ജോസഫ് വിഭാഗം കടുംപിടുത്തം തുടരുന്നു; യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായില്ല
മൂവാറ്റുപുഴയും ഏറ്റുമാനൂരുമാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് പക്ഷവും കോണ്‍ഗ്രസും തമ്മിലുളള തർക്കങ്ങളുടെ പ്രധാന ബിന്ദു.

യുഡിഎഫിലെ സീറ്റുവിഭജന ചർച്ചകള്‍ ഇന്നും തുടരും. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുളള തർക്കം പരിഹരിക്കുന്നതിന് പി ജെ ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചർച്ച നടത്തും. സ്ഥാനാർഥി നിർണയത്തിനായി ഹൈക്കമാന്‍ഡ് നിയോഗിച്ച സ്ക്രീനിങ് കമ്മിറ്റി ഇന്ന് യോഗം ചേരും.
മൂവാറ്റുപുഴയും ഏറ്റുമാനൂരുമാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് പക്ഷവും കോണ്‍ഗ്രസും തമ്മിലുളള തർക്കങ്ങളുടെ പ്രധാന ബിന്ദു. ഇന്ന് പി ജെ ജോസഫുമായി ഫോണില്‍ നടത്തുന്ന ചർച്ചകളില്‍ തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. പട്ടാമ്പി സീറ്റ് വേണമെന്ന കടുംപിടുത്തമാണ് ലീഗുമായുളള ഉടക്കിന് കാരണം. കയ്പമംഗലത്തിന് പകരം അമ്പലപ്പുഴയെന്ന ആർഎസ്പിയുടെ ആവശ്യത്തിനും വിജയമുറപ്പുളള സീറ്റെന്ന സിഎംപിയുടെ ആവശ്യത്തിലും കോണ്‍ഗ്രസ് നിലപാട് അറിയിക്കേണ്ടതുണ്ട്. ചർച്ചകള്‍ നീളുമ്പോഴും തർക്കങ്ങളില്ലെന്നും തീരുമാനം ഉടനെന്നും നേതാക്കള്‍ പറയുന്നു.
കോണ്‍ഗ്രസിന്‍റെ സ്ഥാനാർഥി നിർണയ ചർച്ചകളും തുടരുകയാണ്. ഹൈക്കമാന്‍ഡ് നിയോഗിച്ച സ്ക്രീനിങ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. പ്രാഥമിക സ്ഥാനാർഥി പട്ടികയായെന്നും വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുമായി 50 ശതമാനം സീറ്റ് നല്‍കുമെന്നുമാണ് നേതൃത്വത്തിന്‍റെ വിശദീകരണം. എന്നാല്‍ സാധ്യതാ സ്ഥാനാർത്ഥി പട്ടികയില്‍ ഇടം നേടിയിട്ടുളളവരില്‍ അധികവും പ്രായമേറിയവരും പതിവ് മുഖങ്ങളുമാണ്.
തുടർച്ചയായി രണ്ട് തവണ മത്സരിച്ച് തോറ്റവർക്ക് സീറ്റില്ലെന്ന നിർദേശം കണ്ണില്‍പ്പൊടിയിടാനുളള തന്ത്രമെന്ന വിമർശനവും ശക്തം. അതുവഴി സീറ്റ് നഷ്ടപ്പെടുന്നവർ മൂന്ന് പേർ മാത്രം, എം ലിജു, പന്തളം സുധാകരൻ, പി ടി അജയമോഹൻ എന്നിവർക്കാണ് സീറ്റ് ലഭിക്കാതെ വരിക.
Adjust Story Font
16

