2008ല്‍ എണ്ണവില 150 ഡോളര്‍, പെട്രോള്‍ വില 53 രൂപ; ഇന്ന് എണ്ണവില 50 ഡോളര്‍, പെട്രോള്‍ വില 85 രൂപ; എന്തുകൊണ്ട് വില കുറയുന്നില്ല ?
2014ല്‍ മേയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ബാരലിന് 106.85 ഡോളറായിരുന്നു ക്രൂഡ് ഓയില്‍ വില.

സ്ഥലം കോഴിക്കോട്ടെ ഒരു പെട്രോള്‍ പമ്പ്. രണ്ടാഴ്ചയായി ഇന്ധന വില ഉയരുന്ന സാഹചര്യത്തില്‍ വാര്‍ത്ത തയ്യാറാക്കാന്‍ എത്തിയിരിക്കുകയാണ് ഒരു റിപ്പോര്‍ട്ടറും കാമറാമാനും. ഇന്ധനമടിക്കാന്‍ വരുന്ന ആളുകളുടെ പ്രതികരണമെടുക്കുകയാണ് ഉദ്ദേശ്യം. ഇന്ധന വില ഉയരുന്നതിനെ കുറിച്ചും അതിന്‍റെ കാരണങ്ങളെ കുറിച്ചും ചെറിയൊരു ആമുഖം നല്‍കി നേരെ തൊട്ടടുത്തുണ്ടായിരുന്ന ഉപഭോക്താവിന്‍റെ അടുത്തേക്ക്. മൈക്ക് നീട്ടി ചോദ്യമെറിഞ്ഞു, വില ഇങ്ങനെ കയറിപോകുകയാണല്ലോ... മറുപടി ഇങ്ങനെ: കേറിക്കൊണ്ടിരിക്കുകയാണ്, എന്താ ചെയ്യ്യാ... അടിക്കണ്ടേ... ഇത് മാറ്റി ഇലക്ട്രിക് ആക്കേണ്ടി വരും. റിപ്പോര്‍ട്ടര്‍ അടുത്തയാളിലേക്ക്. കക്ഷിയാണെങ്കില്‍ പ്രതികരിക്കാനും തയ്യാറായില്ല. പിന്നില്‍ നിന്നയാളോട് പ്രതിഷേധം ഒന്നും കാണാനില്ലല്ലോയെന്ന് ചോദിച്ചപ്പോള്‍, ഇല്ല കാണാനില്ല, കാശുള്ളവര്‍ അടിച്ചുപോകും അല്ലാത്തവര്‍ക്കാ ബുദ്ധിമുട്ടെന്ന് മറുപടി. ബുള്ളറ്റില്‍ വന്നയാളോട് ചോദിച്ചപ്പോള്‍, ഓട്ടം നിര്‍ത്തേണ്ടി വരും, അല്ലേല്‍ വല്ല സൈക്കിളിലെങ്ങാനും പോകേണ്ടി വരുമെന്നായിരുന്നു മറുപടി. വേറൊരാള്‍ പറഞ്ഞത്, സര്‍ക്കാര്‍ ഇങ്ങനെ പിഴിയുകയല്ലേയെന്ന്. തെരഞ്ഞെടുപ്പ് വരട്ടേ കാണിച്ചുകൊടുക്കാമെന്നൊരു ''ഭീഷണി'യും.
പ്രതികരിച്ചവരില്‍ പലരുടെയും ശബ്ദത്തില്‍ നിസഹായാവസ്ഥയും അമര്‍ഷവും. എന്നാല്‍ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഓടുന്ന കൂട്ടത്തില്‍ ഒരു പരസ്യ പ്രതിഷേധത്തിന് ഇവര്‍ക്കാവുന്നില്ല. അതല്ലെങ്കില്‍ എങ്ങനെയൊക്കെ സര്‍ക്കാരുകള്‍ ശ്വാസംമുട്ടിച്ചാലും സഹിച്ച്, ക്ഷമിച്ച് കാലംകഴിക്കുക എന്ന വികാരവുമാകാം. അതുമല്ലെങ്കില്‍ തങ്ങള്‍ക്ക് വേണ്ടി പ്രതിഷേധിക്കാനും സര്‍ക്കാരിനെ മുട്ടുകുത്തിക്കാനും ഇവിടെ രാഷ്ട്രീയക്കാരുണ്ടല്ലോയെന്ന വിശ്വാസവുമാകാം. എന്നാല്‍ മുമ്പ് 50 പൈസ പെട്രോളിന് കൂടുമ്പോഴേക്കും ഹര്‍ത്താലും ബന്ദും നടത്തി പ്രതിഷേധിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ഇപ്പോള്‍ കാണാനുമില്ല. പ്രതിഷേധിച്ചിട്ട് പ്രത്യേകിച്ച് കാര്യമില്ലെന്ന് അവര്‍ക്കും തോന്നുന്നുണ്ടാകാം. പണ്ട് പെട്രോളിന് വിലകൂടിയപ്പോള്‍ കാളവണ്ടി ഓടിച്ചും സ്കൂട്ടര്‍ ഉന്തിയും പ്രതിഷേധിച്ചവരെ ഇന്ന് മഷിയിട്ടിട്ടും കാണാനില്ല. അവരില്‍ പലരും ഇന്ന് ഈ വില വര്‍ധനവിനെ ന്യായീകരിക്കാനുള്ള ഓട്ടത്തിലാണ്. പാവപ്പെട്ടന്‍റെ വിശപ്പകറ്റാനും കക്കൂസ് കെട്ടാനുമൊക്കെ ഈ വിലക്കയറ്റം ഉപകരിക്കുമെന്ന ന്യായീകരണമാണ് പലകുറി കേട്ടിട്ടുള്ളത്. അതൊന്നുമേശിയില്ലെങ്കില്‍ ഇതൊന്നും ആരും വീട്ടില്‍ കൊണ്ടുപോകുകയല്ലല്ലോയെന്നും അവരില്‍ ചിലര്‍ ചോദിക്കും.
ചത്താലും പ്രതിഷേധിക്കരുത് !
മുമ്പൊക്കെ ഇന്ധന വില വര്‍ധനവുണ്ടാകുമ്പോള്‍ വലിയ പ്രതിഷേധങ്ങള്‍ക്കും ഹര്‍ത്താലിനുമൊക്കെ രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിലക്കയറ്റം രൂക്ഷമാക്കാനും സാധാരണക്കാരുടെ ജീവിതം ദുരിതത്തിലേക്ക് തള്ളിവിടാനും ഇന്ധനവില വര്‍ധനവ് കാരണമാകും എന്നതു കൊണ്ട് തന്നെയാണ് ഈ പ്രതിഷേധങ്ങളൊക്കെ ഉയര്‍ന്നതും. എന്നാല്‍ ഇപ്പോള്‍ ഇന്ധനവിലയിലെ മാറ്റം ഉപഭോക്താക്കളോ സര്‍ക്കാര്‍, രാഷ്ട്രീയ നേതൃത്വമോ ശ്രദ്ധിക്കുന്നില്ല. അതല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കുന്നു. ദിനംപ്രതി ഇന്ധനവിലയില്‍ മാറ്റം വരുത്താനുള്ള സംവിധാനം 2017 ജൂണ്‍ 16 ന് തുടങ്ങിയതു മുതല്‍ പെട്രോള്‍, ഡീസല്‍ വിലയിലെ മാറ്റങ്ങള്‍ സ്ഥിരം പമ്പില്‍ കയറുന്നവര്‍ മാത്രമായിരിക്കും ശ്രദ്ധിക്കുന്നുണ്ടാകുക. ഇന്നലത്തെ നിരക്കില്‍ നിന്ന് ഇന്ന് പത്തോ ഇരുപതോ പൈസ മാറ്റം വന്നാല്‍ അതൊട്ട് അറിയാറുമുണ്ടാകില്ല. അറിഞ്ഞവരാണെങ്കില്‍ മനസില്‍ പ്രതിഷേധിച്ച് ഇന്ധനവുമടിച്ച് സ്ഥലംവിടും.
അജ്ഞതയോ അവഗണിക്കുന്നതോ ?
എന്നാല്‍ ദിവസവും പൈസ കണക്കില്‍ നിരക്കിലുണ്ടാകുന്ന ഈ മാറ്റം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രൂപയിലേക്ക് മാറുകയാണ് ചെയ്യുക. നാലോ അഞ്ചോ ദിവസം കഴിഞ്ഞാല്‍ മുമ്പ് 80 രൂപയായിരുന്ന പെട്രോള്‍ വില 81 രൂപക്ക് മുകളിലെത്തിയെന്നും കാണാം. എന്നാല്‍ ഉപഭോക്താക്കള്‍ ലിറ്റര്‍ എന്നതിന് പകരം 100 രൂപക്കും 500 രൂപക്കും എന്ന രീതിയില്‍ പെട്രോള്‍ വാങ്ങാന്‍ തുടങ്ങിയതോടെ ഈ വില മാറ്റം അവര്‍ക്കിടയില്‍ അത്രക്കൊന്നും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുമുണ്ടാകില്ല. ഇതിന്‍റെ തെളിവാണ് പെട്രോള്‍ വില 85 രൂപയില്‍ എത്തിയിട്ടും ഒരാളും പ്രതിഷേധിക്കാനോ പ്രതികരിക്കാനോ തയാറാകാത്തത്. 2014 ജൂണിൽ ബാരലിന് 101 ഡോളർ ആയിരുന്ന അസംസ്കൃത എണ്ണക്ക് 49-50 ഡോളറാണ് ഇപ്പോഴത്തെ വില. അസംസ്കൃത എണ്ണവില കുറഞ്ഞിട്ടും ഇന്ധനവിലയുടെ മറവിൽ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ് എണ്ണ കമ്പനികള്‍. മാസത്തില്‍ രണ്ട് തവണ വില പുനര്‍നിര്‍ണയിച്ചിരുന്ന കാലത്ത് ക്രൂഡോയില്‍ വില ഇടയ്ക്ക് കൂടിയാലും 15 ദിവസം ഇന്ധനവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു.
കൂടുമ്പോള്‍ കൂടും, കുറയുമ്പോഴും കൂടും
അസംസ്‍കൃത എണ്ണയുടെ വിലയും രൂപ- ഡോളര്‍ വിനിമയ നിരക്കും കണക്കാക്കിയാണ് ഇന്ധന വില ഇപ്പോള്‍ നിശ്ചയിക്കുന്നത്. വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം എണ്ണ കമ്പനികള്‍ക്ക് വിട്ടുകൊടുക്കാനുള്ള നയ രൂപീകരണം യു.പി.എ സര്‍ക്കാര്‍ തുടങ്ങിവെച്ചപ്പോള്‍ പ്രതിഷേധിച്ച ബി.ജെ.പി ഭരണത്തിലേറിയതോടെ മുഴുവന്‍ സ്വാതന്ത്ര്യവും കമ്പനികള്‍ക്ക് നല്‍കിയാണ് നയം വ്യക്തമാക്കിയത്. ഈ വിധത്തിലുള്ള കൂട്ടലും കിഴിക്കലും തുടങ്ങിയതോടെ 2018 അവസാന മാസങ്ങളിലേക്ക് കടന്നപ്പോള്‍ തന്നെ പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയര്‍ന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ചു. അന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ശരാശരി 78 ഡോളറായിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യമാണെങ്കില്‍ 64 ഡോളറും. അന്ന് പെട്രോള്‍ വില 85 രൂപയും ഡീസല്‍ വില 78 രൂപയും. 2019 ല്‍ രൂപ പലവട്ടം നില മെച്ചപ്പെടുത്തി. 2019 ജൂലൈയില്‍ രൂപയുടെ മൂല്യം 68 എന്ന നിലവാരത്തിലേക്ക് ഉയര്‍ന്നു. ഇതേ കാലയളവില്‍ അസംസ്കൃത എണ്ണ വില 59 ഡോളര്‍. ഈ സമയത്ത് പെട്രോള്‍ വില 77 രൂപയും ഡീസല്‍ വില 71 രൂപയും.
ഇനി 2020 ലെ നിരക്കുകള്‍ നോക്കാം. കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഏപ്രിലില്‍ അസംസ്കൃത എണ്ണ വില 19 ഡോളറിലേക്ക് കൂപ്പുകുത്തി. രൂപയുടെ മൂല്യമാണെങ്കില്‍ 76 എന്ന നിലവാരത്തിലും. അപ്പോള്‍ പെട്രോള്‍ വില 72 രൂപയിലും ഡീസല്‍ വില 67 രൂപയിലുമായിരുന്നു. ഈ ഡിസംബറില്‍ ക്രൂഡ് ഓയില്‍ വില ശരാശരി 50 ഡോളറില്‍ താഴെ. രൂപയുടെ മൂല്യമാണെങ്കില്‍ 73 എന്ന നിലയിലും. പെട്രോള്‍, ഡീസല്‍ വില ഇപ്രകാരം - 85 രൂപയും 79 രൂപയും. അസംസ്‌കൃത എണ്ണവില 150 ഡോളര്‍ നിരക്കുണ്ടായിരുന്ന 2008 ജൂണില്‍ ഡീസലിന്‍റെ വില ലിറ്ററിന് 38.05 രൂപയും പെട്രോളിന് ലിറ്ററിന് 53.49 രൂപയും മാത്രമായിരുന്നു. 2014ല്‍ മേയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ബാരലിന് 106.85 ഡോളറായിരുന്നു ക്രൂഡ് ഓയില്‍ വില. അന്ന് ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 71.41 രൂപയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ധന വില കുത്തനെ ഉയരുകയാണ്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ കൊള്ള. കോവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ നട്ടംതിരിയുമ്പോഴാണ് ഈ കൊള്ള നടക്കുന്നതെന്നാണ് ശ്രദ്ധേയം.
നികുതി കൂടട്ടേ, ജനങ്ങളുടെ നടുവൊടിയട്ടേ
നികുതികളാണ് ഇന്ത്യയില്‍ വില കുറയാത്തതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. 2014 മെയില്‍ 47.12 രൂപക്കാണ് ഒരു ലിറ്റര്‍ പെട്രോള്‍ ഡീലര്‍മാര്‍ക്ക് ലഭിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ എക്സൈസ് നികുതി 10.39 രൂപയും സംസ്ഥാന സര്‍ക്കാറിന്‍റെ വാറ്റ് 11.9 രൂപയും ഡീലര്‍മാരുടെ കമ്മീഷന്‍ 2 രൂപയുമൊക്കെ ചേര്‍ത്ത് 71.41 രൂപയായിരുന്നു ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. 2020ല്‍ എത്തിയപ്പോള്‍ ഡീലര്‍മാര്‍ക്ക് 32.93 രൂപക്ക് പെട്രോള്‍ ലഭിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്ന നികുതിയായ എക്സൈസ് ഡ്യൂട്ടി 10.39 ല്‍ നിന്ന് 19.98 രൂപയായി വര്‍ധിച്ചു. സംസ്ഥാന നികുതി 11.9 രൂപയില്‍ നിന്ന് 15.25 രൂപയായും വര്‍ധിച്ചു. 3.55 രൂപ ഡീലര്‍മാരുടെ കമ്മീഷനും കൂട്ടിച്ചേര്‍ത്ത് ആകെ വില 71.71 രൂപ. ഇതിനിടെ മാര്‍ച്ചില്‍ എക്സൈസ് നികുതി മൂന്നു രൂപ കൂടി വര്‍ധിപ്പിച്ചു. ഒപ്പം പ്രത്യേക എക്സൈസ് നികുതിയും. റോഡ് സെസും.
കോവിഡ് കാലത്താണ് നികുതിയില്‍ വീണ്ടും വര്‍ധനയുണ്ടായത്. അതും രണ്ടു തവണ. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതി പെട്രോളിന് പത്തു രൂപയും ഡീസലിന് 13 രൂപയും കൂട്ടി. ലോക്ഡൌണിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനുണ്ടായ നികുതി നഷ്ടം നികത്താനായിരുന്നു ഈ അടിച്ചേല്‍പ്പിക്കല്‍. ഈ സമയത്ത് ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തിയതു കൊണ്ട് നികുതി വര്‍ധന ജനങ്ങളെ കാര്യമായി ബാധിച്ചില്ല. എന്നാല്‍ എണ്ണവില കൂടുമ്പോള്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നതു പോലെ കുറഞ്ഞപ്പോള്‍ കുറക്കാത്തതു കൊണ്ട് ജനങ്ങള്‍ക്ക് ഒരു ഗുണവുമുണ്ടായില്ല എന്നതാണ് സത്യം. മെച്ചമുണ്ടായത് സര്‍ക്കാരിനും എണ്ണ കമ്പനികള്‍ക്കും മാത്രം. ഇതിന് പുറമെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നികുതിയും.
സെഞ്ച്വറിയിലേക്ക് ഇനി എത്ര നാള്‍ ?
ലോക വിപണിയിൽ എണ്ണ വിലകുറഞ്ഞാലും വില കുറയ്ക്കാത്ത എണ്ണ കമ്പനികളുടെ നിലപാടിനെയാണെന്നു ഭയപ്പെടേണ്ടതെന്ന വിദഗ്ധരുടെ വിലയിരുത്തലുകള്‍ ശരിവെക്കുന്ന തരത്തിലാണ് നിലവിലെ പ്രവണത. ദിനംപ്രതിയുള്ള വില മാറ്റം തുടങ്ങിയപ്പോള്‍ ആദ്യ ദിവസങ്ങള്‍ വില കുറച്ച് നല്‍കി കമ്പനികള്‍ ഉപഭോക്താക്കളെ പ്രതീപ്പെടുത്തിയ ശേഷമാണ് പിന്നീടങ്ങോട്ട് തുടര്‍ച്ചയായി പൈസാ കണക്കില്‍ വില വര്‍ധിപ്പിച്ചു കൊണ്ടുവരുന്നത്. ഇത് ഉപഭോക്താക്കള്‍ ശ്രദ്ധിക്കാതിരിക്കുകയും ഇതില്‍ ഇടപെടേണ്ട സര്‍ക്കാര്‍, രാഷ്ട്രീയ സംവിധാനങ്ങള്‍ മൌനം പാലിക്കുകയും ചെയ്യുന്നത് ഇനിയും തുടര്‍ന്നാല്‍ ഇന്ധനവില സെഞ്ച്വറിയില്‍ എത്താന്‍ അധിക മാസങ്ങളൊന്നും കാത്തിരിക്കേണ്ടി വരില്ല.
പാവപ്പെട്ടവന്‍റെ നെഞ്ചത്ത് ചവിട്ടി ലാഭം കൊയ്തെടുക്കാനുള്ള മുതലാളിത്തത്തിന്‍റെ ആര്‍ത്തിക്ക് രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ കുടപിടിക്കുമ്പോള്‍ ഇതല്ല, ഇതിനപ്പുറവും അനുഭവിക്കേണ്ടി വരും. ന്യായീകരണ തൊഴിലാളികള്‍ പറയുന്നതു പോലെ സമ്പന്നരില്‍ നിന്ന് സമ്പത്ത് വലിച്ചൂറ്റിയെടുത്ത് അതിദരിദ്രര്‍ക്ക് നല്‍കുകയല്ല, മറിച്ച് അതിസമ്പന്നരെ സൃഷ്ടിച്ചെടുക്കുകയാണ് ഇവര്‍. ഇതിനൊപ്പം പലിശക്കാരെ വെല്ലുന്ന തരത്തില്‍ നികുതി ചുമത്തി സാധാരണക്കാരുടെ നടുവൊടിക്കുന്ന സര്‍ക്കാരും വിയര്‍ക്കാതെ ഖജനാവ് അതിവേഗം വീര്‍പ്പിക്കുന്നുണ്ടെന്ന വസ്തുതയും വിസ്മരിക്കരുത്.
Adjust Story Font
16

