Quantcast

വിജയിച്ച ജസീന്തയുടെ പിന്നിലെ പുരുഷൻ

പങ്കുവയ്ക്കപ്പെടേണ്ടത് കിടപ്പറകൾ മാത്രമല്ല, അടുക്കളകളും, എച്ചിൽപാത്രങ്ങളും, ആട്ടുതൊട്ടിലുകളും, അപ്പി മണക്കുന്ന കുഞ്ഞുടുപ്പുകളും കൂടിയാണ്.

MediaOne Logo

  • Published:

    13 Jun 2020 6:43 AM GMT

വിജയിച്ച ജസീന്തയുടെ പിന്നിലെ പുരുഷൻ
X

ജസീന്ത ആര്‍ഡേനും കുടുംബവും

കോവിഡിനെ കെട്ടുകെട്ടിച്ച ന്യൂസിലന്റിന്റെ 'പെൺ'പ്രധാനമന്ത്രി ജസീന്ത ആൻഡേനുള്ള കൈയടിയുടെ ഒച്ച ഇനിയും നിലച്ചിട്ടില്ല, ഇപ്പോൾ പറയാമെന്നു തോന്നുന്നു.

വിജയിക്കുന്ന എല്ലാ പുരുഷന്റെയും പിന്നിൽ ഒരു സ്ത്രീയുണ്ട് എന്നത് അതുവരെ ഒരു സ്ത്രീ നഷ്ടപ്പെടുത്തിയ സ്വന്തം സ്വപ്നങ്ങൾക്കു പകരം നൽകുന്ന ഒരു പിന്നാമ്പുറ പദവിയാണ്. നിശ്ശബ്ദയായി ഏറ്റുവാങ്ങിയ നഷ്ടങ്ങളുടെ, പങ്കുവയ്ക്കാനാവാതെ പോയ പ്രാരാബ്ധങ്ങളുടെ അടുക്കളപ്പുറങ്ങളിൽ വെറുംകൈയോടെ വിയർത്തുനാറി നിൽക്കുന്ന ഒരു പെൺജീവിതത്തിനു ഏറ്റവുമൊടുവിൽ പ്രഖ്യാപിക്കുന്ന പ്രോത്സാഹന സമ്മാനം.

ഷിബു ഗോപാലകൃഷ്ണന്‍

ജസീന്ത ആൻഡേൻ എന്ന സ്ത്രീവിജയത്തിനു പിന്നിൽ പിന്തുണയായി ഒരു പുരുഷൻ അഭിമാനപൂർവം അനുഗമിക്കുകയും അപ്പോൾ കാലം കൂടുതൽ സൗന്ദര്യപ്പെടുകയും ചെയ്യുന്നതിന്റെ മറ്റൊരു കാഴ്ച കൂടിയുണ്ട്. ജസീന്തയുടെ ഭർത്താവ് ക്ലാർക്ക് ഗയ്‌ഫോർഡ്. ടി.വിയിലെ അറിയപ്പെടുന്ന അവതാരകനായിട്ടും അതെല്ലാം അവസാനിപ്പിച്ച് കുഞ്ഞിന്റെ മുഴുവൻ സമയ ആയയായി അയാൾ പാർലമെന്റിന്റെ ഒൻപതാം നിലയിലെ പ്രധാനമന്ത്രിയുടെ മുറിയോടു ചേർന്നുള്ള താൽക്കാലിക ക്രഷിൽ അവരുടെ പെൺകുഞ്ഞിനെയും നോക്കി ഇരിക്കുന്നുണ്ട്. ആ കൈകളിൽ കൊച്ചിനുള്ള പാലിന്റെ കുപ്പിയുണ്ട്, എപ്പോൾ വേണമെങ്കിലും മാറ്റാൻ പാകത്തിൽ നാപ്പികൾ നിറച്ചുവച്ച ബാഗുണ്ട്, അമ്മമാർ ജോലിയോടൊപ്പമോ അല്ലെങ്കിൽ ജോലി ഉപേക്ഷിച്ചോ ചെയ്തുകൊണ്ടിരിക്കുന്ന കൂലിയില്ലാത്ത വേലകളുമായി ഗയ്‌ഫോർഡ് അവർക്കു പിന്നിൽ അണിനിരക്കുന്നുണ്ട്.

ക്ലാർക്ക് ഗയ്‌ഫോർഡ് കുഞ്ഞിനൊപ്പം

ഭാര്യ യു.എൻ അസ്സംബ്ലിയിൽ രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ടുള്ള കന്നിപ്രസംഗത്തിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു കത്തിക്കയറുമ്പോൾ ഗയ്‌ഫോർഡ് റസ്റ്റ്‌റൂമിൽ കൊച്ചിന്റെ നാപ്പി മാറ്റുകയായിരുന്നു, ന്യൂയോർക്കിലേക്കു തിരിക്കാൻ നേരം എടുത്തുവച്ച ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടം ബാഗിൽ തിരയുകയായിരുന്നു,

ഭാര്യ യു.എൻ അസ്സംബ്ലിയിൽ രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ടുള്ള കന്നിപ്രസംഗത്തിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു കത്തിക്കയറുമ്പോൾ ഗയ്‌ഫോർഡ് റസ്റ്റ്‌റൂമിൽ കൊച്ചിന്റെ നാപ്പി മാറ്റുകയായിരുന്നു, ന്യൂയോർക്കിലേക്കു തിരിക്കാൻ നേരം എടുത്തുവച്ച ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടം ബാഗിൽ തിരയുകയായിരുന്നു, നാപ്പി മാറ്റുന്നതിനിടിയാൽ അവിടേക്കു വന്ന ജപ്പാൻ പ്രതിനിധിയെ കണ്ടു കണ്മിഴിച്ച മകളെക്കുറിച്ചു അയാൾ ചെയ്ത ട്വീറ്റ്, ആദ്യമായി യുഎൻ അസ്സംബ്ലിയിൽ മൂന്നുമാസമുള്ള കൈക്കുഞ്ഞുമായെത്തിയ ജസീന്തയുടെ വാർത്തയ്ക്കൊപ്പം ട്രെൻഡ് ചെയ്യപ്പെട്ടു.

അന്നത്തെ ഏറ്റവും പ്രായംകുറഞ്ഞ പെൺപ്രധാനമന്ത്രിയായി ജസീന്ത ചാനലുകളിൽ നിറഞ്ഞപ്പോൾ കൈകുഞ്ഞുങ്ങളുമായി ദീർഘയാത്രകൾക്കു പുറപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും ന്യൂസിലൻഡിന്റെ പ്രഥമപുരുഷൻ അഭിമുഖങ്ങൾ നൽകി. കട്ടിലിൽ സ്വന്തമായി കയറാൻ മകളെ പരിശീലിപ്പിക്കുകയും ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ അവൾ വിജയിക്കുകയും ചെയ്തപ്പോൾ കാണിച്ച ആഹ്ലാദത്തിന്റെ നിമിഷങ്ങൾ ആത്മഹർഷത്തോടെ അയാൾ പങ്കുവച്ചു.

അധികാരവും അംഗീകാരവുമായി ഭാര്യ പറന്നുയരുമ്പോൾ അതിനുപിന്നിൽ ആത്മനൊമ്പരങ്ങൾ ഒന്നുമില്ലാതെ അയാൾ നിലയുറപ്പിച്ചു. യുഎൻ അസ്സംബ്ലിയിൽ ഭാര്യ പ്രസംഗിക്കുമ്പോൾ സദസ്സിലിരുന്നു ഇങ്ങനെ കൈയടിച്ചു.

പങ്കുവയ്ക്കപ്പെടേണ്ടത് കിടപ്പറകൾ മാത്രമല്ല, അടുക്കളകളും, എച്ചിൽപാത്രങ്ങളും, ആട്ടുതൊട്ടിലുകളും, അപ്പി മണക്കുന്ന കുഞ്ഞുടുപ്പുകളും കൂടിയാണ്. വിജയിക്കുന്ന ഏതൊരു സ്ത്രീക്കു പിന്നിലും ഒരു പുരുഷനുണ്ട് എന്നു കേൾപ്പിച്ചാൽ എന്താ പുളിക്ക്വൊ?

.

(കാലിഫോർണിയയിൽ സിലിക്കൺവാലിയിൽ ഐ.ടി രംഗത്ത് പ്രവർത്തിക്കുകയാണ് ലേഖകന്‍)

TAGS :

Next Story