്നവരോ ആയിരിക്കും മഹാഭൂരിഭാഗവും. അടുത്ത പകലിലെ തമാശക്കഥയായി മാറുന്ന അനുഭവങ്ങളാകാം ഇതിലേറെയും.

എന്നാൽ ഈ തമാശയിൽ ഇത്തിരി കാര്യമുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ കൈവിട്ടുപോയേക്കാവുന്ന അപകടവുമുണ്ട്. പാരാസോംനിയ അഥവാ സ്ലീപ് ഡിസോർഡർ എന്നാണ് ഇവയെ പൊതുവെ പറയുക. ഇതാകട്ടെ വളരെ വിപുലമായ ഒരു രോഗമേഖലയാണ്. ഓരോരുത്തരിലും പലപല കാരണങ്ങളാലാണ് സ്ലീപ് ഡിസോർഡർ സംഭവിക്കുന്നത്. ചെറുപ്പത്തിലുണ്ടാകുന്ന ചില അസുഖങ്ങളും പാരമ്പര്യവും ഒക്കെ ഇതിന് കാരണമാകാറുണ്ട്. ഉറക്കത്തിൽ ആർക്കെന്നറിയാതെ സന്ദേശങ്ങൾ അയക്കുക (സ്ലീപ് ടെക്സ്റ്റിങ്), സ്ലീപ് ഡ്രൈവിങ് നടത്തുക പോലുള്ള പുതിയ ഡിസോർഡറുകളും ഇപ്പോൾ കണ്ടുവരുന്നുണ്ട്. സാധാരണക്കാർ അതീന്ദ്രിയാനുഭവമെന്ന മട്ടിൽ പ്രചരിപ്പിക്കുന്ന സ്ലീപ് റിലേറ്റഡ് ഹാലൂസിനേഷൻസ് (വെളിപാട് കേൾക്കുക, മായക്കാഴ്ചകൾ കാണുക തുടങ്ങിയവ), ശരീരം മാന്തിക്കീറുന്ന സ്ലാപ് സ്‌ക്രാച്ചിങ്, ഉറക്കത്തിൽ ലൈംഗിക ചേഷ്ടകൾ കാണിക്കുന്ന സെക്‌സോംനിയ തുടങ്ങിയവയും സ്ലീപ് ഡിസോർഡറിന്റെ ഭാഗമായാണ് വൈദ്യശാസ്ത്രം പരിഗണിക്കുന്നത്.

പാരാസോംനിയക്ക് ലോക്ക്‌ഡൌൺ ജീവിതവും ഒരു കാരണമാകുന്നുവെന്നാണ് കഴിഞ്ഞ ദിവസം ചികിത്സതേടിയെത്തിയ വിദ്യാർഥിനിയുടെ അനുഭവും പറയുന്നത്. ഹോസ്റ്റലിൽ താമസിച്ച് ഉന്നത പരീക്ഷക്ക് പഠിക്കുന്ന പെൺകുട്ടി ലോക്ക്ഡൗണായപ്പോഴാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. വീട്ടിലുള്ളത് ഉന്നതവിദ്യാഭ്യാസവും ഉയർന്ന ജോലിയുമുള്ള അച്ഛനും അമ്മയും. സ്വന്തം സ്ഥാപനവും സമാന്തര ജോലിയുമെല്ലാമുള്ള സമ്പന്ന ജീവിത സാഹചര്യം. ലോക്ക്ഡൗണിൽ വീട്ടിലെത്തിയ കുട്ടിക്ക് പക്ഷെ ആദ്യദിവസം തൊട്ടേ പകൽ ഉറക്കം കൂടി. രാത്രിയിലാകട്ടെ ഉറക്കത്തിനൊട്ടും കുറവുമില്ല. രണ്ടുമൂന്നുദിവസം പിന്നിട്ടതോടെ കുട്ടി സ്ഥലകാല ബോധമില്ലാതെ, പരസ്പര ബന്ധമില്ലാതെ സംസാരിക്കുകയും ചോദ്യങ്ങൾക്ക് യുക്തിസഹമല്ലാത്ത തരത്തിൽ പ്രതികരിക്കുകയും ചെയ്തുതുടങ്ങി.

പഠനം മുടങ്ങിയതും ഭാവിയെക്കുറിച്ച ആശങ്കകളും കുട്ടിയിൽ അമിതമായ ഉത്കണ്ഠയും ആകാംക്ഷയും സൃഷ്ടിച്ചിരുന്നു. വീട്ടിലെത്തിയതോടെ കേൾക്കുന്നത് അച്ഛനും അമ്മയും തമ്മിൽ നടത്തുന്ന ആശങ്കകളും ആകുലതകളും നിറഞ്ഞ സംഭാഷണങ്ങൾ മാത്രമായി. ഇതെല്ലാം ചേർന്ന് കുട്ടിയിൽ സൃഷ്ടിച്ച ആശങ്ക അവളുടെ ഉറക്കം കെടുത്തി. രാത്രി ഉറങ്ങുന്നുണ്ടെങ്കിലും മനസ്സുറങ്ങാതായി. ഉറക്കത്തിൽ സംസാരവും പിറുപിറുക്കലും. പകൽ ഉണരുന്നുണ്ടെങ്കിലും ഉറക്കം വിട്ടുപോകാതായി. സദാ ഉറക്കംതൂങ്ങി നിൽക്കും. പരിസരബോധം ഇല്ലാത്ത അവസ്ഥ. ചിലപ്പോൾ ഹോസ്റ്റലിലാണെന്ന മട്ടിൽ പെരുമാറും. ഹോസ്റ്റലിലെ ചിട്ടയായ ജീവിതത്തിൽനിന്ന് മാറിനിന്നതിന്റെ ആശങ്ക, ഇനി പഠിക്കാനാവില്ലേയെന്ന ഉത്കണ്ഠ, അതിൽ രക്ഷിതാക്കളുടെ സമ്മർദം... ഇതെല്ലാം ഈ കുട്ടിയുടെ മനോനിലയെ ബാധിച്ചു.

ചികിത്സയും മരുന്നും ആവശ്യമായ അവസ്ഥയിലുള്ള സ്ലീപ് ഡിസോർഡറാണിത്. അതിനൊപ്പം തന്നെ ഇത്തരം ആളുകളെ കൈകാര്യം ചെയ്യാൻ വീട്ടിൽ ചില ക്രമീകരണങ്ങൾ ഏർപെടുത്തണം. ഉറക്കം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കണം. പ്രതിദിന ജീവിതചര്യയിൽ മാറ്റം വരുത്തുക. അത് കൃത്യവും ഹോസ്റ്റലിലെപ്പോലെ ക്രമീകൃതവുമാക്കുക. ഉറക്കത്തിനും ഒരു ക്രമമുണ്ടാക്കുക. ഉണരാനും ഉറങ്ങാനും കൃത്യസമയം, പഠിക്കാൻ നിശ്ചിത സമയം, വീട്ടുകാരുമായി സംസാരിക്കാൻ നിശ്ചിത സമയം.. അങ്ങനെ. രക്ഷിതാക്കളുടെ പിന്തുണയും പ്രോത്സാഹനവും ഇവർക്ക് അനിവാര്യമാണ്. ലോക്ക്‌ഡൌൺ കഴിഞ്ഞാൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോകാനാകുമെന്നും അവിടെ എല്ലാം പഴയപടിയായിരിക്കുമെന്നും അവരെ നിരന്തരം ബോധ്യപ്പെടുത്തണം. ലോക്ക്ഡൗൺ കാലത്തെ വീട്ടിനുള്ളിലെ ആശങ്കകൾ കുട്ടികളിൽ അതിസമ്മർദമായി മാറാതെ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ജീവിതത്തിലെ അനിശ്ചിതത്വങ്ങളെക്കുറിച്ച അനാവശ്യ ചർച്ചകൾ, കുട്ടികളുടെ ഭാവിയെക്കുറിച്ച ആശങ്കകൾ തുടങ്ങിയവ അവരുടെ സാന്നിധ്യത്തിൽ നടത്താതിരിക്കുക. രക്ഷിതാക്കളുടെ ആശങ്കയും പ്രതീക്ഷകളും കുട്ടികളുടെ മനോരാഗമായി മാറാതാരിക്കാൻ രക്ഷിതാക്കൾ തന്നെയാണ് ശ്രദ്ധിക്കേണ്ടത്.

ये भी पà¥�ें- ലോക്ഡൗണ്‍ അവര്‍ക്ക് നല്‍കിയ ആശ്വാസം

ये भी पà¥�ें- 'കുട്ടികളെ നോക്കാത്ത അമ്മ' ഒരു രോഗാവസ്ഥയാണ്

ये भी पà¥�ें- സൂക്ഷിക്കുക, ലോക്ക്ഡൗണിൽ കുട്ടികളുടെ മനോനില തെറ്റാം

ये भी पà¥�ें- പുകവലിക്കാർക്ക് ഒരു സുവർണാവസരം

Next Story