Quantcast

ഇറാൻ ജനത ആർക്കൊപ്പം?

എഴുപതുകളിൽ പാകപ്പെട്ട ഖുമൈനി വിപ്ലവത്തിെൻറ അതേ രാഷ്ട്രീയത്തിൽ തന്നെയാണ് ഇറാൻ ഭരണകൂടം ഇന്നും ഉൗന്നുന്നത്. ഇറാൻ രാഷ്ട്രീയം നേരിടുന്ന വലിയ പരിമിതിയും അതാണ്

MediaOne Logo

MCA Nazer

  • Updated:

    2021-06-17 18:38:37.0

Published:

17 Jun 2021 6:26 PM GMT

ഇറാൻ ജനത ആർക്കൊപ്പം?
X

2012ൽ ആണ് മുൻ ഇറാൻ പ്രസിഡൻറ് അഹ്മദ് നെജാദിനെ നേരിൽ കണ്ടത്. തെഹ്റാനിലെ പ്രസിഡൻഷ്യൽ പാലസിൽ ആയിരുന്നു ആ കൂടിക്കാഴ്ച. ഫലസ്തീൻ ഐക്യദാർഢ്യ സംഘത്തിനൊപ്പം ദൽഹിയിൽ നിന്ന് ഇറാനിൽ എത്തിയതായിരുന്നു.

ഒരു മണിക്കൂറോളം നേരം നെജാദ് സംഘത്തിനൊപ്പം ചെലവിട്ടു. പശ്ചിമേഷ്യൻ രാഷ്ട്രീയവും ഫലസ്തീൻ പ്രശ്നവും ഇറാൻ നിലപാടുകളുമൊക്കെ പരാമർശിച്ചു കൊണ്ടായിരുന്നു അന്നത്തെ പ്രസംഗം.

വൻശക്തി രാജ്യങ്ങൾ അടിച്ചേൽപിച്ച ഉപരോധത്തിെൻറ തീക്ഷ്ണതയിലായിരുന്നു അന്ന് ഇറാൻ. എന്നാൽ അതൊന്നും ഇസ്ലാമിക് റിപബ്ലികിനെ ഒട്ടും ബാധിക്കുന്നില്ലെന്ന് വരുത്തി തീർക്കാൻ നെജാദ് ശ്രമിച്ചു. പൗരോഹിത്യ ഘടകങ്ങൾ ഉൾച്ചേർന്ന ഭരണകൂടം. അതിെൻറ തിട്ടൂരങ്ങളും പരിധിയും മറികടക്കാതെ ഭരണനിർവഹണം നടത്തുകയായിരുന്നു നെജാദ്.

പൊരുതുന്ന രാജ്യങ്ങളെയും മനുഷ്യരെയും ചേർത്തു പിടിക്കാൻ നെജാദിന് കഴിഞ്ഞിരുന്നു. വെനിസ്വല ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഹീറോ പരിവേഷം നിലിനിർത്താനും നെജാദിനായി. ഇന്ത്യയിലും അദ്ദേഹം വലിയ പ്രതീക്ഷ അർപ്പിച്ചിരുന്നു. ഇന്ത്യക്ക് േലാക രാഷ്ട്രീയത്തിെൻറ ഗതി നിയന്ത്രിക്കാൻ കഴിയുമാറുള്ള പ്രാപ്തിയുണ്ടെന്നും അന്ന് സംവാദവേളയിൽ നെജാദ് പറഞ്ഞു.

എഴുപതുകളിൽ പാകപ്പെട്ട ഖുമൈനി വിപ്ലവത്തിെൻറ അതേ രാഷ്ട്രീയത്തിൽ തന്നെയാണ് ഇറാൻ ഭരണകൂടം ഇന്നും ഉൗന്നുന്നത്. ഇറാൻ രാഷ്ട്രീയം നേരിടുന്ന വലിയ പരിമിതിയും അതാണ്. പുറത്തെ മാറ്റങ്ങളുടെ തീവ്രത എത്രയെന്ന് തിരിച്ചറിയാൻ സിസ്റ്റത്തിന് ഇനിയും കഴിയുന്നില്ല. യു.എസ് വിരോധത്തിെൻറ അടിത്തറയിൽ നിന്ന് കുതറി മാറിയാൽ സംഭവിക്കുന്ന െഎഡൻറിറ്റി നഷ്ടമാണ് ഇറാൻ ഇപ്പോഴും പേടിക്കുന്നത്.

തെഹ്റാനിലും ഖുമ്മിലും മറ്റും കണ്ടുമുട്ടിയ സാധാരണ മനുഷ്യർ പക്ഷെ, മറ്റൊരു വിതാനത്തിലാണ്. പലരും ജീവൽ പ്രശ്നങ്ങളുടെ പ്രത്യക്ഷ ഇരകൾ. തൊഴിലില്ലായ്മയും പണപ്പെരുപ്പവും സൃഷ്ടിച്ച മുരടിപ്പ് സാമ്പത്തിക രംഗത്തെ വരിഞ്ഞു മുറുക്കുകയാണ്.

എഴുപതുകളിലെ വിപ്ലവാനന്തരം തന്നെ എട്ടു വർഷം നീണ്ട ഇറാഖുമായുള്ള യുദ്ധം. തുടർന്ന് ഉപരോധങ്ങളുടെ വേലിയേറ്റം. അയൽ രാജ്യങ്ങളുമായുള്ള തുടർ കലഹങ്ങൾ, പല രാജ്യങ്ങളിലും പ്രോക്സി യുദ്ധത്തിന് വേദിയൊരുക്കൽ. ഇതെല്ലാം ഒറ്റപ്പെടലിന് വ്യാപ്തി കൂട്ടി. യെമനിൽ ഹൂത്തികെള മുന്നിൽ നിർത്തിയതോടെ ഗൾഫ് രാജ്യങ്ങളുമായുള്ള അകൽച്ചയും വർധിച്ചു.

ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനിക്ക് പകരക്കാരനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിലാണ് ഇറാൻ. റൂഹാനി ഭാഗ്യവാനാണ്.2015ൽ ഇറാനും വൻശക്തി രാജ്യങ്ങളുമായി ആണവ കരാറിൽ ഒപ്പുവെച്ചത് റൂഹാനിയുടെ രാഷ്ട്രീയനേട്ടം. ഉപരോധ സാഹചര്യം മാറുകയും പടിഞ്ഞാറും ഇറാനും സഹവർതിത്വ സാധ്യത ഉയരുകയും ചെയ്തു. തൊഴിലവസരങ്ങൾ വർധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇറാനിയൻ യുവത.

എന്നാൽ 2018ൽ ഡൊണാൾഡ് ട്രംപിെൻറ അമേരിക്ക കരാറിൽ നിന്ന് പിൻവാങ്ങിയത് എല്ലാ പ്രതീക്ഷയും തകർത്തു. അതോടെ വീണ്ടും ഉപരോധത്തിെൻറ പുതിയ കുരുക്കുകളും അശാന്തിയുടെ വെല്ലുവിളികളും. സൈനിക കമാണ്ടറുടെ കൊലയെ തുടർന്നുള്ള സംഘർഷ സാഹചര്യങ്ങൾ.

കോവിഡ് പ്രതിസനധിയാകെട്ട, ഇറാനിൽ അതി സങ്കീർണം. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കോവിഡ് വൻനാശം വിതച്ചതും ഇറാനിൽ. സാമ്രാജ്യത്വ വിരുദ്ധ നയസമീപനങ്ങൾക്കും പൊള്ളുന്ന വർത്തമാനകാല യാഥാർഥ്യങ്ങൾക്കും ഇടയിൽ പെട്ട് ഞെരുങ്ങുകയാണ് യഥാർഥത്തിൽ ഇറാനിയൻ ജനത.

ഇറാൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഏഴു സ്ഥാനാർഥികൾക്കാണ് അനുമതി. അപേക്ഷ കൊടുക്കുന്നവർക്ക് മൽസരിക്കാൻ അവസരം കിട്ടുന്ന ഘടനയല്ല ഇറാനിലേത്. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇൗക്ക് കീഴിലുള്ള 12 അംഗ ഭരണഘടന സമിതിയായ ഗാർഡിയൻ കൗൺസിലാണ് അനുമതി നൽകേണ്ടത്. 585 അപേക്ഷകരായിരുന്നു ഇക്കുറി. അതിൽ ഏഴു പേർക്ക് നറുക്ക് വീണു. ഇറാൻ ജൂഡീഷ്യറി തലവൻ ഇബ്രാഹിം റഈസിയാണ് മുന്നിൽ. പരമോന്നത ആത്മീയ നേതാവ് ആയതുല്ല അലി ഖാംനഇയുടെ ആശീർവാദമുണ്ട് ഇബ്രാഹിം റഇൗശിക്ക്.

മൽസര രംഗത്തുള്ള മറ്റുള്ളവർ ഇവരാണ്: എക്സ്പെഡിയൻസി കൗൺസൽ സെക്രട്ടറി മുഹ്സിൻ റെസാഇ, നേരത്തേ ആണവ ചർച്ച മധ്യസ്ഥനായിരുന്ന സഈദി ജലീലി, ഡെപ്യുട്ടി പാർലമെൻറ് സ്പീക്കർ ആമിർ ഹുസൈൻ ഗസിസാദെ ഹാശിമി, മുൻ വൈസ് പ്രസിഡൻറ് മുഹ്സിൻ മെഹറലിസാദെ, സെൻട്രൽ ബാങ്ക് ഗവർണർ അബ്ദുന്നാസർ ഹമ്മാദി, നിയമനിർമാണ സഭാംഗം അലിറസ സകാനി.

പ്രതികൂല സാഹചര്യങ്ങൾ രൂപപ്പെടുത്തിയ പൊതുനിസ്സംഗത ഒരു ഭാഗത്ത്. കുറഞ്ഞ ശതമാനം പേർ മാത്രമായിരിക്കും വോട്ട് ചെയ്യാനെത്തുകയെന്ന ആശങ്കയുണ്ട്. എന്നാൽ ശത്രുവിെൻറ ഇൗ നിഗമനം തിരുത്താൻ എല്ലാവരും രംഗത്തു വരണം എന്നാണ് അലി ഖാംനഇയുടെ ഉപദേശം. വോട്ടിങ്ങ് ശതമാനം ഇടിയുന്ന സാഹചര്യം സർക്കാർവിരുദ്ധ മനോഭാവത്തിന് തീ പകരുമെന്ന തിരിച്ചറിവിലാണ് ഇൗ നിർദേശം.

തെഹ്റാനിലെ പഴയ യു.എസ് എംബസി ഇന്നും ഒരു പ്രതീകമാണ്. ഉള്ളിലേക്ക് കടക്കുേമ്പാൾ നിലത്ത് വിരിച്ച അമേരിക്കൻ പതാകയിൽ ആഞ്ഞു ചവിട്ടുകയാണ് ആളുകൾ. ഷാ ഭരണകൂടത്തെ കടപുഴക്കിയെറിഞ്ഞ പഴയ നാളുകൾ തന്നെയാണ് ജനതയുടെ ഒാർമയിൽ ഇപ്പോഴും. നീണ്ട 444 ദിനരാത്രങ്ങൾ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ ജനതയുടെ വീര്യം അവർ മറന്നിട്ടില്ല.

ആ ഒാർമകൾക്കൊപ്പം നാലു പതിറ്റാണ്ടിനിപ്പുറം രാജ്യവും ജനതയും നേരിടുന്ന ജീവൽ പ്രശ്നങ്ങൾ കൂടി വിധിയെഴുത്തുവേളയിൽ ജനതയുടെ ഉള്ളിൽ കാണുമോ? കാത്തിരിക്കാം.

TAGS :

Next Story