Quantcast

ട്രംപിന്റെ പതനം, അഫ്ഗാനിൽ താലിബാൻ, പടിഞ്ഞാറിൽ ഇടതുതരംഗം; 2021ന്റെ ലോകരാഷ്ട്രീയം

ഡൊണാൾഡ് ട്രംപ് നേതൃത്വം നൽകിയ വംശവെറിയുടെ പോപുലിസ്റ്റ് രാഷ്ട്രീയത്തിന് അന്ത്യംകുറിച്ച് അമേരിക്കയിൽ ജോ ബൈഡനും കമലാ ഹാരിസുമാണ് പ്രതീക്ഷകൾക്ക് തുടക്കമിട്ടത്. ജർമനിയിലും ചിലിയിലും ഇടത്, സോഷ്യലിസ്റ്റ് കക്ഷികളുടെ വിജയത്തിലൂടെ വർഷാന്ത്യവും ശുഭകരമായി

MediaOne Logo

മുഹമ്മദ് ശഹീര്‍

  • Updated:

    2022-01-01 16:56:39.0

Published:

1 Jan 2022 4:43 PM GMT

ട്രംപിന്റെ പതനം, അഫ്ഗാനിൽ താലിബാൻ, പടിഞ്ഞാറിൽ ഇടതുതരംഗം; 2021ന്റെ ലോകരാഷ്ട്രീയം
X

ലോകരാഷ്ട്രീയത്തിൽ ജനാധിപത്യ സമൂഹത്തിന് പുതിയ പ്രതീക്ഷകൾ പകർന്നുകൊണ്ടായിരുന്നു 2021ന്റെ തുടക്കം. ഡൊണാൾഡ് ട്രംപ് നേതൃത്വം നൽകിയ വംശവെറിയുടെ പോപുലിസ്റ്റ് രാഷ്ട്രീയത്തിന് അന്ത്യംകുറിച്ച് അമേരിക്കയിൽ ജോ ബൈഡനും കമലാ ഹാരിസുമാണ് ആ പ്രതീക്ഷകൾക്ക് തുടക്കമിട്ടത്. ജർമനിയിലും ചിലിയിലും ഇടത്, സോഷ്യലിസ്റ്റ് കക്ഷികളുടെ വിജയത്തിലൂടെ വർഷാന്ത്യവും ശുഭകരമായി. ഇതിനിടയിൽ, മ്യാന്മറിൽ ആങ് സാൻ സൂക്കിയെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കുകയും ഇസ്രായേലിൽ ബെഞ്ചമിൻ നെതന്യാഹു യുഗത്തിന് അന്ത്യം കുറിച്ച് നഫ്താലി ബെന്നറ്റ് അധികാരം പിടിക്കുകയും ചെയ്തു. ഫലസ്തീനിൽ ഒരിക്കല്‍കൂടി ദിവസങ്ങൾ നീണ്ടുനിന്ന ഇസ്രായേൽ നരനായാട്ടുണ്ടായി. അഫ്ഗാനിൽ രണ്ടു പതിറ്റാണ്ടുനീണ്ട അധിനിവേശത്തിൽ തോൽവി സമ്മതിച്ച് യുഎസ് സഖ്യസേന സമ്പൂർണമായി പിന്മാറിയതും താലിബാൻ ഭരണം പിടിച്ചതും തന്നെയാകും ഈ വർഷത്തെ ഏറ്റവും സംഭവബഹുലമായ രാഷ്ടീയ നടപടി.

മൂക്കുകുത്തി ട്രംപ്; യുഎസിൽ ഡെമോക്രാറ്റുകളുടെ തിരിച്ചുവരവ്

ലോകരാഷ്ട്രീയത്തിൽ തീവ്രവലതുപക്ഷ പോപുലിസ്റ്റ് രാഷ്ട്രീയത്തിന് മേൽക്കൈ നേടിക്കൊടുത്ത ഡൊണാൾഡ് ട്രംപിനെ ജോ ബൈഡന്റെ നേതൃത്വത്തിൽ ഡെമോക്രാറ്റുകൾ തറപറ്റിച്ചത് കഴിഞ്ഞ വർഷം അവസാനത്തിലായിരുന്നു. 2020 നവംബർ മൂന്നിന് വന്ന ഫലം ലോക തെരഞ്ഞെടുപ്പ് പണ്ഡിറ്റുകളെയെല്ലാം ഞെട്ടിപ്പിക്കുന്നതായിരുന്നു. കടുത്ത പോരാട്ടം നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയക്കൊടി പാറിച്ചു; ആകെ പോൾ ചെയ്ത വോട്ടിന്റെ 51.3 ശതമാനം സ്വന്തമാക്കി.


തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ ട്രംപ് കൂട്ടാക്കിയില്ല. ട്രംപ് അനുയായികൾ കലാപവുമായി യുഎസ് നഗരങ്ങൾ കൈയേറി. തെരഞ്ഞെടുപ്പിലും വോട്ടെണ്ണലിലും കൃത്രിമം ആരോപിച്ചു. തുടർന്ന് പലയിടങ്ങളിലും വോട്ടെണ്ണൽ മാറ്റിനടത്തിയിട്ടും വിജയം ബൈഡനൊപ്പം. ഒടുവിൽ 2021 വർഷം ജനുവരി ആറിന് വാഷിങ്ടനിലെ ക്യാപിറ്റൾ ട്രംപ് അനുകൂലികൾ ആക്രമിച്ചു. അഞ്ചുപേരുടെ മരണത്തിൽ കലാശിച്ച സംഭവം ലോകത്തെ ഞെട്ടിച്ചു.

ഒടുവിൽ എല്ലാ നാടകീയതകൾക്കും അന്ത്യംകുറിച്ച് ജനുവരി 20ന് ജോ ബൈഡൽ അമേരിക്കയുടെ 46ാമത് പ്രസിഡന്റായും കമലാ ഹാരിസ് പ്രഥമ വനിതാ വൈസ് പ്രസിഡന്റായും അധികാരമേറ്റു.

സൂക്കി ജയിലിലേക്ക്

മ്യാന്മറിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരമേൽക്കുന്നതിനു തൊട്ടുതലേദിവസം, 2021 ഫെബ്രുവരി ഒന്നിന്, സൈന്യത്തിന്റെ നേതൃത്വത്തിൽ ഭരണാട്ടിമറി നടന്നു. ഭരണകക്ഷിയായ നാഷനൽ ലീഗ് ഫോർ ഡെമോക്രാസിയില്‍നിന്ന് സൈന്യം അധികാരം പിടിച്ചെടുത്തു. ആക്ടിങ് പ്രസിഡന്റായിരുന്ന യിന്ത് സ്വേ ഒരു വർഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഭരണം സൈനിക തലവൻ മിൻ ആൻ ലെയിങ്ങിനു കൈമാറുകയും ചെയ്തു.

2020 നവംബറിൽ നടന്ന തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി. പിന്നാലെ പ്രസിഡന്റായിരുന്ന വിൻ യിന്തും മ്യാന്മർ നേതാവ് ആങ് സാൻ സൂക്കിയെയും ജയിലിലടച്ചു. ഡിസംബർ ആറിന് സൂക്കിക്കെതിരെ നാല് വർഷത്തെ ജയിൽശിക്ഷ വിധിക്കപ്പെട്ടു.

വീണ്ടും ഇസ്രായേൽ നരനായാട്ട്

ജറൂസലമിനടുത്തുള്ള ശൈഖ് ജർറാ മേഖലയിൽ ജൂതകുടിയേറ്റ നീക്കത്തില്‍നിന്നായിരുന്നു ഇത്തവണ ഫലസ്തീനിലെ ഇസ്രായേല്‍ നരഹത്യയുടെ തുടക്കം. ഏപ്രിലോടെ ഫലസ്തീനികളെ ശൈഖ് ജർറായില്‍നിന്ന് കുടിയൊഴിപ്പിക്കാന്‍ ഭരണകൂടം നടപടി തുടങ്ങി. ഇത് പ്രദേശത്തും ഫലസ്തീന്റെ മറ്റു ഭാഗങ്ങളിലും വലിയ പ്രതിഷേധം വിളിച്ചുവരുത്തി.

മെയ് ആറിന് ഫലസ്തീൻ പ്രതിഷേധങ്ങൾക്കുനേരെ ഇസ്രായേൽ വെടിവയ്പ്പുണ്ടായി. രണ്ടു ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഏഴിന് റമദാനിലെ അവസാന വെള്ളിയാഴ്ച അൽഅഖ്‌സ പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയ വിശ്വാസികൾക്കുനേരെയും ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണമുണ്ടായി. ഇതോടെ ഫലസ്തീന്റെ ഭാഗത്തുനിന്ന് ഇസ്രായേലിനുനേരെയും പ്രത്യാക്രമണമുണ്ടായി. ഗസ്സയിൽനിന്ന് ഇസ്രായേലിലേക്ക് ഹമാസ് സേന ശക്തമായ റോക്കറ്റാക്രമണവും ഷെല്ലാക്രമണവും നടത്തി. ഇതിന് ഇസ്രായേലിന്റെ മാരകമായ തിരിച്ചടിയുമുണ്ടായി.


മൂന്ന് ആഴ്ചയോളം നീണ്ട സംഘർഷത്തിനൊടുവിൽ ഈജിപ്തിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഇസ്രായേലും ഹമാസും വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇസ്രായേൽ ആക്രമണത്തിൽ 212 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിനുപേർക്ക് പരിക്കേറ്റു. ഗസ്സ മുനമ്പിലെ ഒരേയൊരു കോവിഡ് പരിശോധനാകേന്ദ്രമടക്കം ആരോഗ്യസ്ഥാപനങ്ങളെല്ലാം ഇസ്രായേൽ ആക്രമണത്തിൽ തകർന്നു. അല്‍ജസീറ, അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റഡ് പ്രസ് അടക്കമുള്ള മാധ്യമങ്ങളുടെ ഒാഫീസുകള്‍ അടങ്ങിയ ഗസ്സ ടവര്‍ ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തു. ഹമാസിന്റെ തിരിച്ചടിയിൽ 13 ഇസ്രായേലികളും കൊല്ലപ്പെട്ടു. റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരില്‍ ഇടുക്കി സ്വദേശിനി സൗമ്യയും ഉള്‍പ്പെടും.

യുഎസ് പിന്മാറ്റം; അഫ്ഗാൻ കീഴടക്കി താലിബാൻ

തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ നൽകിയ വാഗ്ദാനം പൂർത്തിയാക്കി ഓഗസ്റ്റ് 30ന് അവസാനത്തെ യുഎസ് സൈനികനും അഫ്ഗാൻ വിട്ടു. രണ്ടു പതിറ്റാണ്ടുനീണ്ട യുഎസ് അധിനിവേശത്തിനൊടുവിലായിരുന്നു അമേരിക്കയുടെ തോറ്റുമടക്കം.

അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന പിന്മാറ്റത്തിനൊരുങ്ങുന്നതിനിടെ അഫ്ഗാനിസ്താന്റെ ഓരോ പ്രവിശ്യകളും പതുക്കെ വരുതിയിലാക്കുകയായിരുന്നു താലിബാൻ. ഓഗസ്റ്റ് ആറിന് ജൗസാൻ പ്രവിശ്യയുടെ നിയന്ത്രണം പിടിച്ചടക്കിയായിരുന്നു തുടക്കം. ഇതേദിവസം തന്നെ നിംറോസ് പ്രവിശ്യാ തലസ്ഥാനവും നിയന്ത്രണത്തിലാക്കി. തൊട്ടടുത്ത ദിവസങ്ങളിൽ മറ്റു പ്രവിശ്യകളും ഓരോന്നായി താലിബാനു കീഴിലായി.


ഓഗസ്റ്റ് 12ന് ഗസ്നിയും കാണ്ഡഹാറും കൂടി കാര്യമായ എതിർപ്പുകളില്ലാതെ പിടിച്ചടക്കിയതോടെ അഫ്ഗാൻ ഏറെക്കുറെ താലിബാന്റെ വരുതിയിലായിരുന്നു. രാജ്യതലസ്ഥാനമായ കാബൂൾ കീഴടക്കുക മാത്രമായിരുന്നു സംഘത്തിനുമുന്നിലുള്ള ഒരേയൊരു വെല്ലുവിളി. 15ന് കാബൂളിന്റെ പ്രാന്തപ്രദേശങ്ങളിൽ താലിബാൻ സൈന്യം പ്രവേശിച്ചു. നാലുഭാഗത്തുനിന്നും താലിബാൻ സൈന്യം നഗരം ലക്ഷ്യമാക്കി ഇരച്ചുകയറാനുള്ള നീക്കമാരംഭിച്ചതോടെ പ്രസിഡന്റ് അഷ്റഫ് ഗനി അധികാരമൊഴിയാന്‍ തയാറാണെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിന്നാലെ ഗനി രാജ്യംവിട്ടു. താലിബാന്‍ സൈന്യം കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചടക്കി. സെപ്റ്റംബറിൽ ഹസൻ അഖുന്ദ് പ്രധാനമന്ത്രിയായി താലിബാൻ ഇടക്കാല സർക്കാർ രൂപീകരിച്ചു.

മെർക്കൽ യുഗത്തിന് അന്ത്യം; അധികാരം പിടിച്ച് ഷോൾസ്

ജർമനിയിൽ 16 വർഷം നീണ്ട ആംഗെല മെർക്കൽ യുഗത്തിന് അന്ത്യംകുറിച്ചു. സെപ്റ്റംബറിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ മെർക്കലിന്റെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പാർട്ടി-ക്രിസ്റ്റ്യൻ സോഷ്യൽ യൂനിയൻ സഖ്യത്തിന് 196 സീറ്റാണ് നേടാനായത്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണം പിടിക്കാൻ അതു മതിയായിരുന്നില്ല. തുടർന്നാണ് ഒലാഫ് ഷോൾസിന്റെ നേതൃത്വത്തിൽ മധ്യഇടതുപക്ഷ കക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി പരിസ്ഥിതിവാദികളായ ഗ്രീൻ പാർട്ടിയുമായും നവ ഉദാരവാദികളായ ഫ്രീ ഡെമോക്രാറ്റിക് പാർട്ടിയുമായും ചേർന്ന് സർക്കാർ രൂപീകരിച്ചത്. ഡിസംബർ ഏഴിന് ഷോൾസ് പുതിയ ചാൻസലറായി അധികാരമേറ്റു.

രണ്ടുപതിറ്റാണ്ടിനുശേഷമാണ് ഇടത് ആഭിമുഖ്യമുള്ള ഒരു മുന്നണി ജർമനിയിൽ അധികാരം പിടിക്കുന്നത്. സ്വയം ഫെമിനിസ്റ്റെന്നു വിശേഷിപ്പിക്കുന്നയാളാണ് ഷൂൾസ്. രാജ്യത്തെ ആദ്യ ലിംഗസമത്വ മന്ത്രിസഭയായിരിക്കും അധികാരത്തിലേറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.


ചിലിയിൽ വീണ്ടും ചുവപ്പുവസന്തം

48 വർഷങ്ങൾക്കുശേഷം ചിലിയിൽ ഇടതുപക്ഷം അധികാരത്തിലേക്ക് തിരിച്ചെത്തി. ഡിസംബർ 19ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 35കാരനായ ഗബ്രിയേൽ ബോറിച്ചിനായിരുന്നു വിജയം. തീവ്ര വലതുപക്ഷ നേതാവായ ഹൊസെ അന്റോണിയോ കാസ്റ്റിനെ പരാജയപ്പെടുത്തിയാണ് ബോറിച്ച് അധികാരം പിടിച്ചത്.

മുൻ വിദ്യാർഥി നേതാവ് കൂടിയായ ഗബ്രിയേൽ ബോറിച്ച് സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ മുൻനിരയിലുണ്ടായിരുന്നയാളാണ്. പത്തുവർഷം മുൻപ്, ചിലിയിൽ വിദ്യാഭ്യാസ മേഖല സ്വകാര്യവൽക്കരിച്ചതിനെതിരെ രാജ്യതലസ്ഥാനത്ത് വൻപ്രക്ഷോഭത്തിനു നേതൃത്വം നൽകിയിരുന്നു ബോറിച്ച്. വിദ്യാർഥികളുടെ കടം എഴുതിത്തള്ളൽ, അതിസമ്പന്നർക്കുള്ള നികുതി വർധിപ്പിക്കൽ, പൊതുജനാരോഗ്യ സംവിധാനം മെച്ചപ്പെടുത്തൽ തുടങ്ങിയവയായിരുന്നു ബോറിച്ചിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.

TAGS :

Next Story