ബംഗാളിന്‍റെ ആത്മാവറിഞ്ഞ യാത്ര പുസ്തകം

മുനീർ ഹുസൈൻ എഴുതിയ 'ബംഗാൾ ഡയറി കുറിപ്പുകൾ' എന്ന പുസ്തകം വായിക്കുമ്പോൾ ബംഗാളിന്‍റെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്ര സംഘത്തിൽ ഒരാളായി നമ്മളും കൂടെയുണ്ടെന്ന തോന്നലാവും ഓരോ വായനക്കാരനും ഉണ്ടാവുക

MediaOne Logo

സജീദ് പി.എം

  • Updated:

    2021-09-28 08:05:10.0

Published:

28 Sep 2021 7:41 AM GMT

ബംഗാളിന്‍റെ ആത്മാവറിഞ്ഞ യാത്ര പുസ്തകം
X

പുതിയ പുതിയ അനുഭവങ്ങൾ തേടാനുള്ള മനസിന്‍റെ പ്രവണതയാണ് സഞ്ചാരത്തിനു പ്രേരണ നൽകുന്നത്. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. അത് സൃഷ്ടിക്കുന്ന മനോഹരമായ അനുഭൂതി വിശേഷം സഞ്ചാരിയെ ഉന്മേഷവാനാക്കും. ഇത്തരം അനുഭവങ്ങളും അനുഭൂതിയും മറ്റുള്ളവരുമായി പങ്കുവയ്ക്കുക കൂടി ചെയ്യുമ്പോഴാണ് ആ യാത്ര പൂർണമാവുക. അവിടെ ഒരു സഞ്ചാരി മാത്രമല്ല, സഞ്ചാരസാഹിത്യകാരനും കൂടി ഉടലെടുക്കുകയാണ്.

മുനീർ ഹുസൈൻ എഴുതിയ 'ബംഗാൾ ഡയറി കുറിപ്പുകൾ' എന്ന പുസ്തകം വായിക്കുമ്പോൾ ബംഗാളിന്‍റെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്ര സംഘത്തിൽ ഒരാളായി നമ്മളും കൂടെയുണ്ടെന്ന തോന്നലാവും ഓരോ വായനക്കാരനും ഉണ്ടാവുക. അത്രമാത്രം ഹൃദയമായും സൂക്ഷ്മമായും യാത്രയ്ക്കിടയിലെ അനുഭവങ്ങളും കാഴ്ചകളും അദ്ദേഹം നമുക്ക് മുന്നിൽ വരച്ചിടുന്നുണ്ട്.കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാരംഭിച്ച തീവണ്ടിക്കാഴ്ചകൾ മുതൽ കൽക്കട്ടയും ഹൗറയും കടന്ന് ബംഗ്ലാദേശ് അതിർത്തി ഗ്രാമങ്ങളിലെത്തി നിൽക്കുമ്പോൾ കണ്ട കാഴ്ചകൾ മാത്രമല്ല, ജീവിതങ്ങളെക്കൂടിയാണ് ലേഖകൻ നമുക്ക് പരിചയപ്പെടുത്തുന്നത്. ബംഗാളിന്‍റെ ചരിത്രം, രാഷ്ട്രീയം, കല, സംഗീതം, കൃഷി, ഭക്ഷണം, ആചാരം, അനുഷ്ഠാനങ്ങള്‍, അന്ധവിശ്വാസങ്ങൾ തുടങ്ങി സമസ്ത മേഖലകളിലേക്കുമുള്ള സൂക്ഷ്മവും സമഗ്രവുമായ അന്വേഷണമാണ് ഈ യാത്ര പുസ്തകം.

രാജ്യത്ത് പൗരത്വ പ്രക്ഷോഭങ്ങൾ കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് നടത്തിയ യാത്രയുടെ എല്ലാ വിനാശകരമായ അനുഭവങ്ങളും ബംഗാളിലെത്തിയ ആദ്യനാൾ മുതൽ അദ്ദേഹത്തിനു നേരിടേണ്ടി വരുന്നുണ്ട്. കൽക്കട്ടയിൽ എത്തുന്നതിനു തൊട്ടു മുമ്പ് ദാസ് നഗറിൽ വെച്ച് ട്രെയിൻ പിടിച്ചിടുന്നതിൽ തുടങ്ങിയ സംഭവ വികാസങ്ങൾ പിന്നീടുള്ള ദിവസങ്ങളിൽ കൂടുതൽ രൂക്ഷമായി അനുഭവിക്കേണ്ടി വരുന്നു. മുർഷിദാബാദ് പോലുള്ള അതിർത്തി ഗ്രാമങ്ങളിലെത്തുമ്പോൾ അതിന്‍റെ അലയൊലികൾക്ക് മുമ്പിൽ നിസ്സഹായരായി നിൽക്കേണ്ടി വന്ന അനുഭവം ഭീതിയുടെയല്ലാതെ വായിച്ച് തീർക്കാൻ കഴിയില്ല. തലമുറകളായി വസിക്കുന്ന സ്വന്തം മണ്ണിൽ നിന്ന് ഏത് നിമിഷവും പുറന്തള്ളാനുള്ള കോപ്പുകൾ ഭരണകൂടം തന്നെ അണിയറയിൽ ഒരുക്കുമ്പോൾ തങ്ങൾക്ക് പരിചിതമല്ലാത്ത വേഷത്തിലും ഭാഷയിലും ഗ്രാമീണരോട് ഇടപെടാൻ വന്നവർ സംശയത്തിന്‍റെ നിഴലിലാവുക സ്വാഭാവികം. പൗരത്വ ബിൽ ഇന്ത്യൻ ഗ്രാമങ്ങളെ എത്രമാത്രം ഭയവിഹ്വലരും അസ്വസ്ഥരുമാക്കുന്നതുമാണെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നുണ്ട്.

കണ്ണെത്താ ദൂരത്തോളം നീണ്ടു നിവർന്നു കിടക്കുന്ന കൃഷിപ്പാടങ്ങളിലും ഇഷ്ടികക്കളങ്ങളിലും ഉരുകിത്തീരുന്ന ജീവിതങ്ങളുടെ പിന്നാമ്പുറമന്വേഷിച്ച ലേഖകൻ എത്തിപ്പെടുന്നത് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇല്ലാതായെന്ന് നമ്മൾ വിശ്വസിക്കുന്ന അടിമത്ത സമ്പ്രദായത്തിന്‍റെ പുതിയ രൂപങ്ങളിലേക്കാണ്. ശൈശവ വിവാഹം ഇപ്പോഴും ഇന്ത്യൻ ഗ്രാമങ്ങളിലെ നിത്യ കാഴ്ചയാണെന്ന് അടിവരയിടാൻ തക്കമുള്ള സ്ത്രീരത്നങ്ങളെയും ഗ്രാമീണ ആചാരങ്ങളെയും ലേഖകൻ നമുക്ക് പരിചയപ്പെടുത്തുന്നുണ്ട്. ആശുപത്രിയോ ഡോക്ടർമാരോ ഇല്ലാത്ത ഗ്രാമങ്ങളിൽ മുറിവൈദ്യന്മാരും ദുർമന്ത്രവാദികളും ഔദ്യോഗിക ചികിത്സകരായി അരങ്ങു വാഴുക സ്വാഭാവികം. അവരുടെ ചികിത്സാ രീതികളും അന്ധവിശ്വാസങ്ങളും കേൾക്കുമ്പോൾ ചിരിയെക്കാളുപരി ആ ജനത അനുഭവിക്കുന്ന ദൈന്യതയുടെ ആഴമാണ് നമുക്ക് മുന്നിൽ തുറന്നു കാട്ടപ്പെടുന്നത്.

വിപ്ലവങ്ങൾക്കും സാഹിത്യത്തിനും കലയ്ക്കും പേരു കേട്ട ബംഗാളിന്‍റെ നാടോടി കലയായ ബാവുൾ സംഗീതത്തെയും ഗായകരുടെ ജീവിതത്തെയും വിശദമായി തന്നെ ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചുവന്ന തെരുവായ സോനാഗച്ചിയും അവിടത്തെ കാഴ്ചകളും. നിഗൂഢതയും അപകടം പിടിച്ചതുമായ ഇടനാഴികളിലൂടെയുള്ള ഓരോ കാലടിയും ആരുടെയൊക്കെയോ സൂക്ഷ്മമായ നിരീക്ഷണങ്ങൾക്ക് ഇരയാകുന്നെന്ന തിരിച്ചറിവ് ലഭിച്ചപ്പോഴേക്കും വൈകിയിരുന്നു. ജീവൻ തന്നെ അപകടത്തിലാകുമായിരുന്ന സംഭവങ്ങളെയും അനുഭവങ്ങളെയും തന്മയത്വത്തോടെയും അതിഭവുകത്വമില്ലാതെയും അവതരിപ്പിക്കാൻ ഈ പുസ്തകത്തിലൂടെ ലേഖകന് സാധിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല.

പുസ്തകം: ബംഗാൾ ഡയറി കുറിപ്പുകൾ (യാത്ര)

എഴുതിയത്: മുനീർ ഹുസൈൻ

പേജ് : 143

പ്രസാധകർ : Insight Publica

വില : 179

TAGS :

Next Story