Quantcast

''എനിക്ക് കുഞ്ഞിനെ പാല്‍ കുടിപ്പിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ല സിസ്റ്ററേ!''

കോവിഡും സിസേറിയനും ഒരുമിച്ച് വന്നാല്‍ ഒരു 19 കാരി എന്തുചെയ്യും... കയ്യില്‍ ഡ്രിപ്... കരയുന്ന കുഞ്ഞ്.. നഴ്‍സുമാരുടെ ദിനത്തില്‍ ഒരു ഓര്‍മക്കുറിപ്പ്

MediaOne Logo
എനിക്ക് കുഞ്ഞിനെ പാല്‍ കുടിപ്പിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ല സിസ്റ്ററേ!
X

രാജ്യം ഇന്ന് വീട്ടിലിരിക്കുകയാണ്. കൊറോണയെന്ന മഹാമാരിയിൽ ഭീതിദമായ യുദ്ധമുഖത്താണ് നാമോരുത്തരും.! കൊറോണക്കെതിരെ സ്വന്തം ആരോഗ്യം പോലും നോക്കാതെ പ്രവർത്തിക്കുന്ന കരുതലിന്‍റെ സ്നേഹസ്പർശങ്ങൾക്കുള്ള ദിനമാണ് ലോക നഴ്സ് സ് ദിനമായ മെയ് 12...

തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് ഡൂട്ടി എടുത്ത സമയം! ആ ഒരാഴ്ച കോവിഡ് ഡ്യൂട്ടി വാർഡ് 8ലായിരുന്നു. രാത്രി 8 മണി മുതൽ പിറ്റേന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെയുള്ള ഡൂട്ടിയിൽ പ്രവേശിച്ചു. നഴ്സിങ്ങ് സ്റ്റേഷനടുത്തു തന്നെയുള്ള Post Operative ക്യുബിക്കിളിൽ അന്ന് രാവിലെ സിസേറിയൻ കഴിഞ്ഞ 19 വയസ്സുള്ള അമ്മയും മിടുക്കനായ കുഞ്ഞുവാവയേയും കണ്ടു. കോവിഡ് വാർഡായതിനാൽ ബന്ധുക്കളെ കൂടെ നിർത്താൻ അനുവാദമില്ലാത്തതു കൊണ്ട് ഒറ്റക്കായിരുന്നു അവൾ.

കടിഞ്ഞൂൽ പ്രസവമാണ്. മുലപ്പാൽ കിട്ടാതെ കുഞ്ഞ് നിർത്താതെ കരയുകയാണ്. സിസേറിയൻ്റെ വേദന അതിലുപരി! കുഞ്ഞിനെ എടുക്കാനോ പാൽ കൊടുക്കാനോ അവൾക്ക് കഴിയുന്നില്ല,,,, എന്നിട്ടും വേദന കടിച്ചമർത്തി ഒരു വശത്തേക്ക് മെല്ലെ ചരിഞ്ഞു കിടന്ന് മുലപ്പാൽ വരുന്നില്ലെങ്കിലും കുഞ്ഞിനെ പാലൂട്ടാൻ വൃഥാ ശ്രമിക്കുന്നുണ്ട്.

കുഞ്ഞ് വാ പുറത്തു കാട്ടി കരയുകയാണ്. പൊതിഞ്ഞിരിക്കുന്ന വെള്ളത്തുണി പച്ച മലത്തിലും മൂത്രത്തിലും കുതിർന്നിരിക്കുന്നു. "മോളേ,, കുഞ്ഞ് കരയുന്നത് കണ്ടില്ലേ? കുഞ്ഞിന് പാല് കൊടുക്ക്!

" അടുത്തേക്ക് ചെന്ന് ഞാൻ അവളോടു പറഞ്ഞു.

''എനിക്ക് കുഞ്ഞിനെ കുടിപ്പിക്കേണ്ടത് എങ്ങനെയെന്നറിയില്ല സിസ്റ്ററേ, "

നിസ്സഹായാവസ്ഥയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിത്തുടങ്ങിയിരുന്നു. ഒരു കൈയിൽ കൂടി ഡ്രിപ് പോകുന്നതു കൊണ്ട് കുഞ്ഞിനെ ശരിക്കും പിടിക്കാൻ പോലും അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല. ലോക്കറിനു പുറത്ത് ബണ്ണും ചായയുമൊക്കെ ഇരിക്കുന്നു .ഒന്നും കഴിക്കാതെ വേദന കടിച്ചമർത്തി കിടക്കുകയാണവൾ!

എന്തോ പറഞ്ഞറിയിക്കാനാവാത്ത ഒരു വിഷമം തോന്നി! പാവം കുട്ടി! കോവിഡ് വന്നതിൻ്റെ തിക്തഫലം മുഴുവൻ അനുഭവിച്ചു തീർക്കുകയാണവൾ!

മോള് സങ്കടപ്പെടണ്ട ! കുറച്ചു ദിവസം കഴിയുമ്പോൾ വേദനയൊക്കെ മാറും. മുലപ്പാലൊക്കെ വരും " ഞാനവളെ ആശ്വസിപ്പിച്ചു.

അഴുക്കു തുണി മാറ്റി പഞ്ഞി വെള്ളത്തിൽ മുക്കി കുഞ്ഞിനെ തുടച്ച്,

ബാസ്ക്കറ്റിൽ നിന്നും അലക്കി മടക്കി വച്ചിരിക്കുന്ന വെള്ളത്തുണികളെടുത്ത് കുഞ്ഞിൻ്റെ അരയിൽ കെട്ടിക്കുകയും, കുഞ്ഞിനെ പൊതിഞ്ഞു വയ്ക്കുകയും ചെയ്തു.

സിസേറിയൻ കഴിഞ്ഞ ആദ്യ ദിനമായതുകൊണ്ട് മുലപ്പാൽ ഒട്ടും വരുന്നില്ലായിരുന്നു. എങ്കിലും കുഞ്ഞിനെ അമ്മയുടെ അരികിൽ കിടത്തി പാൽ കുടിപ്പിച്ചു. PPE കിറ്റ് ഇട്ടു കൊണ്ട് കുഞ്ഞിനെ കൈയിലെടുത്തു വച്ച് കുനിഞ്ഞു നിന്ന് പാൽ കുടിപ്പിക്കാൻ എനിക്ക് ശരിക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. കുറച്ചു നേരം കുടിച്ച ശേഷം കുഞ്ഞ് ഉറക്കമായി .

അവളെ പതുക്കെ ചാരിയിരുത്തി നിർബന്ധിച്ച് ഫ്ളാസ്ക്കിൽ നിന്ന് ചായയും ബണ്ണും കൊടുത്തു. അത് കഴിക്കുമ്പോൾ അവളുടെ കണ്ണുകളിൽ നന്ദിയുടെ പ്രകാശപ്പൂത്തിരികൾ കത്തുന്നുണ്ടായിരുന്നു. ആത്മ സംതൃപ്തി കൊണ്ട് എന്‍റെ മിഴികളിലും നീരണിഞ്ഞു.



ഉറ്റവരോടും ഉടയവരോടും പറയാത്ത സങ്കടങ്ങൾ നേഴ്സുമാരോട് പങ്കു വയ്ക്കുന്ന ധാരാളം രോഗികളുണ്ട്. ആത്മാവിനേയും ശരീരത്തേയും സേവനത്തോട് ചേർത്തു കെട്ടി സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തരുന്നവർക്ക് അവരുടെ സങ്കടങ്ങൾ തിരിച്ചറിയാനും സാന്ത്വനമായി കൂടെ നിൽക്കാനും കഴിയുമെന്ന വിശ്വാസമുള്ളതു കൊണ്ടാണ് തുറന്നു പറയാൻ കഴിയുന്നത്.

ജീവിതം നമുക്കു തരുന്നത് പലപ്പോഴും നല്ല അനുഭവങ്ങൾ ആകണമെന്നില്ല. നമ്മൾ തന്നെയാണ് നമ്മളെ ഉയർത്തേണ്ടത്. നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളിൽ നിന്നും ഒട്ടും പിന്നോട്ടു പോകരുത്.

മറ്റുള്ളവർക്കു വേണ്ടി നല്ലതു ചെയ്യുമ്പോൾ ഉണ്ടാകുന്ന ചാരിതാർത്ഥ്യം. അപ്പോൾ നമ്മുടെ മനസ് പറയുന്നത് കേൾക്കാം. നീയാണ് ശരി. മറ്റുളളവർ പറയുന്നത് കേട്ട് നീ തളരരുത്. നിന്‍റെ കടമ നീ ചെയ്യുക !

എത്ര അസ്വസ്ഥതകൾ തേടിയെത്തിയാലും, ഏതൊക്കെ പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വന്നാലും നന്മയുടെ പ്രവർത്തനങ്ങൾ നില നിർത്താൻ സാധിക്കുന്നിടത്താണ് നേഴ്സുമാരുടെ മൂല്യം ഉയരുന്നത്.

വഴിത്താരയിൽ തമസിന്റെ വരവ് എപ്പോഴെത്തുമെന്നറിയില്ലെങ്കിലും മുന്നിലിരുട്ടെന്ന് കരുതി തിരിഞ്ഞു നടക്കാതെ സ്വന്തം കഴിവുകളും അറിവുകളും തിരിച്ചറിഞ്ഞ് ഏതൊരവസ്ഥയിലും ആർജ്ജവത്തോടെ മുന്നോട്ടു പോകാനുള്ള കരുത്ത് നമ്മൾ നേഴ്സ് സമൂഹത്തിനുണ്ടാകട്ടെ.

കളമശ്ശേരി മെഡിക്കൽ കോളേജില്‍ സ്റ്റാഫ് നഴ്‍സാണ് ലേഖിക

TAGS :

Next Story