Quantcast

സലാം ഭായി, സലാം ബഹൻ... നമ്മൾ ഇനിയും കാണും

ഇനിയും തീവണ്ടികൾ വരും, പോകും. ഏതു നിമിഷവും അഥിതി തൊഴിലാളികളുടെ യാത്ര ഒരുക്കാൻ പാകത്തിൽ സർക്കാർ സജ്ജമാണ്. യാത്രയാകുന്നത് മടങ്ങിവരാൻ തന്നെയായാകട്ടെ...

MediaOne Logo

  • Published:

    2 May 2020 12:58 PM IST

സലാം ഭായി, സലാം ബഹൻ... നമ്മൾ ഇനിയും കാണും
X

കുടിയേറ്റവും പ്രവാസവും മനുഷ്യവംശത്തിന്റെ ചരിത്രത്തിൽ ഉടനീളം പാദമുദ്ര പതിപ്പിച്ചു കിടപ്പുണ്ട്. ചെറുതും വലുതുമായ പ്രവാസങ്ങൾ. സബ്സഹാറയിലെ ഘോരവന ങ്ങളിൽ എവിടെയോ പിറവിയെടുത്ത മനുഷ്യൻ ലോകമാകെ വ്യാപിച്ചത് ജീവനത്തിനും അതിജീവനത്തിനുമായി നടത്തിയ എണ്ണിയാലൊടുങ്ങാത്ത പലായനങ്ങളിലൂടെയാണ്. ആ യാത്രകളാണ് സംസ്‌കാരങ്ങൾക്ക് ജന്മം നൽകിയത്, സംസ്‌കാരങ്ങളെ വളർത്തിയത്.

നദീതീരങ്ങളിൽ, ആ മനുഷ്യർ സൃഷ്ടിച്ച സംസ്‌കാരങ്ങളുടെ ഉദ്യാനങ്ങൾ എത്രയോ ഋതുക്കൾ കടന്നും ആ മണൽത്തിട്ടകളിൽ വേരാഴ്ത്തി നിൽക്കുന്നു. രാജ്യത്തു നിന്ന് പുറത്തേയ്ക്കും ആഭ്യന്തരമായും തുടരുന്ന യാത്രകൾ... എണ്ണിയാൽ തീരുന്നതല്ല, സ്വപ്നങ്ങളും കയ്യിൽ പിടിച്ചു നമ്മൾ നടത്തിയ യാത്രകൾ. കണ്ണെത്താ ദൂരത്തേയ്ക്കുള്ള ഓരോ യാത്രയുടേയും എതിർ ദിശയിൽ, ഒരിടത്തു കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുണ്ട്. ഒരു തീവണ്ടി കിതച്ചെത്തി നിൽക്കുമ്പോൾ, ഓരോ വിമാനവും പറന്നിറങ്ങുമ്പോൾ, ഉയരുന്ന ദീർഘനിശ്വാസങ്ങളിൽ പറഞ്ഞറിയിക്കാനാകാത്ത സ്‌നേഹമുണ്ട്, ആശ്വാസമുണ്ട്. തിരുവനന്തപുരത്തിരുന്നു ഞാനിതെഴുതുമ്പോൾ, സുമാർ 226 കിലോമീറ്റർ അകലെ, ആലുവ തീവണ്ടി ആപ്പീസിൽ ഒരു ട്രെയിൻ ഭുവനേശ്വറിലേയ്ക്ക് കുതിക്കാൻ തുടങ്ങുകയാണ്. അതിഥി തൊഴിലാളികളായ 1200 പേരുമായി ഇടയ്‌ക്കെവിടെയും നിർത്താതെ, ലക്ഷ്യത്തിലേക്ക് യാത്ര തുടങ്ങാൻ പോകുന്നു.

'ഭായിമാർ' ഇന്ന് മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്.ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഈ കുടിയേറ്റം ശക്തമായിട്ട് അധികകാലമായിട്ടില്ല. എന്റെ കുട്ടിക്കാലത്തെ ഓർമകളിൽ തമിഴ്നാട്ടിൽ നിന്നും വന്ന 'അണ്ണാച്ചിമാരുണ്ട്'.റോഡരികിൽ പൈപ്പിന്റെ കുഴി കുത്തുന്ന, ടാറിന്റെ പണിചെയ്യുന്ന 'പാണ്ടികൾ'.തവണ വ്യവസ്ഥയിൽ വീട്ടുപകരണങ്ങളും, വസ്ത്രവും വിൽക്കുന്ന തമിഴർ. വൈകുന്നേരങ്ങളിൽ ബിഎസ്എ സൈക്കിളിൽ ചെറിയൊരു തുകൽബാഗുമായി നാട്ടിൻപുറങ്ങളിൽ കറങ്ങുന്ന തമിഴ്‌നാട്ടുകാരായിരുന്നു തൊണ്ണൂറുകൾക്ക് മുൻപുള്ള പ്രമുഖ 'ഇതര ദേശക്കാർ'. കൂടാതെ, പ്രധാനമായും അന്നുണ്ടായിരുന്നത്, കാവൽപണി നോക്കിയിരുന്ന ഗൂർഖകൾ, പണം കടം കൊടുക്കുന്ന, മാർവാടികൾ, കൊങ്കിണികൾ തുടങ്ങിയവർ ആയിരുന്നു.

എന്നാൽ ഇന്ന് സംസ്ഥാന സർക്കാരിന്റെ ആവാസ് കാർഡ് സ്വന്തമാക്കിയവരായി മാത്രം അഞ്ചു ലക്ഷത്തി ഇരുപതിനായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികൾ ഉണ്ട്.(കാർഡ് വിതരണം തുടർന്ന് വരുന്നു ) ബംഗാൾ, ആസ്സാം, ഉത്തര്പ്രദേശ്, ബീഹാർ, രാജസ്ഥാൻ,ഒറീസ, ഛത്തീസ്ഗഡ്, മണിപ്പൂർ, സിക്കിം തുടങ്ങി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഈ കൂട്ടത്തിൽപെടും. നിർമാണ മേഖല മുതൽ, ബ്യുട്ടിപാർലറുകളിൽ വരെ 'ഭായിയേയും' 'ബഹനെയും' നമുക്ക് കാണാം.

ഉയർന്ന വേതനം, കൃത്യമായി ലഭിക്കുന്ന കൂലി, തൊഴിൽ ലഭ്യതഎന്നീ ഘടകങ്ങളാണ് ഇവരെ കേരളത്തിലേയ്ക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ എന്ന്, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ 2013 ൽ നടത്തിയ പഠനം വ്യക്തമാക്കുന്നു. മലയാളിയുടെ പ്രവാസ ജീവിതമാണ് കേരളത്തിലേയ്ക്കുള്ള ഇതര സംസ്ഥാനക്കാരുടെ കുടിയേറ്റത്തിന്റെ ഒരു കാരണമായി ഈ പഠനം ചൂണ്ടിക്കാട്ടുന്നത്. 18 നും 30 നും ഇടയിൽ പ്രായമുള്ളവരാണ് ഇതര സംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവുമെന്നാണ് റിപ്പോർട്ട് പറയുന്നത്. 'കേരളത്തിൽ ഈ പ്രായമുള്ളവരിൽ വലിയ ഒരു ശതമാനം തൊഴിൽ തേടി മറ്റിടങ്ങളിലേക്ക് പോവുകയും ചെയ്യുന്നു., ഈ സാഹചര്യത്തിലാണ് ചെറുപ്പക്കാരും മഹാഭൂരിപക്ഷം പുരുഷന്മാരുമായ ലക്ഷക്കണക്കിന് തൊഴിലാളികൾ കേരളത്തിലേയ്ക്ക് കുടിയേറുന്നത് '(മേൽ സൂചിപ്പിച്ച പഠനത്തെ ആസ്പദമാക്കി സി എസ് വെങ്കിടേശ്വരൻ എഴുതിയ ലേഖനത്തിൽ നിന്നും)

ലോകത്തൊരിടത്തും കുടിയേറ്റ തൊഴിലാളികളെ അതിഥികളായി ഔദ്യോഗികമായി തന്നെ വിശേഷിപ്പിക്കാറുണ്ടാകില്ല. കേരളം എന്നുമുതലാണ് 'അതിഥി'യായി ഇവരെ സംബോധന ചെയ്തു തുടങ്ങിയത്?

'പൊതു വ്യവഹാരങ്ങളിൽ മാത്രമല്ല, നമ്മുടെ മാധ്യമങ്ങളിലും അവരുടെ ആഖ്യാനങ്ങൾ പ്രത്യക്ഷപ്പെടാറില്ല;കേരളീയ സമൂഹത്തിന്റെ ഭാഗമെന്ന നിലയിൽ അവർ ഒരിക്കലും അവതരിപ്പിക്കപ്പെടാറുമില്ല എന്നതിന് ഏറ്റവും വലിയ തെളിവാണ് എല്ലാവരും ഉപയോഗിക്കുന്ന 'അന്യ'സംസ്ഥാന തൊഴിലാളികൾ എന്ന വിശേഷണം തന്നെ.' (സി.എസ് വെങ്കിടേശ്വരൻ, മാതൃഭൂമി ആഴ്ചപ്പതിപ്പ്) 2013 ൽ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം. അന്യരായി അടുത്ത കാലം വരെ അകറ്റി നിർത്തിയിരുന്ന കുടിയേറ്റ തൊഴിലാളികളെ 'അതിഥികളാക്കി'മാറ്റിയ, അഭിമാനകരമായ ദൗത്യം നിർവഹിച്ചത് ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാരാണ്. പിണറായി സർക്കാരിന്റെ പ്രഥമ ബഡ്ജറ്റിലാണ് (2016-17)ചരിത്രത്തിൽ ആദ്യമായി, കേരളസർക്കാർ, ഔദ്യോഗികമായി 'അഥിതി തൊഴിലാളികൾ'എന്ന് സംബോധന ചെയ്തത്. കുടിയേറ്റത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഹിന്ദിക്കാർ, ബംഗാളികൾ എന്നൊക്കെയായിയുന്നു വിളിപ്പേര്. പിന്നെ, ഇതര സംസ്ഥാന തെഴിലാളികൾ, അന്യ സംസ്ഥാന തൊഴിലാളികൾ എന്നൊക്കെയായി. പിണറായി സർക്കാരിന്റെ കാലത്ത് അപരത്വം പേറിയിരുന്ന 'അന്യരെ' നമ്മുടെ 'അതിഥികളാക്കി'. കുടിയേറ്റത്തിന്റെ ആദ്യ ഘട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ കുടുംബസമേതം കേരളത്തിൽ തന്നെ തുടരുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. അഥിതി എന്നാൽ 'മടങ്ങി പോകേണ്ടവർ' അല്ലേ എന്ന് അക്കാദമിക് തലത്തിൽ സംശയം ഉന്നയിക്കുന്നവരുണ്ട്. കുടിയേറ്റക്കാർക്കുള്ള സ്വാഭാവികമായ

അന്യതാ ബോധത്തെ ലഘൂകരിക്കാനും മലയാളികകൾക്കിടയിൽ സൗഹൃദകരമായ പൊതു ബോധം നിർമിക്കാനും 'അഥിതിവൽക്കരണം 'ചെലുത്തിയ ക്രിയാത്മകമായ സ്വാധീനം വിപ്ലവകരം തന്നെയാണ്.

കോവിഡ് പ്രതിരോധത്തിൽ നമ്മൾ തുടരുന്ന മാതൃക ഇന്ന് ലോകശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. രോഗനിർണയത്തിലും, വ്യാപനം തടയുന്നതിലും മരണനിരക്ക് പിടിച്ചു കെട്ടുന്നതിലും ഈ നിമിഷം വരെ കേരളം അടയാളപ്പെടുത്തിയ നേട്ടങ്ങൾ ലോകത്തിനാകെ മാതൃകയാണ്. എന്നാൽ ലോക് ഡൗൺ നിശ്ചലമാക്കിയ തെരുവുകളിൽ തുടങ്ങി, ഐടി പാർക്കുകളിൽ വരെ ജീവിതം നെയ്‌തെടുത്തിരുന്ന മനുഷ്യൻ സങ്കീർണമായ പ്രതിസന്ധികളിലേയ്ക്ക് വലിച്ചെറിയപ്പെട്ടു. വരുമാനം നിലച്ചവർ, ഭാവി എന്താകും എന്ന് ആലോചിച്ചു നിന്നവർ, അവരെയാകെ കരുതലോടെ ചേർത്തു പിടിച്ചതു കൂടിയാണ് കേരളം കോവിഡ് പ്രതിരോധത്തിൽ തുടരുന്ന മനുഷ്യ സ്പര്‍ശിയായ ബൃഹത് മാതൃക. ഇന്നാട്ടിൽ ജനിച്ചവരെയും ഇവിടെ റേഷനും, വോട്ടും ഉളളവരെയും മാത്രമല്ല, നമ്മൾ സംരക്ഷിച്ചു നിർത്തിയത്. അഥിതി തൊഴിലാളികൾക്കും, തെരുവിൽ അലഞ്ഞു നടന്നവർക്കും കൂടി അഭയവും അന്നവും ഉറപ്പാക്കി ഇടതുപക്ഷ സർക്കാർ. ഇന്ന് നാട്ടിലേയ്ക്കുള്ള തീവണ്ടി യാത്രയിൽ നമ്മുടെ സഹോദരങ്ങൾക്കായി ഭക്ഷണവും വെള്ളവും കരുതി.

വരുമാനം നിലച്ചവർ, ഭാവി എന്താകും എന്ന് ആലോചിച്ചു നിന്നവർ, അവരെയാകെ കരുതലോടെ ചേർത്തു പിടിച്ചതു കൂടിയാണ് കേരളം കോവിഡ് പ്രതിരോധത്തിൽ തുടരുന്ന മനുഷ്യ സ്പര്‍ശിയായ ബൃഹത് മാതൃക. ഇന്നാട്ടിൽ ജനിക്കുകയോ, ഇവിടെ റേഷനും, വോട്ടും ഉളളവരെ മാത്രമല്ല, നമ്മൾ സംരക്ഷിച്ചു നിർത്തിയത്. അഥിതി തൊഴിലാളികൾക്കും, തെരുവിൽ അലഞ്ഞു നടന്നവർക്കും കൂടി അഭയവും അന്നവും ഉറപ്പാക്കി ഇടതുപക്ഷ സർക്കാർ. ഇന്ന് നാട്ടിലേയ്ക്കുള്ള തീവണ്ടി യാത്രയിൽ നമ്മുടെ സഹോദരങ്ങൾക്കായി ഭക്ഷണവും വെള്ളവും കരുതി.

ക്യാമ്പുകളിൽ കഴിയുന്നത് മൂന്നു ലക്ഷത്തി അറുപത്തി ഒന്നായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ് (3,61,190)അഥിതി തൊഴിലാളികളാണ്. സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള ഇരുപതിനായിരത്തി എണ്ണൂറ്റി ഇരുപത്തിയാറ് (20 826) ക്യാമ്പുകളിലായി കഴിയുന്ന തൊഴിലാളികളുടെ കണക്കാണിത്. ഇവർക്കു, ഭക്ഷണം, ചികിത്സ, വിനോദം എല്ലാം സർക്കാർ ഉറപ്പാക്കി. ഇതിന് പുറമെ നിലവിൽ താമസിച്ചിരുന്ന സ്ഥലങ്ങളിൽ തന്നെ തുടരുന്നവർക്കും എല്ലാ അവശ്യ സേവനങ്ങളും സർക്കാർ ഉറപ്പാക്കി.

സംസ്ഥാനത്തു വിതരണം ചെയ്ത സൗജന്യ റേഷനിൽ അഥിതി തൊഴിലാളികളെയും ഉൾപ്പെടുത്തി. ഒരാൾക്കു അഞ്ചു കിലോ അരിയോ നാല് കിലോ ഗോതമ്പോ സൗജന്യമായി നൽകി.2020 ഏപ്രിൽ മുപ്പതു വരെയുള്ള കണക്ക് പ്രകാരം 1076.22മെട്രിക് ടൺ അരിയും 3,11,546 കിലോ ഗോതമ്പും അഥിതി തൊഴിലാളികൾക്കായി നൽകി കഴിഞ്ഞു.

സാമൂഹ്യ അടുക്കളകളിൽ നിന്നും മലയാളികൾക്ക് മാത്രമല്ല, അഥിഥി തൊഴിലാളികൾക്കും നമ്മൾ ഭക്ഷണം നൽകി. തിരുവനന്തപുരം നഗരസഭയിൽ മാത്രം ദിനംപ്രതി 9648 അഥിതി തൊഴിലാളികൾക്ക് സാമൂഹ്യ അടുക്കളകൾ വഴി ഭക്ഷണമോ, ഭക്ഷ്യ കിറ്റോ വിതരണം ചെയ്തു വരുന്നു. കൂട്ടത്തോടെ അഥിതി തൊഴിലാളികൾ താമസിക്കുന്നിടത്ത്, അവരുടെ രുചിക്കനുസരിച്ച് ഭക്ഷണം പാചകം ചെയ്തു നൽകാൻ സർക്കാർ തന്നെ പ്രത്യേക സൗകര്യവുമൊരുക്കി.

അഥിതി തൊഴിലാളികളോടുള്ള മാതൃകാപരമായ ഈ സമീപനം ലോക് ഡൗൺ കാലത്തെ മാത്രം സവിശേഷതയല്ല. ഇടതു പക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. പിണറായി സർക്കാർ നടപ്പിലാക്കിയ ആവാസ് ഇൻഷുറൻസ് പദ്ധതി നോക്കൂ. ഒരു അഥിതി തൊഴിലാളി ജോലിക്കിടെ മരണപ്പെട്ടാൽ രണ്ടു ലക്ഷം രൂപ ലഭിക്കും. ഗുരുതര പരിക്ക് പറ്റിയ ആൾക്ക് ഒരു ലക്ഷം രൂപയും, ആശുപത്രിയിൽ കിടത്തി ചികിത്സക്ക് ഇരുപത്തി അയ്യായിരം രൂപയും നൽകും. ഈ പദ്ധതിയിൽ ചേരുന്ന തൊഴിലാളി ഒരു രൂപ പോലും ചിലവാക്കേണ്ടതില്ല. എല്ലാം സർക്കാർ വഹിക്കും. പിണറായി സർക്കാർ 2017ലെ കേരളപ്പിറവി ദിനത്തിൽ ആരംഭിച്ചതാണ് ഈ മാതൃകാപരമായ പദ്ധതി.

ഒരു അഥിതി തൊഴിലാളി സംസ്ഥാനത്തു മരണപ്പെട്ടാൽ മൃതശരീരം നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കും.ഇക്കാര്യത്തിന് മാത്രമായി ജില്ലാ ലേബർ ഒഫീസർമാർക്ക് മുൻകൂട്ടി പണം, പ്രത്യേകം നൽകിയിട്ടുമുണ്ട്.നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ.

'അപ്നാഖർ'എന്ന പേരിൽ സർക്കാർ, അഥിതി തൊഴിലാളികൾക്കായി ആവിഷ്‌കരിച്ച പാർപ്പിട പദ്ധതി പാലക്കാട് ആരംഭിച്ചു കഴിഞ്ഞു. അവിടുത്തെ ഫളാറ്റ് സമുച്ചയത്തിൽ നിലവിൽ 620 തൊഴിലാളികൾ താമസിക്കുന്നു. താമസക്കാർക്കുള്ള വിനോദം ഉൾപ്പെടെ ഉറപ്പാക്കിയിട്ടുണ്ട് അപ്നാ ഘറിൽ.

ആദ്യമായി സംസ്ഥാനത്തു എത്തുന്ന അഥിതി തൊഴിലാളികൾക്കായി തലസ്ഥാനത്തും, എറണാകുളത്തും, കോഴിക്കോടും ഫെസിലിറ്റേഷൻ സെന്ററുകൾ (ശ്രമിക് ബന്ധു)ആരംഭിച്ചു. വിവിധ ഭാഷകളിൽ ഇവിടെ നിന്നും സേവനം ലഭിക്കും.

രാജ്യത്തു മറ്റൊരിടത്തും കുടിയേറ്റ തൊഴിലാളികൾക്കായി കേരളത്തിലേതിന് സമാനമായ ക്ഷേമ പദ്ധതികൾ ഇതുവരെയും നിലവിലില്ല.ഇനിയും ഒട്ടേറെ കാര്യങ്ങൾ നമുക്ക് ചെയ്യാനുമുണ്ട്. അഥിതി തൊഴിലാളികളെ ചേർത്തു നിർത്തുന്നതാണ് സംസ്ഥാന സർക്കാരിന്റെ നയം എന്നത് അഭിമാനകരം തന്നെയാണ്.

രാജ്യത്തു മറ്റൊരിടത്തും കുടിയേറ്റ തൊഴിലാളികൾക്കായി കേരളത്തിലേതിന് സമാനമായ ക്ഷേമ പദ്ധതികൾ ഇതുവരെയും നിലവിലില്ല.ഇനിയും ഒട്ടേറെ കാര്യങ്ങൾ നമുക്ക് ചെയ്യാനുമുണ്ട്. അഥിതി തൊഴിലാളികളെ ചേർത്തു നിർത്തുന്നതാണ് സംസ്ഥാന സർക്കാരിന്റെ നയം എന്നത് അഭിമാനകരം തന്നെയാണ്.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കരസ്പർശമാണ് ഇതൊക്കെയും. ഞാൻ എന്നോ നീയെന്നോ അല്ല, 'നമ്മൾ' എന്ന് ആത്മാർത്ഥമായി പറയാനാകുമ്പോഴാണ് നമ്മളൊക്കെയും മനുഷ്യരാകുന്നത്. ക്രമേണെ അപരത്വം പൂർണമായി ഇല്ലാതാക്കുകയും നമ്മുടെ ഭാഗമാക്കി മാറ്റാനും നമുക്ക് കഴിയണം. അതിനുള്ള സാമൂഹ്യ പരിസരം സൃഷ്ടിക്കുന്നതിൽ നമുക്ക് ഓരോരുത്തർക്കും പങ്കുണ്ട്.

കുടിയേറ്റ തൊഴിലാളികൾക്ക് എതിരായ വിദ്വേഷ പ്രചരണം നടത്താൻ ചില സന്ദർഭങ്ങളിൽ നിക്ഷിപ്ത താൽപര്യക്കാർ സംസ്ഥാനത്തു ശ്രമം നടത്തിയിട്ടുണ്ട്. അപൂർവ്വം കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടി, വിദ്വേഷ പ്രചരണം വ്യാപകമാക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കാറുണ്ട്. ഈ പ്രവണതകൾ കേരളത്തിന്റെ പുരോഗമന സംസ്‌കാരത്തിന് ചേർന്നതല്ല.

'അന്യ സംസ്ഥാന തൊഴിലാളികൾ' എന്ന പ്രയോഗം തന്നെ സർക്കാർ മാറ്റിയത്, സമൂഹത്തിൽ രൂപമെടുത്തു വന്ന തെറ്റായ പൊതുബോധത്തെ മാറ്റിയെടുക്കാനായിരുന്നു.

നാടുപേക്ഷിച്ചു ഇവിടേയ്ക്ക് തീവണ്ടി കയറിയവരെ വഴിയിൽ കാണുമ്പോൾ, നാം ഓർമിക്കേണ്ടത് ഭൂമിയുടെ ഏതോ മൂലയിൽ തൊഴിൽ ചെയ്യുന്ന, തൊഴിൽ തേടി അലയുന്ന പ്രവാസിയായ നമ്മുടെ ഒരു സഹോദരനെയാകണം. അരക്ഷിതാവസ്ഥയിലും പിടിച്ചു നിൽക്കുന്ന പ്രവാസിയായ നമ്മുടെ സഹോദരിമാരെയാകണം.

ഇനിയും തീവണ്ടികൾ വരും, പോകും. ഏതു നിമിഷവും അഥിതി തൊഴിലാളികളുടെ യാത്ര ഒരുക്കാൻ പാകത്തിൽ സർക്കാർ സജ്ജമാണ്. യാത്രയാകുന്നത് മടങ്ങിവരാൻ തന്നെയായാകട്ടെ... ഈ കെട്ടകാലവും നമ്മൾ അതിജീവിക്കും, നമ്മൾ ഇനിയും കാണും. കാത്തിരിക്കുന്നവർക്ക് അരികിലേയ്ക്കുള്ള യാത്രകൾ പ്രവാസത്തിന്റെയും കുടിയേറ്റത്തിന്റെയും അനിവാര്യതതന്നെയാണ്. സലാം ഭായി....

TAGS :

Next Story