Quantcast

ദേശപ്പേരിലെ എഴുത്തിന്‍റെ പാസിംഗ് ഔട്ട് പരേഡ്

സ്ഥലനാമം കൊണ്ട് കഥകളൊരുക്കി ശ്രദ്ധേയനാകുകയാണ് നിധീഷ് ജി എന്ന പൊലീസുകാരന്‍

MediaOne Logo

യു. ഷൈജു

  • Published:

    26 May 2021 6:45 AM GMT

ദേശപ്പേരിലെ എഴുത്തിന്‍റെ പാസിംഗ് ഔട്ട് പരേഡ്
X

ഒരു സ്ഥലനാമം സാഹിത്യ സൃഷ്ടിയുടെ തലനാമമായി ധാരാളം വന്നിട്ടുണ്ട്. പക്ഷേ സ്ഥലനാമം കൊണ്ട് ഏറെ കഥകളൊരുക്കുകയെന്നതാണ് പ്രത്യേകത. ഏതെങ്കിലും സ്ഥലത്തിന്‍റെ പേരിട്ട് കഥയെഴുതുക, അതിലൂടെ ശ്രദ്ധിക്കപ്പെടുക എന്ന എഴുത്ത് ജാഢയല്ലിത്. ഉറക്കമുണർന്ന് കണ്ണിന് മുന്നിൽ തെളിയുന്ന സംഭവങ്ങൾ കഥകളാകുമ്പോൾ കണ്ടവർ പലരും കഥാപാത്രങ്ങളാകുന്നു. അപ്പോൾ ഓരോ മുക്കു മൂലയും കഥകളാകുന്നു. അങ്ങനെ ഭാവനാത്മക കഥകൾക്ക് സ്വാഭാവിക ജീവൻ വെക്കുന്നു. ഒരു പോലീസുകാരന്‍റെ കഥയെഴുത്തിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

നിധീഷ്, ജനിച്ചു വളർന്നത് കൊല്ലം ജില്ലയിലെ വള്ളിക്കാവ് എന്ന തീരദേശ ഗ്രാമത്തിൽ. പഠിച്ചു തുടങ്ങിയപ്പോൾ അങ്ങനെ കാര്യമായ എഴുത്തൊന്നുമില്ലെങ്കിലും യു.പി സ്കൂൾ നിലവാരത്തിൽ എത്തിയപ്പോൾ എഴുത്തിന്‍റെ ലക്ഷണം പിടികൂടി. അതോടെ കഥയെഴുത്തിന് ചില സമ്മാനങ്ങൾ കിട്ടി. പിന്നെയങ്ങോട്ട് എഴുതിയില്ല. നാട്ടിലെ ലൈബ്രറികൾ തിന്നു തീർക്കുന്ന പണിയായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ കവിതകളിലായിരുന്നു കമ്പം. ചിലതൊക്കെ എഴുതി. സുഹൃത്തുക്കളെ കാട്ടി. അങ്ങനെ ബിരുദ പഠന കാലത്ത്, എഴുത്തെന്നാല്‍ എഴുതിക്കൽ എന്നതായി. ഹരിപ്പാട് നങ്ങ്യാർകുളങ്ങര ടി കെ മാധവാ മെമ്മോറിയൽ കോളജിൽ സുഹൃത്തുക്കളുമായി ചേർന്ന് ഒരു ലിറ്റിൽ മാഗസിൻ നടത്തി. കേളികൊട്ട്' എന്ന് പേരുള്ള മാഗസിന്‍റെ എഡിറ്ററായിരുന്നു. അതിൽ എഴുതിക്കുകയും പല പേരുകൾ വെച്ച് പലതും എഴുതുകയും ചെയ്തു. ചിലത് കഥകൾ, ചിലത് കവിതകൾ... പക്ഷേ ഒടുവിൽ എത്തിയത് പോലീസിൽ.


കോട്ടയം പോലീസ് ക്യാമ്പിൽ എത്തിയതോടെ ലിറ്റിൽ മാഗസിൻ എന്നത് ചുമർ പത്രം എന്ന രോഗമായി മാറി. അങ്ങനെ കാക്കിക്കുള്ളിലെ കലാകാരൻമാരെ ഭിത്തിയോട് ചേർത്ത് നിർത്തി എഴുതിച്ചു. പ്രതികളെ നോക്കുന്ന കണ്ണായിരുന്നില്ല നിധീഷിന്‍റെ എഴുത്തിനോട് സഹ പോലീസുകാർക്ക്. കൂടെ നിന്ന് കട്ടക്ക് പിന്തുണച്ചു. ചുമർ പത്ര മാഗസിൻ അക്ഷരാർഥത്തിൽ വളർന്നു. മാസം തോറും വിഭവങ്ങൾ പുതുക്കി നൽകി ആ ഭിത്തി അക്ഷരത്താൽ തിളങ്ങി. പോലീസ് ക്യാമ്പിലെത്തുന്നവരെയാകെ സ്വീകരിച്ചു വായിപ്പിച്ചു ആ അക്ഷര ഭിത്തി. വ്യക്തിതലത്തിൽ മികച്ച പ്രോൽസാഹനം ലഭിച്ചതോടെ നിധീഷ്. ജി എന്ന പോലീസുകാരൻ എഴുത്തുകാരനായി -കഥയെഴുത്തുകാരനായി.

ഉള്ളിലുള്ളത് കുറിച്ചു വെക്കുന്ന നാട്ടുമ്പുറത്തുകാരന്‍റെ ശീലം കൈവിടാത്തത് കൊണ്ട് നാട്ടിലെ അലച്ചിലുകൾ എഴുത്തിലിടം നേടി. അങ്ങനെ അവർ കഥയും കഥാപാത്രങ്ങളുമായി മാറിയതോടെ ജംഗ്ഷനുകൾ വരെ കഥയാക്കി. താമരമുക്ക് എന്ന പേരിൽ കഥ അടിച്ചു വന്നതോടെ കഥ കാര്യമായി. തങ്ങളുടെ മുക്കിന്‍റെ പേര് ന്യൂസ് സ്റ്റാൻഡുകളിൽ ഇടം നേടിയതോടെ കള്ളച്ചിരികൾ പോലും പ്രോത്സാഹനമായി. പിന്നെ ഓരോ കാഴ്ചകളും രചനകളാകുകയായിരുന്നു. ക്ലാപ്പന, അകത്തൂട്ട് ചന്ത, പടനായർകുളങ്ങര, തഴവ, ഘണ്ടർണ്ണങ്കാവ്, തൊറേക്കടവ്, ആയിരംതെങ്ങ്, കന്നേറ്റിപ്പാലം, പുള്ളിമാൻ ജംഗഷൻ ഇങ്ങനെ പത്ത് സ്ഥലനാമ കഥകളാണ് ഇതുവരെ പിറന്നത്. പഴയ ചെറു രാജ്യമായിരുന്ന ഓടനാട് പ്രദേശമാണ് ഈ സ്ഥലങ്ങളത്രയും. രാജഭരണം കഴിഞ്ഞ് ഇന്നത്തെ ഓണാട്ടുകര എന്നറിയപ്പെടുന്ന പ്രദേശങ്ങളാണ് ഇതത്രയും. ഇവിടെ പ്രാദേശികമായി പ്രയോഗിക്കുന്ന പ്രത്യേക ഭാഷാ പ്രയോഗങ്ങൾ പോലും വിടാതെയാണ് നിധിഷ് തന്റെ കഥകളെ കഥകളെ സംപുഷ്ടമാകുന്നത്. പല സ്ഥലനാമങ്ങൾ പോലും പലയിടങ്ങളിലെ പ്രത്യേകതകൾ കൊണ്ട് ഉണ്ടായതാണ്. അതുകൊണ്ട് തന്നെയാണ് പേര് തന്നെ രസകരമാകുന്നത്.


കാവുകൾ(കാട്), കുളങ്ങൾ, കടവുകൾ, പാലങ്ങൾ ഇങ്ങനെ ഇവിടുത്തെ പലതും കഥകളിലൂടെ ശ്രദ്ധ നേടുന്നു. ഇവിടുത്തെ മീൻപിടുത്തം, വലയേറ്, ചൂണ്ടയിടൽ, കാവുകളിലെ സഞ്ചാരം ഇങ്ങനെ പ്രാദേശികതയെ മനോഹരമായി രചനയിൽ കോർത്തിണക്കാൻ ഈ പോലീസുകാരനെന്ന കഥാകാരൻ മറക്കുന്നില്ല. ഓരോ കഥയെഴുത്തും പുരോഗമിക്കുമ്പോൾ സ്ഥലങ്ങളിൽ ഒന്നു കൂടി പോയി ഉറപ്പ് വരുത്തും. അങ്ങനെ പല കണ്ണികളും വിളക്കിച്ചേർക്കും. അങ്ങനെ മലയാളത്തിലെ ഏതാണ്ടെല്ലാ ആനുകാലികങ്ങളിലും നിധീഷിന്‍റെ കഥകൾ ഇടം പിടിച്ചു കഴിഞ്ഞു.

പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ വരെ നിധീഷിന് പ്രോൽസാഹനവുമായി മുന്നിലുണ്ട്. പോലീസ് സമ്മേളനങ്ങളിൽ കഥകൾ കൊണ്ട് സല്യൂട്ട് ചെയ്യുന്ന നിധീഷിന് ഉപഹാരങ്ങൾ നൽകി തിരിച്ച് പ്രോൽസാഹിപ്പിക്കും. പതിനാറ് വർഷമായി പോലീസ് കുപ്പായമിട്ട് നാട് സേവിക്കുന്ന നിധീഷ് കഥകളുടെ എഫ്ഐആർ എഴുതുന്നത് ഒഴിവു വേളയിലാണ്.


ഇപ്പോൾ കോട്ടയം ഇലവീഴാപൂഞ്ചിറയിലാണ് ക്യാമ്പ്. ഇലവീഴാപൂഞ്ചിറ എന്ന പേരിലും കഥയെഴുതി കോട്ടയം ഭാഷയെ അക്ഷരത്താളുകളിൽ പകർത്തി. പലപ്പോഴായി വിവിധ വിഷയങ്ങളിൽ എഴുതിയ കഥകൾ ചേർത്ത് വച്ച് രണ്ട് പുസ്തകങ്ങൾ മലയാളത്തിന് നൽകി. സയൂര ബുക്സ് പുറത്തിറക്കിയ വെള്ളിലയും സാഹിത്യപ്രവർത്തക സഹകരണ സംഘം (NBS) വഴി പ്രകാശിതമായ ഹിപ്പൊപ്പൊട്ടാമസും. ദേശങ്ങളുടെ പേരിലെഴുതിയ കഥകളുടെ പുസ്തകം അണിയറയിലാണ്. എഴുത്തു വഴിയിൽ അധ്യാപികയായ ഭാര്യ ഭാഗ്യയും, പത്താം ക്ലാസുകാരി ദിയയും കാര്യമായി കൂടെയുണ്ട്. നഴ്സറിക്കാരൻ അമൻ അച്ഛന്‍റെ എഴുത്തിന് എപ്പോഴും കുഞ്ഞു സല്യൂട്ട് നൽകും.

TAGS :

Next Story