Quantcast

രാജ്യദ്രോഹത്തിലെ ദ്രോഹം സുപ്രിം കോടതിയിൽ

ഭരണകൂടത്തെ വിമർശിക്കുന്നവരുടെ വായ് വളരെ എളുപ്പത്തില്‍ അടപ്പിക്കാവുന്ന ഒന്നാണ് 124 എ എന്നത് സംശയമില്ല

MediaOne Logo
രാജ്യദ്രോഹത്തിലെ ദ്രോഹം സുപ്രിം കോടതിയിൽ
X

രാജ്യദ്രോഹത്തിലെ ദ്രോഹം വ്യക്തമാക്കി മുതിർന്ന മാധ്യമപ്രവർത്തകനായ ശശികുമാറും സുപ്രിം കോടതിയെ സമീപിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റത്തിന്റെ 124 എ വകുപ്പ് റദ്ദാക്കണമെന്നാണ് ആവശ്യം. ഇത്തരത്തിലൊരു ഹരജിയുമായി കോടതിയെ സമീപിക്കാനുള്ള നിലവിലെ സാഹചര്യം ഹരജിയിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. 2016 മുതൽ രാജ്യത്ത് ചുമത്തിയിട്ടുള്ള രാജ്യദ്രോഹ കേസുകളുടെ വിശദാംശങ്ങളും കോടതിക്ക് മുമ്പാകെ എത്തി. സിദ്ദീഖ് കാപ്പനെന്ന മാധ്യമപ്രവർത്തകൻ മുതൽ ഐഷ സുൽത്താനയെന്ന ചലച്ചിത്രതാരം വരെ ഇതിന്റെ ഇരകളായി തീർന്നതെങ്ങനെയന്നാണ് ചോദ്യം.

ഭരണകൂടത്തെ വിമർശിക്കുന്നവരുടെ വായ് വളരെ എളുപ്പത്തില് അടപ്പിക്കാവുന്ന ഒന്നാണ് 124 എ എന്നത് സംശയമില്ല. 1870ലാണ് രാജ്യദ്രോഹക്കുറ്റം നിയമഭേദഗതിയിലൂടെ ഇന്ത്യന് ശിക്ഷാ നിയമത്തിൽ കൂട്ടിച്ചേർക്കുന്നത്. കൊളോണിയൻ നിയമമായെത്തിയ രാജ്യദ്രോഹക്കുറ്റം ഇന്നും നിലനിൽക്കുന്നതിന്റെ പ്രസക്തിയും ചർച്ച ചെയ്യപ്പെടുന്നുണ്ട്.

1891ലാണ് രാജ്യദ്രേഹ കേസ് ആദ്യമായി ബംഗോബസി എന്ന പത്രത്തിന്റെ എഡിറ്റർക്കെതിരെ ചുമത്തപ്പെട്ടത്. രാജ്യദ്രോഹത്തിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചാൽ ജീവപര്യന്തം തടവ് വരെ ലഭിക്കും. 1961ൽ പഞ്ചാബ് ഹൈക്കോടതിയും പിന്നീട് അലഹബാദ് ഹൈക്കോടതിയും രാജ്യദ്രോഹ കുറ്റത്തിനെതിരെ പ്രതികരിച്ചു. എന്നാല് 1962ൽ കേദാർനാഥ് സിംഗ് കേസിൽ സുപ്രിം കോടതി തന്നെ രാജ്യദ്രോഹ കുറ്റത്തിന്റെ ഭരണഘടനാ സാധുത ഉറപ്പിച്ചു. ഇതോടെ പിന്നീടങ്ങോട്ട് നിരവധിപേർ ചോദ്യം ചെയ്യപ്പെടാത്ത രീതിയിൽ ഇതിന്റെ ഇരകളായി. ഭരണകൂടത്തെ വിമർശിക്കുകയോ മറ്റോ ചെയ്തതുകൊണ്ട് മാത്രം രാജ്യദ്രോഹക്കുറ്റമാകില്ല. മറിച്ച് ക്രമസമാധാന ലംഘനമുണ്ടായാൽ മാത്രമേ രാജ്യദ്രോഹക്കുറ്റം ചുമത്താനാകൂ എന്ന് സുപ്രിം കോടതി പറഞ്ഞിരുന്നു.

രാജ്യദ്രോഹക്കുറ്റം അഭിപ്രായ സ്വാതന്ത്യത്തിന് മേലുള്ള നിയന്ത്രണമല്ലെന്നും പരമോന്നത നീതി പീഠം ആവർത്തിച്ചിരുന്നു. എന്നാൽ മാധ്യമപ്രവർത്തകനായ ശശികുമാർ തന്നെ ഉന്നയിച്ചിരിക്കുന്നത് രാജ്യദ്രേഹക്കുറ്റം ചുമത്തപെട്ടുകഴിഞ്ഞാൽ പ്രതിസ്ഥാനത്തു വരുന്നയാളുടെ ദുരിതത്തെ കുറിച്ചാണ്.

ദീർഘ നാളായി വിചാരണ പോലുമില്ലാതെ ജയിലിൽ കഴിയേണ്ട സാഹചര്യം. തുടർച്ചയായുള്ള ജാമ്യം നിഷേധിക്കലൊക്കെ ഇതിന്റെ ബാക്കി പത്രമാണ്. ക്രമസമാധാന ലംഘനത്തിന് മുതിർന്നില്ലയെന്ന് കോടതിയിൽ തെളിയിക്കുമ്പോഴേക്ക് ഒരുപക്ഷെ അയാളുടെ ജീവിതത്തിന്റെ നല്ല ഭാഗം തീർന്നിട്ടുണ്ടാകും. ഭരണകൂടത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായി ചലിക്കുന്നവരെ തുറങ്കലിലടക്കാന് ഏറ്റവും എളുപ്പമായ മാര്ഗമായി 124 എ മാറിയിരിക്കുന്നു.

പൗരന് ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിന്റെ പുറത്തുള്ള സംസാരങ്ങൾ പോലും രാജ്യദ്രോഹമായി ചിത്രീകരിക്കുന്നതാണ് സമകാലിക സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്. ജനാധിപത്യ പ്രക്ഷോഭങ്ങളെ പോലും രാജ്യദ്രോഹത്തിന്റെ പരിധിയിലെത്തിക്കാൻ ഭരണകൂടങ്ങൾക്ക് സാധിച്ചിരിക്കുന്നു. ആന്ധ്രാപ്രദേശിലെ വിമത എംപി രഘുരാമകൃഷ്ണ രാജുവിന്റെ വിവാദ പ്രസ്താവനകൾ സംപ്രേക്ഷണം ചെയ്ത ടി വി ഫൈവ് ന്യൂസ്, എ ബി എൻ ആന്ധ്രാ ജ്യോതി എന്നീ ചാനലുകൾക്കെതിരെ ആന്ധ്രാപ്രദേശ് പോലീസ് ചുമത്തിയ രാജ്യദ്രോഹക്കുറ്റത്തിനെതിരെ പോസിറ്റീവായ നിലപാടാണ് സുപ്രിം കോടതിയെടുത്തത്. അതും പ്രതീക്ഷ നൽകുന്നതാണ്.



TAGS :

Next Story