Quantcast

കരുതിയിരിക്കാം കോവിഡ് കാലത്തെ സോഷ്യല്‍ മീഡിയ വൈറസുകളെ

ഓക്സിജന്‍ ക്ഷാമം മാറാന്‍ മരങ്ങള്‍ നടാന്‍ ആഹ്വാനം ചെയ്ത കങ്കണ റണാവത്ത് മുതല്‍ ഓക്സിജന്‍ ക്ഷാമം പ്രകൃതിയോട് മനുഷ്യന്‍ ചെയ്ത അപരാധത്തിനുള്ള ശിക്ഷയാണെന്ന് പറഞ്ഞ മേജര്‍ രവി വരെ സോഷ്യല്‍ മീഡിയയിലൂടെ അശാസ്ത്രീയത പ്രചരിപ്പിക്കുകയാണ്.

MediaOne Logo

സിതാര ശ്രീലയം

  • Updated:

    2021-05-04 01:29:46.0

Published:

30 April 2021 5:44 PM GMT

കരുതിയിരിക്കാം കോവിഡ് കാലത്തെ സോഷ്യല്‍ മീഡിയ വൈറസുകളെ
X

കോവിഡ് സുനാമിയായി ആഞ്ഞടിക്കുന്നതിനിടെ രാജ്യമാകെ പരിഭ്രാന്തിയിലാണ്. ഇതിനിടെ അശാസ്ത്രീയമായ കാര്യങ്ങളും വ്യാജ വാര്‍ത്തകളുമെല്ലാം പങ്കുവെച്ച് പരിഭ്രാന്തി കൂട്ടുന്ന ചിലരുണ്ട്. ഇതുപോലുള്ള മഹാമാരിക്കാലത്ത് ഇത്തരക്കാര്‍ ചെയ്യുന്ന ദ്രോഹം ചില്ലറയൊന്നുമില്ല. മെഡിക്കല്‍ ഓക്സിജന്‍ കിട്ടാതെ ശ്വാസം മുട്ടി ആളുകള്‍ മരിക്കുന്ന സമയത്ത് 'പരിസ്ഥിതി സ്നേഹ'വുമായി ഇറങ്ങിയിരിക്കുകയാണ് കുറച്ചുപേര്‍. ഓക്സിജന്‍ ക്ഷാമം മാറാന്‍ മരങ്ങള്‍ നടാന്‍ ആഹ്വാനം ചെയ്ത കങ്കണ റണാവത്ത് മുതല്‍ ഓക്സിജന്‍ ക്ഷാമം പ്രകൃതിയോട് മനുഷ്യന്‍ ചെയ്ത അപരാധത്തിനുള്ള ശിക്ഷയാണെന്ന് പറഞ്ഞ മേജര്‍ രവി വരെ സോഷ്യല്‍ മീഡിയയിലൂടെ അശാസ്ത്രീയത പ്രചരിപ്പിക്കുകയാണ്. പിന്നാലെ ചെടിയില്‍ നിന്ന് മൂക്കിലേക്ക് ട്യൂബിട്ട് വേറെ ചിലരിറങ്ങി.


മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതൊക്കെ നല്ലത് തന്നെ. പക്ഷേ കോവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചതും അന്തരീക്ഷത്തിലെ ഓക്സിജന്‍റെ അളവും തമ്മില്‍ ബന്ധമൊന്നുമില്ല. മെഡിക്കല്‍ ഓക്സിജന്‍ നിര്‍മാണം എന്നത് വ്യാവസായിക പ്ലാന്‍റില്‍ നടക്കുന്ന ഒരു പ്രക്രിയ ആണ്. അന്തരീക്ഷ വായുവിന്‍റെ അംശിക സ്വേദനത്തിലൂടെയാണ് വ്യാവസായിക അടിസ്ഥാനത്തില്‍ ഓക്സിജന്‍ വേര്‍തിരിക്കുന്നത്. പ്രഷര്‍ സ്വിങ് അഡ്സോര്‍പ്ഷനാണ് മറ്റൊരു രീതി. ഇതില്‍ അന്തരീക്ഷ വായു വലിച്ചെടുത്ത് അതിലെ നൈട്രജനെ അതിശോഷണം ചെയ്ത് നീക്കും. അങ്ങനെ പുറത്തുവരുന്ന വായുവില്‍ ഓക്സിജന്‍റെ അളവ് 90 മുതല്‍ 95 ശതമാനം വരെ ഉണ്ടാകും. പ്രത്യേകമായി ശുദ്ധീകരിച്ച സിലിണ്ടറുകളിലാണ് ദ്രാവക മെഡിക്കല്‍ ഓക്സിജന്‍ നിറയ്ക്കുന്നത്. ആശുപത്രികളില്‍ ഓക്സിജന്‍ വലിയ തോതില്‍ സംഭരിക്കുന്ന സംവിധാനമാണ് വാക്വം ഇന്‍സുലേറ്റര്‍ ഇവോപ്പറേറ്റര്‍ (വിഐഇ). ഇതില്‍ ഉന്നത മര്‍ദത്തിലുള്ള ദ്രാവക ഓക്സിജനെ ബാഷ്പീകരിച്ച് വാതകമാക്കി മാറ്റാന്‍ വേപ്പറൈസര്‍, സൂപ്പര്‍ ഹീറ്റര്‍ പോലുള്ള സംവിധാനമുണ്ട്. കൊണ്ടുനടക്കാവുന്നതും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതുമായ ഓക്സിജന്‍ സാന്ദ്രീകാരികളും (ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍) ലഭ്യമാണ്. ഇതില്‍ അന്തരീക്ഷ വായുവിനെ നേരിട്ട് വലിച്ചെടുത്ത് അതിനെ കംപ്രസ് ചെയ്ത് നൈട്രജനെ വേര്‍തിരിച്ച് ഒഴിവാക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അതില്‍ നിന്ന് പുറത്തേക്ക് വരുന്ന വായുവില്‍ ഓക്സിജന്‍റെ അളവ് ഉയര്‍ന്ന തോതിലായിരിക്കും. ഓക്സിജന്‍ നിര്‍മാണ പ്ലാന്‍റുകളില്‍ നിന്ന് -183 ഡിഗ്രി സെല്‍ഷ്യസ് താഴ്ന്ന താപനിലയിലുള്ള ദ്രാവക മെഡിക്കല്‍ ഓക്സിജനെ വിദൂര സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാന്‍ ക്രയോജനിക് ടാങ്കുകളാണ് ഉപയോഗിക്കുന്നത്.

കോവിഡിന് കാരണം 5 ജി!

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗത്തിന് കാരണം 5ജി പരീക്ഷണങ്ങള്‍ക്കിടയിലെ വികിരണങ്ങളാണെന്ന് ചില വാട്സ് ആപ്പ് സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തുടങ്ങിയ വ്യാജ പ്രചാരണമാണിത്. ഇത് വിശ്വസിച്ച് ആളുകള്‍ കൂട്ടമായെത്തി 5ജി ടവറുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങളും നമ്മള്‍ കണ്ടതാണ്. രണ്ടാം ഘട്ടത്തില്‍ വീണ്ടും ഈ വ്യാജ പ്രചാരണം വാട്സ് ആപ്പ് കേശവന്‍ മാമന്മാര്‍ പൊടിതട്ടിയെടുത്തു എന്നുമാത്രം. കൊറോണ അല്ല 5ജി നെറ്റ് വര്‍ക്കാണ് ആളുകളെ രോഗികളാക്കുന്നതെന്നാണ് വ്യാജസന്ദേശം.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ലോകാരോഗ്യ സംഘടന 5ജി സംബന്ധിച്ച് വ്യക്തമാക്കിയത് വയർലെസ് സാങ്കേതികവിദ്യയിലൂടെ ആരോഗ്യപരമായി പാര്‍ശ്വഫലങ്ങളുണ്ടാകുന്നതായി ഒരു പഠനത്തിലും തെളിഞ്ഞിട്ടില്ല എന്നാണ്. 5ജിയിലും മറ്റ് മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യയിലും കുറഞ്ഞ ആവൃത്തിയുള്ള വൈദ്യുത കാന്തിക തരംഗമാണ് ഉപയോഗിക്കുന്നത്. ഈ റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ കോശങ്ങളില്‍ കേടുപാടുകള്‍ ഉണ്ടാക്കുമെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല.

ഇല്ല, കോവിഡ് രോഗികളെ ആശുപത്രികളില്‍ തല്ലിക്കൊന്നിട്ടില്ല

കോവിഡ് രോഗികള്‍ പ്രാണവായു കിട്ടാതെ, ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞത് കാരണം ചികിത്സ കിട്ടാതെ വലയുന്ന ആകെ ആശങ്ക നിറഞ്ഞ കാലമാണിത്. ഇതിനിടെ ആളുകളെ കൂടുതല്‍ പരിഭ്രാന്തരാക്കിക്കൊണ്ട് പണ്ടത്തെ ദൃശ്യങ്ങള്‍ ഇപ്പോഴത്തേതെന്ന പേരില്‍ പ്രചരിക്കുന്നുണ്ട്. കോവിഡ് രോഗികളെ ആശുപത്രികളില്‍ തല്ലിക്കൊല്ലുന്നുവെന്നും ഇതിന് സര്‍ക്കാര്‍ പണം നല്‍കുന്നുവെന്നുമാണ് വീഡിയൊക്കൊപ്പം പ്രചരിക്കുന്നത്. ബംഗളൂരുവിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്ന ആശുപത്രിയില്‍ നിന്നുള്ളതാണ് രംഗങ്ങള്‍ എന്നാണ് വീഡിയോയുടെ അടിക്കുറിപ്പില്‍ പറയുന്നത്. 5-7 പേരെ വരെ ദിവസവും ഇങ്ങനെ കൊല്ലുന്നുവെന്നും ഇതിനായി ഏകദേശം 5 മുതൽ 7 ലക്ഷം വരെ പണമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നുമാണ് വ്യാജപ്രചാരണം. യഥാര്‍ഥത്തില്‍ രോഗിയെ ജീവനക്കാര്‍ തല്ലുന്ന ഈ ദൃശ്യങ്ങള്‍ 2020 ആഗസ്തില്‍ നടന്നതാണ്. സംഭവം നടന്നത് ബംഗളൂരുവില്‍ അല്ല, പഞ്ചാബിലാണ്. പട്യാലയിലെ പ്രൈം ആശുപത്രിയില്‍ ഡിപ്രഷന് ചികിത്സ തേടിയ രോഗിയെ ജീവനക്കാര്‍ തല്ലുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ആശുപത്രിയിലെ രണ്ട് ജീവനക്കാരെയും ഐപിസിയിലെ സെക്ഷന്‍ 323, 342 എന്നിവ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.

ആ വീഡിയോ ഇന്ത്യയില്‍ നിന്നുള്ളതല്ല

വാക്സിന്‍ കിട്ടാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടുന്ന സമയമാണിത്. അതിനിടെ ഇന്ത്യയിലെ ഒരു വാക്സിന്‍ വിതരണ കേന്ദ്രത്തില്‍ നിന്ന് എന്ന് പറഞ്ഞ് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. നഴ്സ് വാക്സിന്‍ ഇല്ലാത്ത ശൂന്യമായ സിറിഞ്ച് വൃദ്ധനുമേല്‍ കുത്തുന്ന ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. കുത്തിവെപ്പ് എടുക്കുമ്പോള്‍ കണ്ണടച്ചിരിക്കാതെ വാക്സിന്‍ ശരീരത്തില്‍ കയറുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം എന്നാണ് വീഡിയോ പ്രചരിപ്പിക്കുന്നവര്‍ ആവശ്യപ്പെടുന്നത്.

टीका लगाने जाओ तो ध्यान से देखो ..

कहीं टीका लगाए बिना इंजेक्शन वापस तो नही ले लिया जाता

भारत में एक से एक ठग भरे पड़े...

Posted by Chaudhari Neelam on Sunday, April 25, 2021

ഗൂഗിള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് നടത്തി ഈ വീഡിയോ മെക്സിക്കോയില്‍ നിന്നാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ആള്‍ട്ട് ന്യൂസ്. മെക്സിക്കന്‍ ദിനപത്രമായ എല്‍ യൂണിവേഴ്സല്‍ ആണ് ഒരു വാക്സിനേഷന്‍ യൂണിറ്റില്‍ നടന്ന ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. വാക്സിനെടുക്കാനെത്തിയ പ്രായമായ ആള്‍ക്കൊപ്പം വന്ന ബന്ധുവാണ് ഈ സംഭവം കണ്ടുപിടിച്ചത്. പിന്നാലെ തന്നെ അദ്ദേഹത്തിന് വാക്സിന്‍ നല്‍കിയെന്നും കുത്തിവെപ്പ് നടത്തിയ ആളെ ആ ജോലിയില്‍ നിന്ന് നീക്കിയെന്നും മെക്സിക്കോയിലെ ആരോഗ്യ സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കിയതാണ്.

വ്യാജന്മാരെ കരുതിയിരിക്കുക

നാരങ്ങാനീര് മൂക്കില്‍ ഒഴിച്ചാല്‍ കോവിഡിനെ പ്രതിരോധിക്കാമെന്ന ബിജെപി നേതാവിന്‍റെ വാക്ക് കേട്ട് പരീക്ഷിച്ച അധ്യാപകന്‍ മരിച്ചെന്ന വാര്‍ത്ത വന്നത് കര്‍ണാടകയില്‍ നിന്നാണ്. നാരങ്ങാനീര് മൂക്കിലൊഴിച്ചതോടെ ശ്വാസതടസ്സുണ്ടായാണ് അധ്യാപകന് ദാരുണാന്ത്യം സംഭവിച്ചത്. കോവിഡ് രോഗികളെ ഗോമൂത്രം കുടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവരികയുണ്ടായി. ചെറുനാരങ്ങക്കും ഗോമൂത്രത്തിനും പുറമെ ചൂടുവെള്ളം, ഇഞ്ചി, വെളുത്തുള്ളി, കരിഞ്ചീരകം, രസം, മദ്യം, ചാണകം, ഗ്ലൂക്കോസ് എന്നിവയൊക്കെ വാട്സ് ആപ്പ് കേശവന്‍ മാമന്മാര്‍ കൊറോണക്കുള്ള ഒറ്റമൂലികളായി അവതരിപ്പിക്കുന്നുണ്ട്. പലപ്പോഴും വിഖ്യാതമായ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെ പേരിലോ ഈ ഭൂമിയില്‍ ജനിച്ചിട്ടുപോലുമില്ലാത്ത ശാസ്ത്രജ്ഞരുടെ പേരിലോ ഒക്കെയാണ് ഇവയൊക്കെ പ്രചരിക്കുന്നത്. കോവിഡ് ബാധിച്ചാല്‍ ചെയ്യേണ്ടത് ഇതൊന്നുമല്ല. വൈദ്യസഹായം തേടി ജീവന്‍ സുരക്ഷിതമാക്കുകയാണ് ചെയ്യേണ്ടത്. ഒറ്റമൂലിക്ക് പിന്നാലെ പോയി സ്വന്തം ജീവനോ പ്രിയപ്പെട്ടവരുടെ ജീവനോ അപകടത്തിലാക്കരുത്.

TAGS :

Next Story