Quantcast

വിലക്കുന്നത് ജീവശ്വാസം

സംപ്രേഷണ വിലക്ക് ചോദ്യംചെയ്ത് മീഡിയവണ്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മീഡിയ വണ്‍ നിയമപോരാട്ടം തുടരും.

MediaOne Logo

പ്രമോദ് രാമന്‍

  • Updated:

    2022-08-02 08:42:04.0

Published:

9 Feb 2022 6:56 AM GMT

വിലക്കുന്നത് ജീവശ്വാസം
X
Listen to this Article

എന്തുകൊണ്ടാണ് മീഡിയവണിനെ കേന്ദ്രസര്‍ക്കാര്‍ വിലക്കിയത് എന്ന ചോദ്യത്തിന് ഉത്തരമില്ലാതെയാണ് ഹൈക്കോടതിയിലെ നടപടികള്‍ അവസാനിച്ചത്. ആ ചോദ്യത്തില്‍ നിന്ന് തുടങ്ങി ആ ചോദ്യത്തില്‍ തന്നെ അവസാനിച്ച നീതിപ്രക്രിയ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് ലഭിച്ച 'ചില' വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സമിതി യോഗംചേര്‍ന്ന് ചാനലിന്റെ സുരക്ഷാ അനുമതി റദ്ദ് ചെയ്യാന്‍ നിര്‍ദേശിച്ചുവെന്നാണ് കോടതിയില്‍ വ്യക്തമാക്കപ്പെട്ടത്. എന്നാല്‍ എന്താണ് ഈ വിവരങ്ങള്‍ എന്ന് വ്യക്തമാക്കപ്പെട്ടില്ല. ചാനല്‍ അതിന്റെ ഒന്‍പതു വര്‍ഷത്തെ ചരിത്രത്തില്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു പരാതിക്കും ഇടനല്‍കിയിട്ടില്ല എന്ന വസ്തുത അവിടെ നില്‍ക്കുന്നു. 2020 മാര്‍ച്ചില്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 48 മണിക്കൂര്‍ നേരത്തെ സംപ്രേഷണ വിലക്ക് നേരിട്ടെങ്കിലും അത് വാര്‍ത്താവിതരണ മന്ത്രാലയം തന്നെ നേരംപുലരുമ്പോഴേക്ക് പിന്‍വലിച്ചു. (ഏഷ്യാനെറ്റ് ന്യൂസ് കൂടി അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു). ഒരു വാര്‍ത്താചാനലിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്കുമുന്നില്‍ ഉള്ളതാണല്ലോ. അനിയന്ത്രിതമായ വിവരക്കൈമാറ്റങ്ങളും സംവാദങ്ങളും നടക്കുന്ന നവമാധ്യമങ്ങളുടെ കാലത്ത് ജനങ്ങള്‍ക്കുമുന്നില്‍ സുതാര്യത നിലനിര്‍ത്താതെ മുന്നോട്ടുപോകാന്‍ ഒരു വാര്‍ത്താചാനലിന് എങ്ങനെ സാധിക്കും? നിഗൂഢമായ വിവരങ്ങള്‍ മുന്‍നിര്‍ത്തി ചാനലിന് സംപ്രേഷണാനുമതി റദ്ദ് ചെയ്യപ്പെടുമ്പോള്‍ ആ ചാനല്‍ മാത്രമല്ല, അതിന്റെ പ്രേക്ഷകരും മാധ്യമ സ്വാതന്ത്ര്യമെന്ന ആശയവും ഉള്‍പ്പെടെ ഇരുട്ടത്ത് നിര്‍ത്തപ്പെടുകയാണ്.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എക്സിക്യൂട്ടിവിന്റെ മാത്രം അധികാരപരിധിയില്‍ വരുന്നതാണെന്നും ലെജിസ്ലേച്ചറിനും ജുഡീഷ്യറിക്കും അതില്‍ പരിമിതമായ പങ്കുമാത്രമേ ഉള്ളൂവെന്നുമാണ് ജസ്റ്റിസ് നഗരേഷ് വിധിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ നോക്കൂ, ഇതേ ദേശീയ സുരക്ഷയെക്കുറിച്ചാണ് സുപ്രിംകോടതി പെഗാസസ് വിധിയില്‍ ഇങ്ങനെ ചൂണ്ടിക്കാട്ടിയത്:

'ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നീതിന്യായ സംവിധാനത്തിന് പരിമിതമായ സാധ്യത മാത്രമേ ഉള്ളൂവെന്ന കാര്യം നിയമപരമായി വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ അതിനര്‍ഥം ഓരോ തവണയും ദേശീയ സുരക്ഷയെന്ന ഭീഷണി ഉയര്‍ത്തുമ്പോഴെല്ലാം സര്‍ക്കാരിന് തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ അനുമതി കിട്ടുന്നുവെന്ന് അല്ല. ദേശീയ സുരക്ഷയെന്ന ഉമ്മാക്കി മിണ്ടിയാലുടന്‍ ജുഡീഷ്യറി ലജ്ജിച്ച് മാറിപ്പോവുകയൊന്നുമില്ല'.

തുടര്‍ന്ന്, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതിയുടെ പരിശോധനയ്ക്ക് പൂര്‍ണമായി അതീതമാണെന്ന് കരുതേണ്ടതില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കുന്നു. ഏത് രഹസ്യവിവരമായാലും രഹസ്യാത്മകമായി സൂക്ഷിക്കേണ്ടതാണെങ്കില്‍ കോടതിയെ അത് ബോധ്യപ്പെടുത്തണം. ദേശീയ സുരക്ഷയെന്ന് പറയുമ്പോഴേക്ക് കോടതി വെറും കാഴ്ചക്കാരായി മാറുമെന്ന് സര്‍ക്കാര്‍ കരുതേണ്ടതില്ലെന്നും പെഗാസസ് ചാരവൃത്തിക്കേസിലെ വിധിയില്‍ വിശദീകരിച്ചിട്ടുണ്ട്.

ഈ കാഴ്ചപ്പാട് എന്തുകൊണ്ട് നീതിപീഠം മീഡിയ വണ്‍ കേസില്‍ പരിഗണിക്കുന്നില്ല എന്ന ചോദ്യം ഉയര്‍ത്താതിരിക്കാന്‍ കഴിയുന്നില്ല. ഒരു കട അടച്ചുപൂട്ടുമ്പോള്‍ അവിടുത്തെ ജോലിക്കാരുടെ പണി പോകുന്നത് സ്വാഭാവികമല്ലേ എന്നാണ് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ചോദിച്ചത്. മീഡിയ വണ്‍ എഡിറ്ററും ജീവനക്കാരും നല്‍കിയ ഉപഹര്‍ജി പരിഗണിക്കരുതെന്ന് വാദിക്കാന്‍ വേണ്ടിയായിരുന്നു ഇത്. അതായത്, ഒരു കടപൂട്ടുന്ന ലാഘവത്തോടെയാണ് ഒരു മാധ്യമസ്ഥാപനം കേന്ദ്രസര്‍ക്കാര്‍ പൂട്ടുന്നത്. ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ സ്ഥാനത്തെക്കുറിച്ച് രാജ്യാന്തരതലത്തില്‍ തന്നെ പ്രബുദ്ധമായ സംവാദങ്ങള്‍ നടന്നുകഴിഞ്ഞ കാലത്താണ് സര്‍ക്കാര്‍ ഈ നിലപാട് എടുക്കുന്നത് എന്നോര്‍ക്കണം. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനശിലകളായ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെട്ട അഭിപ്രായ സ്വാതന്ത്ര്യമെന്ന വിഷയത്തെയാണ് കടപൂട്ടുന്നതുമായി താരതമ്യപ്പെടുത്തുന്നത് എന്നുമോര്‍ക്കണം. മൗലികാവകാശം നിഷേധിക്കാന്‍ 'ചില' രഹസ്യാന്വേഷണ വിവരങ്ങളും ഒരു മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ തീരുമാനവും മതി എന്നതാണ് ഈ സമീപനത്തിന്റെ തുടര്‍ച്ച. രാംജെത് മലാനി vs യൂണിയന്‍ ഓഫ് ഇന്ത്യ (2011) കേസില്‍ സുപ്രിംകോടതി ഇങ്ങനെ പറഞ്ഞു:

'മൗലികാവകാശങ്ങള്‍ക്കുനേരേ ഭീഷണി ഉയരുമ്പോള്‍ ഭരണകൂടം എതിരായൊരു നിലപാട് എടുക്കാന്‍ പാടില്ല. മൗലികാവകാശങ്ങളുടെ സംരക്ഷണം പ്രാഥമികമായും സര്‍ക്കാരിന്റെ ബാധ്യതയാണ്. പരാതിക്കാരില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതോ സര്‍ക്കാരിന് അനുകൂലമായി വസ്തുതകളും സംഭവങ്ങളും വ്യാഖ്യാനിക്കുന്നതോ ഭരണഘടനയുടെ 32-ാം വകുപ്പ് ഉറപ്പുനല്‍കുന്ന മൗലികാവകാശ സംരക്ഷണത്തിന് വിരുദ്ധമാണ്'. മറ്റൊരിടത്ത് ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു: 'പരാതിക്കാരെ അന്ധരാക്കുന്നത് 32-ാം വകുപ്പ് സംബന്ധിച്ച നീതിനടത്തിപ്പിന്റെ സമഗ്രതയെ പ്രതികൂലമായി ബാധിക്കുന്നതാണ്.'

ഈ വിധിപ്രസ്താവങ്ങള്‍ രാജ്യത്തെ നിയമവ്യവസ്ഥയുടെ ഭാഗമായിത്തീര്‍ന്നവയാണ്. സാങ്കേതികമായി മാത്രം പരിശോധിച്ച് തീരുമാനമെടുക്കാവുന്ന കാര്യങ്ങളല്ല മാധ്യമസ്വാതന്ത്ര്യം അഥവാ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നതുകൂടിയാണി ഇതിനര്‍ഥം. 1995ലെ കേബിള്‍ ടിവി സംപ്രേഷണ നിയമപ്രകാരം രൂപംകൊടുത്ത നയപരമായ മാര്‍ഗനിര്‍ദേശങ്ങളാണ് നിലവില്‍ അപ് ലിങ്ക് - ഡൗണ്‍ ലിങ്ക് ലൈസന്‍സ് നല്‍കുന്നതിന് ഉപാധി. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ഒരു പുതിയ ഉപഗ്രഹ ചാനലിന് സംപ്രേഷണാനുമതി നല്‍കുന്നതിന് മുന്‍പ് നടത്തേണ്ട പരിശോധനയ്ക്കാണ് മുഖ്യമായും ബാധകമായിരിക്കുന്നത്. അതേ മാര്‍ഗനിര്‍ദേശങ്ങളില്‍ സംപ്രേഷണാനുമതി പുതുക്കുന്ന ഘട്ടത്തില്‍ പരിശോധിക്കേണ്ട കാര്യങ്ങളും പറയുന്നുണ്ട്. പക്ഷേ 9 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന, മുഖ്യധാരയില്‍ സജീവമായി നില്‍ക്കുന്ന ഒരു ദൃശ്യമാധ്യമത്തെ നിരോധിക്കാന്‍ ഈ സാങ്കേതിക പരിശോധനകള്‍ ആണോ ഉപാധിയാകേണ്ടത് എന്നതും ചര്‍ച്ചാവിഷയമാകണം.

മീഡിയ വണിന്റെ പ്രവര്‍ത്തനം റദ്ദുചെയ്തുകൊണ്ടുള്ള നടപടി എന്നതിലുപരി കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന് ഏല്‍പിക്കുന്ന ആഘാതം പരിശോധിക്കപ്പെടേണ്ടതാണ്. പെഗസസ് കേസില്‍ സുപ്രിംകോടതി ഏറ്റവും ഒടുവിലായി (ഇന്ത്യന്‍ എക്സ്പ്രസ് കേസ് (1985) ഉദ്ധരിച്ച് ) ചൂണ്ടിക്കാട്ടിയതുപോലെ, ''ഉദാര ഭരണഘടനകള്‍ നിലവിലുള്ള രാജ്യങ്ങളില്‍ ഏറ്റവും മഹത്തായതും ഏറ്റവും കഠിനമായതുമായ പോരാട്ടങ്ങള്‍ വേണ്ടിവന്ന വിഷയങ്ങളിലൊന്ന് മാധ്യമസ്വാതന്ത്ര്യമാണ്. മാധ്യമസ്വാതന്ത്ര്യം നേടിയെടുക്കാന്‍ വലിയതോതില്‍ ത്യാഗവും സഹനവും വേണ്ടിവരികയും ആത്യന്തികമായി അത് എഴുതപ്പെട്ട ഭരണഘടനകളുടെ ഭാഗമാവുകയും ചെയ്തു". ആ പോരാട്ടങ്ങളുടെ ചരിത്രത്തോട് മുഖംതിരിക്കാന്‍ നമുക്കാവില്ലല്ലോ.

ഇന്നിപ്പോള്‍ ഇത്രയെളുപ്പത്തില്‍ ഒരു മാധ്യമം അടച്ചുപൂട്ടാന്‍ സര്‍ക്കാരിന് കഴിയുന്നുണ്ടെങ്കില്‍ ആ ചരിത്രം വിഫലമാവുകയല്ലേ? ജനാധിപത്യത്തെ കൂടുതല്‍ സുതാര്യവും തുറസ്സുള്ളതുമാക്കാന്‍ പ്രയത്നിക്കേണ്ട കാലഘട്ടത്തില്‍ അതിന് കടകവിരുദ്ധമായ നടപടി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നത് നോക്കിനില്‍ക്കാന്‍ കഴിയുമോ? ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന മൂല്യങ്ങളെ നോക്കുകുത്തിയാക്കുന്നത് അനുവദിക്കാന്‍ പാടുണ്ടോ? രാജ്യത്തെ ഇന്നലത്തേയും ഇന്നത്തേയും നാളത്തേയും അഭിപ്രായസ്വാതന്ത്ര്യത്തെ താങ്ങിനിര്‍ത്തുന്നത് മാധ്യമസ്ഥാപനങ്ങളാണ്.

രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം കടുത്ത ഭീഷണി നേരിടുന്നുവെന്നത് പൊതുവില്‍ പങ്കുവയ്ക്കപ്പെടുന്ന ആശങ്കയാണ്. അനുരാധാ ഭാസിന്‍ കേസില്‍ ഉള്‍പ്പെടെ വിവിധ വിധിന്യായങ്ങളിലൂടെ സുപ്രിംകോടതിയും ഈ ആശങ്കയുടെ അന്തസ്സത്ത പങ്കുവച്ചിട്ടുണ്ട്. ഈ ആശങ്കയെ ഒരിക്കല്‍ കൂടി ശരിവയ്ക്കുന്ന നടപടിയാണ് മീഡിയ വണിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യം വിലക്കിയ നടപടി. മാധ്യമസ്വാതന്ത്ര്യം കേവലമായ ആശയമല്ല. അത് ജനാധിപത്യത്തിന്റെ ജീവശ്വാസം തന്നെയെന്ന് ഒരിക്കല്‍ക്കൂടി പറഞ്ഞുവയ്ക്കാതെ വയ്യ.

(മാധ്യമം ദിനപത്രത്തില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച ലേഖനം)

TAGS :

Next Story